വാരണാസി: ഭാരത് മാതാ കീ ജയ് വിളിക്കുന്ന ഔറംഗസേബിന്റെ പിന്‍ഗാമിയെന്ന് സ്വയം അവകാശപ്പെടാത്ത മുസ്‌ലിങ്ങള്‍ക്ക് ആര്‍.എസ്.എസില്‍ അംഗത്വം എടുക്കാമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. മുസ്‌ലിങ്ങള്‍ക്ക് ശാഖയില്‍ ചേരാമോയെന്ന ഒരു പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സ്വയം ഇന്ത്യക്കാരനായി കണക്കാക്കുന്ന ഭാരത മാതാവിനോട് ബഹുമാനം പുലര്‍ത്തുന്ന ഏതൊരു വ്യക്തിയേയും ആര്‍.എസ്.എസ് ശാഖയിലേക്ക് സ്വാഗതം ചെയ്യുമെന്നും, അവിടെ ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവ് ഇല്ലെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു. നാല് ദിവസത്തെ പര്യടനത്തിനായി വാരണാസിയില്‍ എത്തിയതായിരുന്നു മോഹന്‍ ഭഗവത്.
‘ഭാരത് മാതാ കീ ജയ് വിളിക്കുന്ന, കാവി പതാകയെ ബഹുമാനിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ശാഖകളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. ആരാധനാ രീതിയുടെ അടിസ്ഥാനത്തില്‍ ആളുകള്‍ വ്യത്യസ്തരാണ്. എന്നാല്‍ സംഘത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ വിവേചനമില്ല. ഔറംഗസേബിന്റെ പിന്‍ഗാമികളാണെന്ന് കരുതുന്നവര്‍ ഒഴികെ എല്ലാ ഇന്ത്യക്കാര്‍ക്കും ശാഖകളിലേക്ക് സ്വാഗതം. ആരാധനാ രീതികള്‍ വ്യത്യസ്തമാണ്, പക്ഷേ സംസ്‌കാരം ഒന്നാണ്,’ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലി കലാപമുണ്ടായ സാഹചര്യത്തിലാണ് മോഹന്‍ ഭഗവത്തിന്റെ പരാമര്‍ശം. ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും രംഗത്തെത്തിയിരുന്നു. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്‍ മറ്റൊരു ബാബറി മസ്ജിദ് ആവര്‍ത്തിക്കുമെന്നായിരുന്നു അവരുടെ ഭീഷണി.
പതിനാലാം നൂറ്റാണ്ടിലെ ചിഷ്തി സന്യാസിയായ ഷെയ്ഖ് സൈനുദ്ദീന്റെ ദര്‍ഗയുടെ സമുച്ചയത്തിനുള്ളിലാണ് ഔറംഗസേബിന്റെ ശവകുടീരം. ഔറംഗസേബിന്റെ മക്കളില്‍ ഒരാളായ ഹൈദരാബാദിലെ ആദ്യ നിസാം ആസാഫ് ജാ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകന്‍ നാസിര്‍ ജങ്ങിന്റെയും ശവകുടീരങ്ങള്‍ സമീപത്തുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ തന്നെ ശവകുടീരം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കുമെന്നും ആവശ്യമെങ്കില്‍ റോഡുകള്‍ ഉപരോധിക്കുമെന്നും കര്‍സേവയിലൂടെ ശവകുടീരം പൊളിച്ചുമാറ്റുമെന്നും തീവ്ര ഹിന്ദുത്വ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നാഗ്പൂരില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
Content Highlight: Muslims who chant Bharat Mata Ki Jai and do not claim to be descendants of Aurangzeb can join RSS: Mohan Bhagwat