ന്യൂദല്‍ഹി: സംഘര്‍ഷമൊഴിവാക്കാനായി ഗുരുദ്വാരകളില്‍ നിസ്‌കരിക്കാനുള്ള വാഗ്ദാനം നിരസിച്ച് മുസ്‌ലിം സമുദായങ്ങള്‍. മില്ലേനിയം സിറ്റിയിലെ ഗുരുദ്വാരകളിലൊന്നില്‍ പോലും വെള്ളിയാഴ്ച നിസ്‌കാരത്തിനായി വിശ്വാസികള്‍ എത്തിയിരുന്നില്ല.
ഗുരുപൂര്‍ണ്ണിമ ആഘോഷങ്ങള്‍ നടക്കുന്നതിനാലും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകാരുടെ ഭീഷണി നിലനില്‍ക്കുന്നതിനാലും മുസ്‌ലിങ്ങള്‍ നിസ്‌കരിക്കാനായി എത്തിയില്ലെന്ന് ഗുരുദ്വാര കമ്മിറ്റി അറിയിച്ചു.
ഗുരുദ്വാരകളിലെ നിസ്‌കാരം സംബന്ധിച്ച് അടുത്ത ആഴ്ച അന്തിമ തീരുമാനമെടുക്കുമെന്നും കമ്മിറ്റി അറിയിച്ചു. ഗുരുദ്വാരകളില്‍ നിസ്‌കാരം നിര്‍വഹിക്കുന്നതില്‍ തെറ്റില്ലെന്ന് കമ്മിറ്റി അംഗം ദയ സിംഗ് എ.എന്‍.ഐയോട് പറഞ്ഞു.
‘കന്‍വാര്‍ യാത്രയടക്കമുള്ള ആചാരങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നടക്കുമ്പോള്‍ നിസ്‌കാരത്തിന് മാത്രം എന്തിനാണ് പ്രശ്‌നമുണ്ടാക്കുന്നത്. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ സാഹോദര്യത്തിന്റെ സന്ദേശമാണ് മുസ്‌ലിങ്ങള്‍ നല്‍കിയത്,’ ദയ സിംഗ് പറഞ്ഞു.
നേരത്തെ തീവ്ര ഹിന്ദുത്വപ്രവര്‍ത്തകര്‍ ഹരിയാനയിലെ വിവിധയിടങ്ങളില്‍ നിസ്‌കാരം തടസപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിസ്‌കാരത്തിനായി ഗുരുദ്വാരകള്‍ തുറന്നുകൊടുക്കാന്‍ സിഖ് വിശ്വാസികള്‍ തീരുമാനിച്ചത്.
ഗുഡ്ഗാവിലെ നാട്ടുകാരും മുസ്‌ലിങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ സ്ഥലം ഒരുക്കിക്കൊടുത്ത് രംഗത്തുവന്നിട്ടുണ്ട്.
ഹരിയാനയിലെ ഗുഡ്ഗാവില്‍ നിസ്‌കാരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ മുസ്‌ലിങ്ങള്‍ക്ക് നിസ്‌കരിക്കാനായി ഹിന്ദു യുവാവ് സ്വന്തം കടമുറി വിട്ടുനല്‍കിയിരുന്നു.
അധികൃതര്‍ അനുവദിച്ചു നല്‍കിയ ഇടങ്ങളില്‍ ജുമുഅ നടത്തുന്നതിനെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ വിലക്കിയതോടെയാണ് മുസ്‌ലിം വിശ്വാസികളുടെ പ്രാര്‍ത്ഥന തടസപ്പെട്ടത്. നിസ്‌കാരത്തിനുള്ള ഇടങ്ങളില്‍ ചാണകം നിരത്തിയും ഗോവര്‍ധന പൂജയും നടത്തിയും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജുമുഅ തടസപ്പെടുത്തിയിരുന്നു.
തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഇവിടെ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍, ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ച് നിസ്‌കാരം തടസപ്പെടുത്തുകയായിരുന്നു.
Content Highlight: Muslims Themselves Refused, Final Decision On Namaz Next Week: Gurgaon Gurdwara