ലഖ്‌നൗ: യു.പിയിലെ മുസ്‌ലീങ്ങളെ ലക്ഷ്യംവെച്ചുള്ള ബി.ജെ.പി എം.എല്‍.എയുടെ ഫോണ്‍സംഭാഷണം വിവാദമാകുന്നു. ഇലക്ട്രിസിറ്റി എഞ്ചിനീയറുമായി എം.എല്‍.എ നടത്തിയ ഫോണ്‍സംഭാഷണമാണ് പുറത്തായത്.
വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് നിങ്ങള്‍ മുസ്‌ലീങ്ങള്‍ക്കെതിരെ കേസ് എടുക്കാത്തത് എന്നായിരുന്നു കൗഷാംബി ജില്ലയിലെ എം.എല്‍.എയായ സഞ്ജയ് ഗുപ്തയുടെ ചോദ്യം.
എത്ര മുസ്‌ലീങ്ങള്‍ക്കെതിരെ നിങ്ങള്‍ നടപടിയെടുത്തെന്നും അതിന്റെ കണക്ക് എത്രയും പെട്ടെന്ന് തനിക്ക് ലഭിക്കണമെന്നും എം.എല്‍.എ പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. എം.എല്‍.എയുടെ കോള്‍ എഞ്ചിനീയര്‍ അവിനാഷ് സിങ് റെക്കോര്‍ഡ് ചെയ്യുകയും ഷെയര്‍ ചെയ്യുകയുമായിരുന്നു.
Dont Miss മെഹ്ബൂബ മുഫ്തി രാജിവെച്ചെന്ന് റിപ്പോര്‍ട്ട്; കശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത
“” ഏപ്രില്‍ 1 മുതല്‍ എത്ര മുസ്‌ലീങ്ങള്‍ക്കെതിരെ കേസ് എടുത്തു എന്നതിന്റെ കണക്ക് എനിക്ക് തരണം. അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ സ്ഥലംമാറ്റിക്കും. നിങ്ങള്‍ യു.പിയില്‍ എവിടെ ആയാലും ഞാന്‍ നിങ്ങള്‍ക്കെതിരെ അന്വേഷണം നടത്തിയിരിക്കും. ഏതെങ്കിലും ഒരു മുസ്‌ലീം ഗ്രാമത്തിലേക്ക് പോകുക, എന്നിട്ട് അവിടെ എത്ര വൈദ്യുതി മോഷണം നടന്നുവെന്ന് നോക്കണം””- രോഷാകുലനായി എം.എല്‍.എ ഫോണില്‍ സംസാരിച്ച വാചകങ്ങള്‍ ഇങ്ങനെയായിരുന്നു.
“” നിങ്ങളും നിങ്ങളുടെ ഒരു വകുപ്പും. ഞാന്‍ ലഖ്‌നൗവിലേക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യും. ഇവിടെ ഹിന്ദുക്കള്‍ മാത്രമാണ് ഉപദ്രവിക്കപ്പെടുന്നത്. നിങ്ങള്‍ ബിസിനസുകാരേയും ഹിന്ദുക്കളേയും പ്രത്യേകതാത്പര്യത്തോടെ ഉപദ്രവിക്കുന്നുണ്ട്. അതൊന്നും ഞാന്‍ കാണുന്നില്ലെന്ന് വിചാരിക്കരുത്””- എം.എല്‍.എ പറയുന്നു.
ജൂണ്‍ 15നായിരുന്നു എം.എല്‍.എയുടെ വിവാദ ഫോണ്‍ കോള്‍. അടുത്തിടെ യു.പിയിലെ വ്യാപാരസമുച്ചയങ്ങളില്‍ ഇലക്ട്രിസിറ്റി ഡിപാര്‍ട്‌മെന്റ് നടത്തിയ റെയ്ഡില്‍ നിരവധി വ്യാപാര പ്രമുഖര്‍ കുടുങ്ങിയിരുന്നു. ഏഴ് എഫ്.ഐ.ആര്‍ ആണ് കേസില്‍ രജിസ്റ്റര്‍ ചെയ്തത്.
Also Read ത്രിപുരയില്‍ വീണ്ടും ബി.ജെ.പി അക്രമം: സി.പി.ഐ.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു
ഫോണ്‍ കോള്‍ വൈറലായതോടെ അത് തന്റെ സംഭാഷണം തന്നെയാണെന്ന് സ്ഥിരീകരിച്ച് എം.എല്‍.എ ഗുപ്ത രംഗത്തെത്തി. എന്നാല്‍ തനിക്ക് ലഭിച്ച പരാതികളുടേയും സത്യസന്ധമായ കണക്കുകളുടേയും അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.
നിങ്ങള്‍ ഹിന്ദുക്കളുടെ വീടുകളില്‍ മാത്രമേ പോകുന്നുള്ളൂവെന്നും എന്തുകൊണ്ട് മുസ്‌ലീം വീടുകള്‍ ഒഴിവാക്കുന്നു എന്നാണ് താന്‍ ചോദ്യത്തിലൂടെ ഉദ്ദേശിച്ചത് എന്നായിരുന്നു ഇയാളുടെ വാദം.