| Tuesday, 24th April 2018, 5:34 pm

ചൈനയില്‍ മുസ്ലിങ്ങള്‍ക്ക് എന്ത് കാര്യം അഥവാ ചൈനയിലെ ചേരമാന്‍ മസ്ജിദും മിഠായി തെരുവും

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

ചൈനയില്‍ 1400 വര്‍ഷങ്ങളോളം ആയി മുസ്ലിങ്ങള്‍ ഉണ്ട് എന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു. ഷിങ്ങ്ജിയാങ് പ്രവിശ്യയില്‍ ഉയിഗുര്‍ മുസ്ലിങ്ങളെ കുറിച്ച് കഴിഞ്ഞ തവണത്തെ നോമ്പ് കാലത്ത് ഒരു വാര്‍ത്ത വായിച്ചത് മാത്രം ആണ് എനിക്കാകെ ഉണ്ടായിരുന്ന അറിവ്. ഒരു പ്രധാന ന്യൂനപക്ഷ വിഭാഗം ആയി 2 കോടിയോളം മുസ്ലിങ്ങള്‍ ചൈനയില്‍ ഉണ്ട്.

എങ്ങിനെ ഇല്ലാതിരിക്കും, ചൈനയില്‍ നിന്ന് ആരംഭിച്ച സില്‍ക്ക് റോഡ് അറേബ്യന്‍ രാജ്യങ്ങള്‍ കടന്ന് ആണല്ലോ യൂറോപ്പിലേക്ക് പോയത്. അറബികള്‍ ആയിരുന്നു പ്രധാന കച്ചവടക്കാര്‍. അവരില്‍ ചിലരെങ്കിലും ചൈനയില്‍ വന്ന് സ്ഥിരതാമസം ആക്കുകയും തങ്ങളുടെ മതം അവിടെ തുടങ്ങുകയും ചെയ്തിട്ടുണ്ടാവുക സ്വാഭാവികം മാത്രം.

സില്‍ക്ക് റോഡ് തുടങ്ങുന്നത് ചൈനയിലെ ഷിയാന്‍ എന്ന പ്രവിശ്യയില്‍ ആണ്. കാരണം പണ്ടത്തെ ചൈനയുടെ തലസ്ഥാനമായിരുന്നു ഷിയാന്‍. ചൈനയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളി ഇവിടെയാണ്. ഏഴാം നൂറ്റാണ്ടില്‍ താങ്ങ് രാജവംശത്തിന്റെ കാലത്ത് പണി കഴിപ്പിച്ച ഈ പള്ളി കാണാന്‍ ഉള്ള ഭാഗ്യം ഞങ്ങളുടെ ചൈന യാത്രയില്‍ ഉണ്ടായി. അറേബ്യയില്‍ നിന്ന് കച്ചവടത്തിനായി വന്ന് തദ്ദേശീയരായ ചൈനീസ് സ്ത്രീകളെ വിവാഹം കഴിച്ച് ഇവിടെ തന്നെ കൂടിയ ആളുകളുടെ പിന്‍ഗാമികള്‍ ആണ് ഷിയാനിലെ മുസ്ലിങ്ങള്‍. മറ്റു ചൈനീസ് വംശജരും ആയി ഉയരത്തിലും മറ്റും കുറച്ച് വ്യത്യസം ഇവരില്‍ കാണാന്‍ കഴിയും.

ഒരു സംസ്‌കാരം വേറൊരു സംസ്‌കാരവും ആയി കൂടിച്ചേരുമ്പോള്‍ ആദ്യം അത് സ്വാധീനിക്കുന്നത് ഭക്ഷണത്തെയും വാസ്തു വിദ്യയേയും ഭാഷയെയും ആണ്. പക്ഷെ വാസ്തുവിദ്യയില്‍ ഈ സ്വാധീനം തുടങ്ങുന്നതിന് മുന്‍പുള്ള ആദ്യത്തെ കെട്ടിടങ്ങള്‍ തദ്ദേശ വസ്തുവിദ്യയില്‍ ആയിരിക്കും. ഷിയാനിലെ മുസ്ലിം പള്ളി കണ്ടപ്പോള്‍ എനിക്ക് പഴയ കൊടുങ്ങലൂര്‍ ചേരമാന്‍ പെരുമാള്‍ ജുമാ മസ്ജിദ് ഓര്‍മ്മ വന്നതും അത് കൊണ്ടാണ്. ഒരു കേരള ക്ഷേത്രം പോലെ തോന്നിച്ചിരുന്ന പഴയ ചേരമാന്‍ മസ്ജിദിനുള്ളില്‍ ഒരു നിലവിളക്കും ഉണ്ടായിരുന്നു. മതവും വാസ്തുവിദ്യയും പ്രാദേശിക സംസ്‌കാരത്തെ സ്വാധീനിക്കുന്നതിന് മുന്‍പുള്ള കാര്യം. മട്ടാഞ്ചേരിയിലെ ചെന്പിട്ട പള്ളിയും ഇത് പോലെ പഴയ കേരളം ക്ഷേത്ര മാതൃകയില്‍ ഉണ്ടാക്കിയത് ആണ്. അത് ഇപ്പോഴും അങ്ങിനെ നിലനിര്‍ത്തിയിട്ടുണ്ട് എന്നാണ് എന്റെ അറിവ്.

ഷിയാനിലെ പള്ളി ചൈനീസ് മാതൃകയില്‍ ഉള്ള ഒരു കെട്ടിടം ആണ്. മിനാരങ്ങള്‍ ഇല്ല, പകരം കോണുകള്‍ മുകളിലേക്ക് കൂര്‍പ്പിച്ചു നില്‍ക്കുന്ന ചൈനീസ് വീടുകളുടെ മാതൃക. അറബിയിലും ചൈനീസിലും കാലിഗ്രാഫി ചെയ്തിരിക്കുന്ന മതിലുകള്‍. ചൈനീസ് കാലിഗ്രഫി കണ്ടപ്പോള്‍ ചെന്പിട്ട പള്ളിയില്‍ ഉള്ള അറബി മലയാളത്തെ കുറിച്ചും, പഴയ തമിഴ് സ്‌ക്രിപ്റ്റ് പോലെ ഉള്ള ഒരു എഴുത്തിനെ കുറിച്ചും എന്റെ സുഹൃത്ത് തൗഫീഖ് സക്കറിയ എഴുതിയത് ആണ് ഓര്‍മ വന്നത്. ഭാഷയും വാസ്തുവിദ്യയും മതവും കൂട്ടികുഴക്കപ്പെടുന്നതിനു മുന്‍പുള്ള നിര്‍മിതികള്‍ ആണിവ. (കേരള വാസ്തുശില്പ മാതൃകയില്‍ കേരളത്തില്‍ മുസ്ലിം / ക്രിസ്ത്യന്‍ പള്ളികള്‍ പുതുതായി പണിതു കാണണം എന്നത് എന്റെ ഒരു ആഗ്രഹം ആണ്)

അഞ്ചു ഗേറ്റുകള്‍ കടന്നു ചെന്നാണ് പള്ളിയില്‍ എത്തിച്ചേരുക. മരം കൊണ്ടുണ്ടാക്കിയ ഒരു വലിയ കെട്ടിടം. സാധാരണ ചൈനീസ് കെട്ടിടങ്ങള്‍ തെക്കു ദിശയിലേക്കു തിരിച്ചു പണിയുമ്പോള്‍, ഇത് മാത്രം മെക്കയിലേക്ക് തിരിഞ്ഞു നില്‍ക്കുന്നു. തലയില്‍ തൊപ്പി വച്ച അനേകം ചൈനീസ് മുസ്ലിങ്ങള്‍ ആ കോംപ്ലക്‌സില്‍ തന്നെ താമസിക്കുന്നുണ്ട്. കാണുന്നവരോടെല്ലാം ഞാന്‍ അസ്സലാമു അലൈക്കും പറഞ്ഞു, പൊതുവെ അധികം ഇന്ത്യാക്കാരെ നേരിട്ട് കാണാത്തവര്‍ ആണ് ചൈനക്കാര്‍, അവര്‍ക്ക് ഇന്ത്യക്കാര്‍ ഒരു കൗതുകം ആണ്, കൂട്ടത്തില്‍ അസ്സലാമു അലൈക്കും കേള്‍ക്കുമ്പോള്‍ അതിലേറെ കൗതുകം.

പ്രാര്‍ത്ഥനാലയം ആയത് കൊണ്ട് ചൈനയിലെ മറ്റു സ്ഥലങ്ങളിലേക്കാള്‍ വളരെ ശാന്ത സുന്ദരമായ ഒരു ഇടം ആണ് ഈ പള്ളി. അകത്തു കുറച്ച് പേര് മഗ്രിബ് നിസ്‌കരിക്കാന്‍ ആയി ഇരുന്നിരുന്നു. പുറത്ത് തലയില്‍ മക്കന ഇട്ട രണ്ടു സ്ത്രീകളെ കണ്ടു. സംസാരിച്ചപ്പോള്‍ അവര്‍ മലേഷ്യയില്‍ നിന്ന് ചൈന കാണാന്‍ വന്നിട്ട് ഇവിടെ നിസ്‌കരിക്കാന്‍ വന്നതാണ് എന്ന് പറഞ്ഞു.

ചൈനീസ് ഗവണ്മെന്റ് ആണ് ഈ പള്ളി ഇങ്ങിനെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്. നമ്മുടെ പഴയ ചേരമാന്‍ മസ്ജിദ് ഇങ്ങിനെ നിലനിര്‍ത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി.

വാസ്തുവിദ്യയെ പോലെ തന്നെ സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകള്‍ സ്വാധീനിക്കുന്നത് ഭക്ഷണത്തെ ആണ്. എന്റെ ഉമ്മ പറഞ്ഞു കൊടുത്ത രുചിക്കൂട്ടുകളില്‍ ഗോമതി അവള്‍ക്ക് പരിചയമുള്ള കൂട്ടുകളും മറ്റും ചേര്‍ത്ത് നടത്തുന്ന പരീക്ഷണങ്ങളില്‍ പലപ്പോഴും ഞാന്‍ കണ്ടിട്ടുള്ള കാര്യം ആണ്, സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകള്‍ രുചിയുടെ പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നത്. എന്റെ ജീവിതത്തില്‍ ഞാന്‍ കഴിച്ച ഏറ്റവും രുചിയുള്ള ഭക്ഷണക്കൂട്ടുകള്‍ എന്ന് നിസംശയം പറയാവുന്ന ഒരിടം ആണ് ഈ പള്ളിയുടെ പുറത്തുള്ള തെരുവ്. ഷിയാന്‍ മുസ്ലിം ക്വാര്‍ട്ടര്‍ എന്നാണു ഇതിന്റെ പേര്. അഞ്ഞൂറോളം ഭക്ഷണശാലകളും അതിനു ചുറ്റും ഒരു ലക്ഷം പേരും ഉള്ള ചൈനയിലെ ഒരു അണ്ഡകടാഹ മിഠായിതെരുവ്. കോഴിക്കോട് സാമൂതിരി കൊട്ടാരത്തിനു പുറത്തു ഗുജറാത്തികള്‍ക്ക് മിഠായികട നടത്താന്‍ സൗകര്യം ചെയ്തു കൊടുത്തത് പിന്നീട് ബഹുവിധ ജനവിഭാഗങ്ങളുടെ സ്വാധീനം മൂലം കേരളത്തിന്റെ തന്നെ രുചികലവറ ആയ മിഠായി തെരുവ് ആയി മാറിയെങ്കില്‍, ഇന്ത്യയില്‍ നിന്ന് അറബികള്‍ കൊണ്ട് വന്ന മസാലകളും, ചൈനക്കാരുടെ സ്വന്തം രുചികളും കൂടിച്ചേര്‍ന്ന് ഒരു രുചിയുടെ മായാജാലം ആണ് ഇവിടെ തീര്‍ക്കുന്നത്.

കാഴ്ചകളും ശബ്ദങ്ങളും റെക്കോര്‍ഡ് ചെയ്ത് വയ്ക്കാന്‍ ഉള്ള സാങ്കേതികവിദ്യകള്‍ ഉണ്ടായിട്ടും രുചിയും മണവും രേഖപ്പെടുത്തി വയ്ക്കാനുള്ള ഉപകരണങ്ങള്‍ മനുഷ്യന്‍ കണ്ടു പിടിക്കാത്തതില്‍ നിരാശ തോന്നിപ്പിക്കുന്ന ഒരിടം ആണ് ഈ തെരുവ്. ചൈനയിലെ ഷെസ്വാന്‍ പെപ്പെര്‍ എന്ന, ഒരു തരി കടിച്ചാല്‍ ഒരു പ്രത്യക എരിവ് ഗ്യാസ് പോലെ വായില്‍ നിറയുന്ന മുളകും, സുഗന്ധ വ്യഞ്ജനങ്ങളും കൂടിച്ചേര്‍ന്ന്, നമ്മുടെ രസമുകുളങ്ങളെ അതിന്റെ എല്ലാ കഴിവുകളുടെയും പരമത്യത്തില്‍ എത്തിക്കുന്ന ആയിരക്കണക്കിന് വിഭവങ്ങള്‍. എല്ലാ കടകളില്‍ നിന്നും കുറച്ച് വിഭവങ്ങള്‍ കഴിച്ചു പതുക്കെ നീങ്ങി. മൂന്ന് മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ക്ക് ഏതാണ്ട് പത്ത് കടകളില്‍ മാത്രമേ കയറാന്‍ കഴിഞ്ഞുള്ളു…

മുളങ്കമ്പില്‍ കുത്തി നല്ല എരിവും മസാലയും പുരട്ടി ചുട്ടെടുക്കുന്ന ലാംബ് കബാബ് ആണ് ഞങ്ങള്‍ ആദ്യം രുചിച്ചതു. പല സ്ഥലങ്ങളില്‍ നിന്ന് കഴിച്ചതിനേക്കാള്‍ വളരെ വ്യത്യസ്തമായ രുചി, മസാലയും എരിവും എല്ലാം കൂടി അടിപൊളി. അവിടെ നിന്ന് തന്നെ വലിയ കൂന്തള്‍ ഇത് പോലെ മുളകും മസാലയും ഇട്ടു ചുട്ടെടുത്തത് വാങ്ങി കഴിച്ചു. വളരെ നന്നായിരുന്നു. എല്ലാ കടകളിലും നല്ല തിരക്കുണ്ട്. പേരുകേട്ട കടകളുടെ മുന്‍പില്‍ കുറെ നേരം ക്യൂ നിന്ന് വേണം ഭക്ഷണം വാങ്ങാന്‍.

ഇവിടുത്തെ ഏറ്റവും പേരുകേട്ട ഐറ്റം, അറബി നാട്ടിലെ കുബ്ബൂസിന്റെ അകത്ത്, ഷെസ്വാന്‍ മുളകും, നല്ല മസാല ഇട്ടു തിളപ്പിച്ച ബീഫ് അല്ലെങ്കില്‍ ആട്ടിറച്ചിയും വച്ച് കൊടുക്കുന്ന ഒരു ഐറ്റം ആണ്. റൂജിയാമോ എന്നാണ് ഇതിന്റെ പേര് (Beef or lamb Roujiamo). പല രുചികള്‍ നാക്കിന്റെ പല ഭാഗങ്ങളെ സ്പര്‍ശിച്ചു കൊണ്ട് മനസ്സിനെ ആനന്ദത്തില്‍ ആറാടിക്കുന്ന ഇത് ഹിറ്റ് ആയില്ലെങ്കിലെ അത്ഭുതം ഉള്ളൂ.

കൈകൊണ്ട് നമ്മുടെ മുന്‍പില്‍ വച്ച് തന്നെ മാവ് കുഴച്ചു ,പരത്തി, വലിച്ച് നീട്ടി ഉണ്ടാക്കുന്ന ഹാന്‍ഡ് പുള്ളെട് നൂഡില്‍സ് ആണ് മറ്റൊരു ഇനം. സോഫ്റ്റ് ടോഫു നല്ല ഷെസ്വാന്‍ മുളകിട്ട് വറുത്തെടുത്ത മാപ്പോ ടോഫു പോലെ ഉള്ള ഒരു ഐറ്റം, പുട്ടു പോലെ ഉണ്ടാക്കി പഞ്ചസാരയില്‍ മുക്കി കഴിക്കുന്ന മറ്റൊന്ന്, ചോറില്‍ ഈന്തപഴം ഇട്ടു വേവിച്ചു കുറച്ചു മധുരത്തോടെ ഉള്ള മറ്റൊരു ഐറ്റം, മുളകിട്ട ഗ്രീന്‍ ബീന്‍ ജെല്ലി, നമ്മുടെ മുന്‍പില്‍ തന്നെ പരമ്പാഗത രീതിയില്‍ ഉണ്ടാക്കുന്ന പലതരം മധുര പലഹാരങ്ങള്‍ എന്നിങ്ങനെ പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്തത്ര രുചികള്‍ ഉള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍.

ചൈനയില്‍ പോകുന്നതിന് മുന്‍പ് ഞങ്ങളുടെ ഏറ്റവും വലിയ ആശങ്ക ഭക്ഷണത്തെ കുറിച്ചായിരുന്നു എന്ന് ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നി. പത്ത് പാക്കറ്റ് എം.ടി.ആര്‍ ഇന്ത്യന്‍ ഭക്ഷണപ്പൊതികള്‍ കൊണ്ട് പോയത് അതേപോലെ തിരിച്ചു കൊണ്ട് വന്നു. അമേരിക്കയിലും ഇന്ത്യയിലും ചൈനീസ് ഭക്ഷണം എന്ന് പറഞ്ഞു തരുന്നതും യഥാര്‍ത്ഥ ചൈനീസ് ഭക്ഷണവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നും മനസിലായി.

നമ്മള്‍ ബീഫ് എന്ന് പറഞ്ഞു കറി വയ്ക്കുമ്പോള്‍ അത് ഏതാണ്ട് 100% ബീഫും മസാലയും മാത്രം ആവുമ്പോള്‍, ചൈനയിലെ ബീഫ് വിഭവങ്ങള്‍ ഭൂരിഭാഗം കൂണ്‍, മുളപിച്ച പയര്‍ , ഇലക്കറികള്‍ തുടങ്ങിയ പച്ചക്കറികളും, കുറച്ച് ബീഫും ആണ്.

വെറും മുളകും കൂണും മാത്രം ഇട്ടു വറുത്തു കൊണ്ട് വന്ന വിഭവങ്ങള്‍ക്ക് പോലും അസാധാരണ രുചി. ആദ്യത്തെ രണ്ടു ദിവസം ചൈനയില്‍ ഞങ്ങളെ ഇന്ത്യന്‍ കടയില്‍ കൊണ്ട് പോണം എന്ന് പറഞ്ഞ പലരും ചൈനീസ് ഭക്ഷണം കഴിച്ചു തുടങ്ങിയതില്‍ പിന്നെ ചൈനീസ് റെസ്റ്റൊറന്റില്‍ പോയാല്‍ മതി എന്നായി. പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ര അത്ര സ്വാദ് ആയിരുന്നു ഞങ്ങള്‍ കഴിച്ച ഭൂരിഭാഗം വിഭവങ്ങള്‍ക്കും.

പട്ടിയും പാമ്പും കഴിക്കുന്ന സ്ഥലങ്ങളും ചൈനയില്‍ ഉണ്ട്, ഞങ്ങള്‍ പോയ ജങ്ങ്ജിയാജെ പര്‍വതം പോലെ, പക്ഷെ നാഗാലാന്‍ഡില്‍ പട്ടിയെ കഴിക്കുന്ന ആളുകള്‍ ഉണ്ടെന്നു വച്ച് ഇന്ത്യക്കാര്‍ മുഴുവന്‍ പട്ടി തീറ്റക്കാര്‍ ആണെന്ന് പറയുന്ന പോലെ ആണ് പുറംലോകം ചൈനീസ് ഭക്ഷണത്തെ കുറിച്ച് വിചാരിച്ചിരിക്കുന്നത്. ഭക്ഷണം ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണ്.

ഒരു വരവ് കൂടി വരേണ്ടി വരും എന്ന് പറഞ്ഞാണ് ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങിയത്.

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

We use cookies to give you the best possible experience. Learn more