ബംഗ്ലാദേശിൽ ഹിന്ദുക്കൾ അക്രമിക്കപ്പെട്ടാൽ ഇന്ത്യയിൽ മുസ്‌ലിങ്ങളെ ആക്രമിക്കും: തീവ്രഹിന്ദുത്വ വാദികൾ
national news
ബംഗ്ലാദേശിൽ ഹിന്ദുക്കൾ അക്രമിക്കപ്പെട്ടാൽ ഇന്ത്യയിൽ മുസ്‌ലിങ്ങളെ ആക്രമിക്കും: തീവ്രഹിന്ദുത്വ വാദികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2024, 1:48 pm

ന്യൂദൽഹി: ബംഗ്ലാദേശിൽ ഹിന്ദുകൾക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യയിലെ മുസ്‌ലിം വിഭാഗത്തിന് നേരെ പ്രതികാര ആക്രമണം അഴിച്ച് വിട്ട് തീവ്രഹിന്ദുത്വ വാദികൾ.

മാസങ്ങൾ നീണ്ട വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജി വെച്ചിരുന്നു. തുടർന്ന് രാജ്യം വലിയൊരു അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കൂടാതെ ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെയുള്ള നിരവധി ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണമെന്ന നിലയിൽ പഴയതും ബന്ധമില്ലാത്തതുമായ വിവിധ വീഡിയോകൾ ഇന്ത്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടാണ് ഇവ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്.

അവയെ ആയുധമാക്കുകയാണ് ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികൾ. അതിൽ രാഷ്ട്രീയക്കാരും സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. ബി.ജെ.പി എം.എൽ.എ നിതേഷ് റാണെ ആഗസ്റ്റ് 5 ന് വിവാദപരമായ ഒരു പോസ്റ്റ് തന്റെ എക്സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിരുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നുവെങ്കിൽ, ഇന്ത്യക്കാർ എന്തിന് ഒരു ബംഗ്ലാദേശിയെ അവരുടെ രാജ്യത്ത് താമസിപ്പിക്കണം. ഇന്ത്യയിൽ താമസിക്കുന്ന ഓരോ ബംഗ്ലാദേശിയെയും വേട്ടയാടി കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വിവാദമായതോടെ റാണെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

 

പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളും വ്യാജ വാർത്തകളും ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലേക്ക് നയിക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യാൻ തീവ്രഹിന്ദുത്വ വാദികൾ മുന്നിട്ടിറങ്ങുന്നു.

ഇവർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചേരികളിൽ താമസിക്കുന്നവരെ ബംഗ്ലാദേശികളെന്ന് മുദ്രകുത്തി ആക്രമിക്കുന്നു. നിരവധി ഹിന്ദു സംഘടനകൾ ഈ ആക്രമണങ്ങളിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. പ്രതികൾ ഭരണകക്ഷിയായ ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ളവരാണ്. പലയിടത്തും, പശ്ചിമ ബംഗാളിൽ നിന്നുള്ള ബംഗാളി സംസാരിക്കുന്ന തൊഴിലാളികളും ചേരികളിലെ മറ്റ് താമസക്കാരും ബംഗ്ലാദേശികളാണെന്ന് ആരോപിച്ച് പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

രാത്രികാലങ്ങളിൽ മാലിന്യം ശേഖരിക്കുന്നവരെ ബംഗ്ലാദേശികളെന്ന് ആരോപിച്ച് ഒരു സംഘം ഹിന്ദുത്വവാദികൾ ആക്രമിക്കുന്ന വീഡിയോ ഈ അടുത്ത് പ്രചരിച്ചിരുന്നു. ബംഗ്ലാദേശിൽ തങ്ങളുടെ ഹിന്ദു സഹോദരിമാരും പെൺമക്കളും ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ഈ പാമ്പുകൾ ഇവിടെ തഴച്ചുവളരുന്നുവെന്ന് അക്രമികൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. പശു സംരക്ഷകനും ഹിന്ദു രക്ഷാ ദൾ അംഗവുമായ ദക്ഷ് ചൗധരിയെ ഈ വീഡിയോയിൽ വ്യക്തമായി തിരിച്ചറിയാനാകും.

ചേരികളിൽ താമസിക്കുന്നവരെ ബംഗ്ലാദേശികളെന്ന് മുദ്രകുത്തി ആക്രമിച്ചതിന് ശേഷം തൻ്റെ പ്രവൃത്തിയിൽ തനിക്ക് പശ്ചാത്താപമില്ലെന്ന് പ്രസ്താവിക്കുന്ന ചൗധരിയുടെ മറ്റൊരു വീഡിയോയും പ്രചാരിക്കുന്നുണ്ട്. ബംഗ്ലാദേശി റോഹിങ്ക്യൻ മുസ്‌ലിങ്ങളെ ഈ രാജ്യത്ത് അവശേഷിപ്പിക്കില്ലെന്ന് വീഡിയോയിൽ ചൗധരി പറഞ്ഞു.

സമാനമായ സംഭവം ഉത്തർപ്രദേശിലും നടന്നു. ആഗസ്റ്റ് 7 ന് ഹിന്ദു രക്ഷാ ദൾ പ്രസിഡൻ്റ് പിങ്കി ചൗധരി ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണെങ്കിൽ, ഇന്ത്യയിലും ബംഗ്ലാദേശികളെ അതേ രീതിയിൽ പീഡിപ്പിക്കുമെന്ന ഒരു വീഡിയോ പുറത്തിറക്കി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ഇന്ത്യയിൽ ഉള്ള റോഹിങ്ക്യൻ മുസ്‌ലിങ്ങളെ കൊന്നുകളയുമെന്നും പിങ്കി പറഞ്ഞു.

പിന്നാലെ ഓഗസ്റ്റ് 9 ന് പിങ്കി ചൗധരിയും അനുയായികളും ഗാസിയാബാദിലെ കുടിലുകളിൽ താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങളെ ആക്രമിക്കുകയും ബംഗ്ലാദേശികളെന്ന് മുദ്രകുത്തുകയും ചേരികൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. തുടർന്ന് ഗാസിയാബാദ് പൊലീസ് പിങ്കി ചൗധരിക്കും അനുയായികൾക്കും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണത്തിൽ ബംഗ്ലാദേശികളെന്ന പേരിൽ മർദിക്കപ്പെട്ടവർ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

 

ആഗസ്റ്റ് 11 ന് ഉത്തർപ്രദേശിലെ ലൈഖ്പൂർ ഖേരിയിലെ ഒരു ഹിന്ദു സംഘടന ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ റാലി നടത്തി. ഈ റാലിയുടെ വീഡിയോയിൽ ഹിന്ദുക്കളെ സംരക്ഷിക്കാൻ ആയുധമെടുക്കണമെന്ന ആഹ്വാനങ്ങൾ വ്യക്തമായി കേൾക്കാം.

 

Content Highlight: Muslims Migrant Workers Branded as ‘Bangladeshi’, ‘Revenge Attacks’ in Delhi, UP, Odisha