| Tuesday, 10th December 2024, 9:32 am

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ക്ഷേമത്തിനായി വഴിപാടുകള്‍ നടത്തി ഉത്തരാഖണ്ഡിലെ മുസ്‌ലിം മതവിശ്വാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രാര്‍ത്ഥനകള്‍ നടത്തുകയാണ് ഉത്തരാഖണ്ഡിലെ ഒരുകൂട്ടം മുസ്‌ലിങ്ങള്‍.

ബംഗ്ലാദേശിലെ പുതിയ ഭരണത്തിന് കീഴില്‍ ഹിന്ദുക്കള്‍ വലിയ രീതിയിലുള്ള അടിച്ചമര്‍ത്തലുകള്‍ നേരിടുന്നെന്നും അവരുടെ യാതനയില്‍ പങ്കുചേരാനും അതിന് അറുതി വരുത്താനുമാണ് ഇത്തരം പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നതെന്നാണ് അവര്‍ പറയുന്നത്.

ഈ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് ആണ്.

‘ബംഗ്ലാദേശില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ വാദിക്കുന്നത്. ബംഗ്ലാദേശില്‍ നടക്കുന്നത് ഐ.എസ്.ഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നീചമായ ഗൂഢാലോചനയാണ്.

ബംഗ്ലാദേശിലെ  ഹിന്ദുസമൂഹം മതത്തിന്റെ പേരില്‍  അതിക്രമം നേരിടുകയാണ്. അവിടെ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നു, സഹോദരിമാരും പെണ്‍മക്കളും സുരക്ഷിതരല്ല, ജനാധിപത്യം കൊലചെയ്യപ്പെടുന്നു.

ഖുറാനില്‍ ഇന്നല്ലാഹ മഅസാഹിരിന്‍ എന്നാണ് പറയുന്നത്, അതായത് ദൈവം അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പവും പീഡകര്‍ക്ക് എതിരുമാണ്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ നിലവിളി ദൈവം കേട്ടാല്‍ അവന്‍ നിങ്ങളെ നശിപ്പിക്കും, അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാതെ പോകില്ല,’ ഷംസ് പറഞ്ഞു. ഷംസിന്റെ നേതൃത്വത്തില്‍ നിരവധി മുസ്‌ലിങ്ങള്‍ തിങ്കളാഴ്ച പിരാന്‍ കാളിയാര്‍ ഷെരീഫില്‍ ‘ചാദര്‍’ അര്‍പ്പിച്ചിരുന്നു.

ഉത്തരാഖണ്ഡിലേതിന് സമാനമായി ബീഹാറിലെ സീമാഞ്ചലില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ചേര്‍ന്ന് ബംഗ്ലാദേശി ഹിന്ദുക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സീമാഞ്ചലിലെ നാല് ജില്ലകളായ കിഷന്‍ഗഞ്ച്, അരാരിയ, കതിഹാര്‍, പൂര്‍ണിയ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതിഷേധം നടന്നത്.

Content Highlight: Muslims in Uttarakhand make prayers for the welfare of Hindus in Bangladesh

We use cookies to give you the best possible experience. Learn more