ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിം വോട്ടര്‍മാരെ തല്ലിയോടിച്ച് പൊലീസ്. ഇവരെ വോട്ട് ചെയ്യാന്‍ പൊലീസ് അനുവദിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.പിയിലെ സംഭാല്‍ ജില്ലയിലെ മുസ്‌ലിം വോട്ടര്‍മാരെയാണ് പൊലീസ് വോട്ട് ചെയ്യിക്കാതെ തല്ലിയോടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും പോലും പൊലീസ് വെറുതെവിട്ടില്ല.
സംഭാല്‍ ലോക്‌സഭാ അസംബ്ലിയിലെ 181, 182, 183, 184 ബൂത്തുകളിലാണ് പൊലീസ് അക്രമം പുറത്തെടുത്തത്. വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും ആധാര്‍ കാര്‍ഡുള്‍പ്പടെ പൊലീസ് തട്ടിയെടുത്തെന്നും വോട്ടര്‍മാര്‍ പറഞ്ഞു.
‘ഞങ്ങളുടെ ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് പറഞ്ഞ് പൊലീസ് ഞങ്ങളെ തിരിച്ചയക്കാന്‍ നോക്കി. പിന്നാലെ ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു,’ വോട്ട് ചെയ്യാനെത്തിയ പ്രായമായ ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
യു.പിയിലെ സമാജ്‌വാദി സ്ഥാനാര്‍ത്ഥിയും പൊലീസും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടിട്ടുണ്ട്. എന്നാല്‍ വോട്ടിങ് സുഗമമായി നടന്നുവെന്നാണ് പൊലീസ് അവകാശപ്പെട്ടത്.
കള്ളവോട്ട് ചെയ്യുന്നതിനിടെ സംഭാലില്‍ 50ാളം ആളുകള്‍ അറസ്റ്റിലായെന്നാണ് യു.പി പൊലീസ് അവരുടെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്. ‘സംഭാല്‍ ജില്ലയില്‍ കള്ളവോട്ട് ചെയ്യുന്നതിനിടെ 50ലധികം ആളുകളെ പൊലീസ് പിടികൂടി. അന്വേഷണത്തിന് ശേഷം ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും. വോട്ടെടുപ്പ് സമാധാനപരമായും സുഗമമായും നടക്കുകയാണ്,’ യു.പി പൊലീസ് എക്‌സില്‍ കുറിച്ചു.
Content Highlight: Muslims in UP’s Sambhal ‘not allowed’ to cast vote, thrashed by cops