| Sunday, 4th February 2024, 2:06 pm

കൃത്രിമമായി വികസിപ്പിച്ച മാംസം മുസ്‌ലിങ്ങൾക്ക് ഉപയോഗിക്കാം: സിംഗപ്പൂർ ഫത്‌വ കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിംഗപ്പൂർ: ഹലാലായ മൃഗത്തിന്റെ കോശത്തിൽ നിന്ന് വികസിപ്പിക്കുന്ന മാംസം ഉപയോഗിക്കാൻ മുസ്‌ലിങ്ങൾക്ക് അനുമതി നൽകി സിംഗപ്പൂർ.

ആധുനിക സാങ്കേതിക വിദ്യയും സാമൂഹിക പരിവർത്തനങ്ങളുമായി ഫത്‌വ ഗവേഷണം എങ്ങനെ വികസിക്കണമെന്നതിന് ഉദാഹരണമാണ് ഈ തീരുമാനമെന്ന് സിംഗപ്പൂർ മുഫ്തി ഡോ. നസീറുദ്ധീൻ മുഹമ്മദ്‌ നാസിർ അറിയിച്ചു.

സമകാലിക സമൂഹത്തിലെ ഫത്‌വയെ കുറിച്ചുള്ള ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതപരമായ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിൽ മുസ്‌ലിം സമൂഹത്തിന് ഇസ്‌ലാമിക നിയമങ്ങളിൽ മാർഗ നിർദേശം നൽകുന്നതിനെയാണ് ഫത്‌വ എന്ന് പറയുന്നത്.

2022 മുതൽ ലാബിൽ വികസിപ്പിക്കുന്ന മാംസത്തെ കുറിച്ച് ഇസ്‌ലാമിക് റിലീജ്യസ് കൗൺസിൽ ഓഫ് സിംഗപ്പൂർ പഠിച്ചുവരികയാണെന്ന് മുസ്‌ലിം ക്ഷേമകാര്യ മന്ത്രി (ഇൻ ചാർജ്) മസാഗോസ് സുൽഖിഫ്‌ലി പറഞ്ഞു.

‘ലാബിൽ വികസിപ്പിച്ച മാംസം ഉത്പാദിപ്പിക്കുക മാത്രമല്ല, അത് മുസ്‌ലിങ്ങൾക്ക് ഹലാൽ ആണെന്ന് ഉറപ്പാക്കുക കൂടി ചെയ്ത് ഈ മേഖലയെ നയിക്കുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നായി മാറാൻ നമുക്ക് സാധിക്കും,’ സുൽഖിഫ്‌ലിയെ ഉദ്ധരിച്ചുകൊണ്ട് ടുഡേ ദിനപത്രം റിപ്പോർട്ട് ചെയ്തു.

2020ൽ ലാബിൽ വികസിപ്പിച്ച മാംസത്തിന്റെ വില്പനയ്ക്ക് സിംഗപ്പൂർ അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ നിയമവിധേയമാക്കുന്ന ആദ്യ രാജ്യമാണ് സിംഗപ്പൂർ. എന്നാൽ മുസ്‌ലിങ്ങൾക്ക് ഇത് അനുവദനീയമാണോ എന്ന ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മതപരമായ ഉപദേശം തേടിയത്.

Content highlight: Muslims in Singapore now allowed to consume lab-cultivated meat if it is from halal animal cell

We use cookies to give you the best possible experience. Learn more