യു.പിയിൽ മുസ്‌ലിങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ചതായി പരാതി
India
യു.പിയിൽ മുസ്‌ലിങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2024, 3:39 pm

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍  മുസ്‌ലിങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ചെന്ന് പരാതി. മുസ്‌ലിം വോട്ടര്‍മാരാണ് തങ്ങള്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതിയുമായി രംഗത്തെത്തെത്തിയത്. ഏപ്രില്‍ 26 ന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് ഇത്തരത്തിലൊരു പരാതി ഉയര്‍ന്നത്.

രണ്ടാം ഘട്ട തെരെഞ്ഞെടുപ്പിന്റെ മുന്നോടിയായി തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ടര്‍ സ്ലിപ് ലഭിച്ചില്ലെന്ന് മുസ്‌ലിം കുടുംബങ്ങള്‍ പറയുന്നു. ഒന്‍പത് പേരുള്ള കുടുംബത്തില്‍ ഒരാള്‍ക്ക് പോലും വോട്ടേഴ്സ് സ്ലിപ് ലഭിച്ചില്ലെന്ന് 74 കാരനായ ജംറുള്‍ നിഷ സ്‌ക്രോളിനോട് പറഞ്ഞു.

‘ബൂത്തിലെത്തിയപ്പോള്‍ പേരില്‍ വ്യക്തത ഇല്ലെന്നു പറഞ്ഞ് എന്നെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. തെരെഞ്ഞെടുപ്പ് പട്ടികയില്‍ തന്റെ പേര് ജംറുള്‍ എന്ന് മാത്രമാണ് ഉള്ളതെന്നും ജംറുള്‍ നിഷ എന്നില്ലെന്നും അവര്‍ പറയുകയായിരുന്നു,’ ജംറുള്‍ നിഷ പറഞ്ഞു.

തെരെഞ്ഞെടുപ്പ് പട്ടികയില്‍ തന്റെ യഥാര്‍ത്ഥ പേരുണ്ടായിട്ടും ജംറുള്‍ നിഷക്ക് വോട്ട് നിഷേധിക്കുകയായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും അത് കേള്‍ക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പരിഹസിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജംറുലിന്റെ അയല്‍വാസിയായ മൂല്‍ചന്ദ് (47) എന്ന ഹിന്ദു വിഭാഗത്തില്‍പ്പെട്ട വ്യക്തി തനിക്കും കുടുംബത്തിനും തടസങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും തന്റെ കുടുംബത്തിലെ ആറ് പേര്‍ക്കും തെരെഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ടര്‍ സ്ലിപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. നഗരത്തിലെ എല്ലാ ഹിന്ദുക്കള്‍ക്കും വോട്ട് ചെയ്യാനായി എന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഹിന്ദു- മുസ്‌ലിം തര്‍ക്കം നിലനിന്നിരുന്ന ഷാഹി ഈദ്ഗാ മസ്ജദ് സ്ഥിതി ചെയ്യുന്ന നഗരത്തിലും മുസ്‌ലിം വ്യക്തികള്‍ക്ക് വോട്ട് ചെയ്യാനായില്ല. മനഃപൂര്‍വം ആളുകളുടെ മതത്തിന്റെ പേരില്‍ മാറ്റി നിറുത്തുകയാണെന്ന് ഇവിടെയുള്ള മുസ്‌ലിങ്ങള്‍ ആരോപിച്ചു.

‘ എന്റെ പേര് പട്ടികയില്‍ ഇല്ലെന്ന് സ്റ്റേഷനിലെ മാനേജര്‍ പറഞ്ഞതിനാല്‍ എനിക്ക് ഇത്തവണ വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല. അദ്ദേഹം 30 മിനിറ്റ് ഫയലുകള്‍ പരിശോധിച്ചെങ്കിലും എന്റെ പേര് കണ്ടെത്താന്‍ കഴിഞ്ഞില്ല,’ മുഹമ്മദ് സാബു എന്നയാള്‍ പറഞ്ഞു.

ഇതുവരെ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ തനിക്ക് ഇത്തരത്തിലൊരനുഭവം ഉണ്ടായിട്ടില്ലെന്ന് സാബു കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ കുടുംബത്തില്‍ എട്ട് വോട്ടര്‍മാരുണ്ട്. എന്നാല്‍ എന്റെ രണ്ട് പെണ്‍മക്കളുടെയും രണ്ട് ആണ്‍മക്കളുടെയും പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല’. ഷബീര്‍ അലി എന്ന മറ്റൊരു വ്യക്തി പറഞ്ഞു.

അതേസമയം മണ്ഡലത്തിലെ പോളിങ് ശതമാനം 49 .9 % ആയി കുറഞ്ഞു. രണ്ട് പതിറ്റാണ്ടിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിതെന്നാണ് റിപ്പോര്‍ട്ട്. മാത്രവുമല്ല, ഇതുവരെ വോട്ടെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ 16 മണ്ഡലങ്ങളില്‍ പോളിങ് ഏറ്റവും കുറഞ്ഞ മണ്ഡലം കൂടിയാണിത്.

Content Highlight: Muslims in mathura say they were denied to vote: U.P