ന്യൂദല്‍ഹി: ആസാം കലാപം ഏതാണ്ട് അടങ്ങിയിരിക്കുമ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. സംസ്ഥാനത്തെ മുസ്‌ലീങ്ങള്‍ നിരക്ഷരരാണെന്നും അതാണ് സംസ്ഥാനത്തെ മുസ്‌ലീം ജനസംഖ്യാനിരക്ക് വര്‍ധിക്കാന്‍ കാരണമെന്നുമാണ് തരുണ്‍ ഗൊഗോയിയുടെ കണ്ടുപിടുത്തം.
കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കറ്റ് എന്ന പരിപാടിയിലാണ് തരുണ്‍ ഗൊഗോയി തന്റെ വിവാദ പരാമര്‍ശം നടത്തിയത്. ആസാമിലെ മുസ്‌ലീങ്ങള്‍ ഹിന്ദുക്കളെക്കാള്‍ സംഖ്യാബലത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബംഗ്ലാദേശില്‍ നിന്ന് നിയയമവിരുദ്ധമായി കുടിയേറിയത് കൊണ്ട് മാത്രമല്ല, അവരുടെ വിദ്യാഭ്യാസ നിലവാരം കുറഞ്ഞത് കൊണ്ടാണ് കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുന്നത് എന്നാണ് തരുണ്‍ ഗൊഗോയ് അഭിമുഖത്തില്‍ പറഞ്ഞത്.[]
അഭിമുഖത്തിലെ പ്രധാന ഭാഗങ്ങള്‍:
കരണ്‍ ഥാപ്പര്‍: ദേശീയ നിലവാരത്തെക്കാള്‍ താഴ്ന്ന നിലയിലാണ് ആസാമിന്റെ വളര്‍ച്ച. അതേസമയം, ആസാമിലെ ചില ജില്ലകളില്‍ മുസ്‌ലീം ജനസംഖ്യാ നിരക്ക് ഹിന്ദു സമുദായത്തെക്കാള്‍ വളരെ കൂടുതലാണ്.
ക്രൊകജാറില്‍ മുസ്‌ലീം സമുദായത്തില്‍ 19 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ ഹിന്ദു സമുദായത്തിന്റെ വളര്‍ച്ച 5 ശതമാനമാണ്. ധുബ്രി ജില്ലയില്‍ ഇത് 29:5 എന്ന അനുപാതത്തിലും ബോംഗെയ്‌ഗോണ്‍ ജില്ലയില്‍ 31:2 എന്ന നിലയിലുമാണ്. ഇത് വ്യക്തമാക്കുന്നത് നിയമവിരുദ്ധമായ കുടിയേറ്റത്തിലൂടെയാണ് ഇത്രയും വലിയ വളര്‍ച്ചാ നിരക്ക് മുസ്‌ലീം സമുദായത്തിന് ഉണ്ടായിരിക്കുന്നത് എന്നല്ലേ?
തരുണ്‍ ഗൊഗോയ്: ഇതിന് കാരണം സാക്ഷരതയും നിരക്ഷരതയുമാണ്. സംസ്ഥാനത്തെ നിരക്ഷരത വളരെ കൂടുതലാണ്. ഭൂരിഭാഗം മുസ്‌ലീങ്ങളും നിരക്ഷരരാണ്. മിക്ക കുടുംബങ്ങളിലും ആറും ഏറും എട്ടും ഒമ്പതും പത്തും അംഗങ്ങളാണുള്ളത്. വിദ്യാഭ്യാസം ലഭിക്കാത്തത് മൂലമാണിത്.
കരണ്‍ ഥാപ്പര്‍: താങ്കള്‍ പറയുന്നത് മുസ്‌ലീങ്ങള്‍ ഹിന്ദുക്കളേക്കാള്‍ കൂടുതലാകാന്‍ കാരണം അവര്‍ വിദ്യാസമ്പന്നരല്ല എന്നത് കൊണ്ടാണെന്നാണോ?
തരുണ്‍ ഗൊഗോയ്: അതെ.
കരണ്‍ ഥാപ്പര്‍:: താങ്കള്‍ ഗൗരവമായാണോ ഇങ്ങനെ പറയുന്നത്?
തരുണ്‍ ഗൊഗോയ്: അതെ, ഇതിന് കാരണം നിരക്ഷരത തന്നെയാണ്.
കരണ്‍ ഥാപ്പര്‍:: താങ്കളുടെ പരാമര്‍ശം വലിയൊരു വിവാദത്തിന് തിരികൊളുത്തിയേക്കാം. ജനസംഖ്യ കൂടാന്‍ കാരണം നിരക്ഷരതയാണെന്ന് നാളെ ജനങ്ങള്‍ പറയും.
തരുണ്‍ ഗൊഗോയ്: അതെ, നൂറ് ശതമാനം അങ്ങനെയാണെന്ന് വിശ്വസിക്കുന്നു.