| Saturday, 29th August 2020, 5:45 pm

മുസ്‌ലിങ്ങളുടെ സിവില്‍ സര്‍വ്വീസ് നേട്ടം 'യു.പി.എസ്.സി ജിഹാദാ'ക്കുന്ന സുദര്‍ശന്‍ ടി.വികള്‍

ജ്യോതി യാദവ്

യു.പി.എസ്.സി പരീക്ഷയുടെ അന്തിമ പട്ടികയില്‍ മുസ്ലിങ്ങള്‍ ഇടംപിടിക്കുന്നത് ആരെയാണ് ഭയപ്പെടുത്തുന്നത്? പ്രത്യക്ഷത്തില്‍ സവര്‍ക്കര്‍ ഭക്തനും, സുദര്‍ശന്‍ ടി.വിയുടെ ന്യൂസ് എഡിറ്ററുമായ സുരേഷ് ചവാന്‍കയെ, സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മുസ്ലിങ്ങള്‍ കൈവരിക്കുന്ന നേട്ടം വളരെ അസ്വസ്ഥപ്പെടുത്തുന്നു എന്നാണ് ഇപ്പോള്‍ രൂപപ്പെട്ട വിവാദങ്ങള്‍ തുറന്നുകാണിക്കുന്നത്.

യു.പി.എസ്.സി പരീക്ഷയില്‍ വിജയം കൈവരിക്കുക എന്നത് ഇന്ത്യന്‍ യുവതയുടെ സ്വപ്നമാണ്. രാജ്യത്തിന്റെ സാമൂഹികവും സാംസ്‌കാരകവുമായ മേഖലയിലേക്ക് അനായാസം പ്രവേശിക്കാന്‍ സാധിക്കുന്ന ഒരു വാതിലായാണ് പലരും സിവില്‍ സര്‍വ്വീസിനെ കാണുന്നത്.

സവര്‍ണജാതിക്കാരനല്ലാത്ത ഒരാള്‍ ഇന്ത്യന്‍ ജനതയുടെ സ്വപ്ന തൊഴിലായ സിവില്‍ സര്‍വ്വീസിലേക്ക് നടന്നുകയറുമ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെന്ന ആശയമാണ്.

എന്നാല്‍ ഒരു മുസ്ലിം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പലര്‍ക്കും ഇപ്പോഴും വിരോധാഭാസമാണ്. അവഹേളനപരമായ ‘ജിഹാദ്’ എന്ന വാക്ക് ഉപയോഗിക്കാതെ മുസ്ലിങ്ങള്‍ക്കെതിരായ ഇത്തരം ആരോപണങ്ങള്‍ അവര്‍ക്ക് അവസാനിപ്പിക്കാന്‍ സാധിക്കില്ല.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ ദരിദ്രരായിരിക്കുമ്പോള്‍ അവരെ പഞ്ചര്‍വാല എന്ന് വിളിക്കും, ഇനി അവര്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ തെരുവുകളില്‍ പ്രതിഷേധിച്ചാല്‍ വസ്ത്രം കൊണ്ട് തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ അവരെ അവഹേളിക്കും.

അവര്‍ മദ്രസകളില്‍ പഠിക്കുകയാണെങ്കില്‍ പുരോഗമനം ആലിംഗനം ചെയ്യാത്തവരെന്ന് പറയും,  ഇനി അവര്‍ കഠിനാധ്വാനത്തിലൂടെ സിവില്‍ സര്‍വ്വീസിലെത്തിയാലോ അതിനെ യു.പി.എസ്.സി ജിഹാദ് എന്ന് വിളിക്കുകയും ‘ജാമിയ കേ ജിഹാദി’ എന്ന് മുദ്രകുത്തുകയും ചെയ്യുന്നു. ഈ ആരോപണങ്ങളെല്ലാം ഒളിച്ചുകടത്തുന്നത് വിദ്വേഷത്തെ തന്നെയാണ്.

2018ല്‍ ഒരു പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹത്തിന്റെ സമഗ്ര പുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍,  മുസ്ലിം യുവാക്കള്‍ തങ്ങളുടെ ഒരു കൈയില്‍ ഖുറാനും മറുകൈയില്‍ കംപ്യൂട്ടറും വെക്കുകയാണെങ്കില്‍ പുരോഗതി എളുപ്പം സാധ്യമാണെന്ന് പറഞ്ഞിരുന്നു.പക്ഷേ ചവാന്‍കയ്ക്ക് ആ സ്വപ്നത്തില്‍ പ്രത്യാശയില്ല. അയാള്‍ മുസ്ലിം യുവാക്കളുടെ വിജയത്തിന് പിന്നില്‍ വലിയൊരു ഗൂഢാലോചനയാണ് കാണുന്നത്.

മുസ്ലിങ്ങള്‍ എങ്ങിനെയാണ് ബ്യൂറോക്രസിയിലേക്ക് പ്രവേശിച്ച് കടന്നാക്രമണം നടത്തുന്നതെന്ന് വെളിപ്പെടുത്തുമെന്നവകാശപ്പെടുന്ന അദ്ദേഹത്തിന്റെ ടെലിവിഷന്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് ദല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു. എന്നിരുന്നാലും വാട്സ്ആപ്പ് ഫോര്‍വേര്‍ഡ് മെസേജുകളുടെ അനന്തമായ ഒഴുക്കിലേക്കാണ് ഇത്തരം പ്രസ്താവനകള്‍ ചെന്നുഭവിക്കുക എന്ന് നിസംശയം പറയാന്‍ സാധിക്കും.

എല്ലാത്തിനും ഉപരിയായി ഇന്നത്തെ ഇന്ത്യയില്‍ തെറ്റായ വിവരങ്ങളും വിദ്വേഷവും നിലനില്‍ക്കാന്‍ അത് ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നില്ല. ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ക്കൊന്നും അതിര്‍വരമ്പുകളില്ലാതാവുകയും അവ മുഖ്യധാരയിലെത്തുകയും പലരുടെയും ബോധ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇത് വിരല്‍ചൂണ്ടുന്നത് ഹിന്ദുത്വ വിദ്വേഷി ഗ്രൂപ്പുകള്‍ക്ക് സൗകര്യപ്രദമായത് മുസ്ലിങ്ങള്‍ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായി തുടരുന്നതാണോ അതോ അവര്‍ അവിശ്വസനീയമായ ഒരു ഇന്ത്യയ്ക്ക് വേണ്ടി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നതാണോ എന്ന ചോദ്യത്തിലേക്കാണ്.

സുദര്‍ശന്‍ ടി.വിയുടെ രോഷം

ബിന്ദാസ് ബോല്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സംപ്രേക്ഷണം തടഞ്ഞ ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ സുരേഷ് ചവാന്‍കെ പറഞ്ഞത് താനൊരു സവര്‍ക്കര്‍ ഭക്തനാണെന്നായിരുന്നു.

ഇതിന് പിന്നാലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെക്കുറിച്ചൊരു ടെലിവിഷന്‍ പരിപാടിയും അദ്ദേഹം സംഘടിപ്പിച്ചു.

പ്രേക്ഷകര്‍ക്ക് ലൈവായി തങ്ങളുടെ പ്രതികരണം രേഖപ്പെടുത്താന്‍ അനുവദിക്കുന്നതായിരുന്നു പരിപാടി. ഇസ്ലാമിക ഗൂഡാലോചന, നുഴഞ്ഞുകയറ്റം, വഞ്ചന തുടങ്ങിയ വാക്കുകള്‍ നിരന്തരം ആവര്‍ത്തിക്കുന്നതായിരുന്നു സുരേഷ് ചവാന്‍കയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരിപാടി.

ഹിന്ദു രാഷ്ട്രത്തിലും അഖണ്ഡ ഭാരതത്തിലും ഊന്നി ‘ജേണലിസ’ത്തെക്കുറിച്ചുള്ള തന്റെ ലക്ഷ്യങ്ങളും കാഴ്ച്ചപ്പാടുകളും സുരേഷ് വിവരിക്കുന്നതിനിടയില്‍ നിരവധി ഫോണ്‍ കോളുകള്‍ പരിപാടിയില്‍ വന്നു. ഇവിടെയെല്ലാം നടന്നത് ഇന്ത്യയിലെ മുസ്ലിം സാന്നിധ്യത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശമായിരുന്നു.

ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസിയേയും പരിപാടിയില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ടായിരുന്നു. വാട്സ്ആപ്പ് ഫോര്‍വേഡ് മെസജുകളില്‍ കാണുന്ന വിധത്തില്‍ നെഹ്റുവിനെയും ഗാന്ധിയേയും ഇന്ത്യാ വിഭജനത്തെക്കുറിച്ചുമെല്ലാം അടിസ്ഥാന രഹിതമായ പരാമര്‍ശമായിരുന്നു ചര്‍ച്ചയില്‍ നടന്നത്.

പരിപാടിക്കെതിരെ നടപടി സ്വീകരിക്കാന്‍ മുന്‍കൈയെടുത്ത ഐ.പി.എസ് അസോസിയേഷനെതിരെയും ചവാന്‍കെ നിശിതമായ വിമര്‍ശനം ഉന്നയിച്ചു.

യു.പി.എസ്.സി ജിഹാദ് അവസാനിപ്പിക്കുന്നതുവരെ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് ആവര്‍ത്തിച്ചാണ് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരിപാടി ചവാന്‍കെ അവസാനിപ്പിക്കുന്നതും.

2018ല്‍ നാലു ശതമാനം മുസ്ലിം ക്യാന്‍ഡിഡേറ്റുകള്‍ യോഗ്യത നേടിയ ഇടത്തുനിന്ന് കഴിഞ്ഞ വര്‍ഷമെത്തുമ്പോഴേക്കും ഒരു ശതമാനം വര്‍ദ്ധിച്ച് അഞ്ച് ശതമാനമായതാണ് ചവാന്‍കെയുടെ രോഷത്തിന്റെ കാരണമെന്ന് ആദ്യ നോട്ടത്തില്‍ തോന്നും. എന്നാല്‍ പരിപാടിയില്‍ ഉടനീളം ഹിന്ദുത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മുസ്ലിങ്ങള്‍ക്കു നേരെ അതിക്രമവുമാണ് നടന്നത്.

തങ്ങളുടെ ഭാഷ്യങ്ങള്‍ സംസാരിക്കുന്ന മുസ്ലിങ്ങളെ മാത്രമേ ഹിന്ദുത്വം സഹിക്കുകയുള്ളൂ. റുബിയ ലിയാക്വത്ത്, സയീദ് അന്‍സാരി, മുക്തര്‍ അബ്ബാസ് നഖ്വി, ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ ടെലിവിഷന്‍ അവതാരകര്‍ മാത്രമാണ് ചോദ്യം ചെയ്യപ്പെടാത്തവര്‍. എന്നിരുന്നാലും അവരുടെ വിധേയത്വം ചോദ്യം ചെയ്യപ്പെടില്ല എന്നതിന് ഒരു ഗ്യാരന്റിയുമില്ല.

മുസ്ലിം വിഭാഗത്തിന് നേരെയുള്ള അതിക്രമങ്ങള്‍ തുടരാന്‍ അവര്‍ക്കൊരു പുതിയ വില്ലനെ ആവശ്യമുണ്ട്. അത് അധികാര പ്രാധാന്യമുള്ള സ്ഥാനത്തേക്കെത്തുന്ന മുസ്ലിങ്ങളുടെ പ്രവേശന യോഗ്യതയെക്കുറിച്ചാകുന്നത് ഉചിതമാകുമെന്നും അവര്‍ക്കറിയാം.

ഈ ഒറ്റനീക്കത്തിലൂടെ നയന്ത്ര പദവിയിലും ഇന്ത്യന്‍ പൊലീസ് സേനയിലുമെല്ലാമുള്ള സര്‍ക്കാര്‍ ജീവനക്കാരെ സംശയാലുക്കളാക്കുകയാണ് ചവാന്‍കെ ചെയ്തത്.

സുരേഷ് ചവാന്‍കയ്ക്ക് ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, ഖേമന്ദ് ശര്‍മ്മ, സരോജിനി അഗര്‍വാള്‍ തുടങ്ങിയവരില്‍ നിന്ന് പിന്തുണ ലഭിച്ചുവെന്നതില്‍ അതിശയോക്തിയില്ല.

മുസ്ലിം ബ്യൂറോക്രാറ്റുകളെ പിന്തുടരുമ്പോള്‍

ഇന്ത്യയുടെ സിവില്‍ സര്‍വ്വീസ് ജീവനക്കാരെ ‘സ്റ്റീല്‍ ഫ്രെയിം ഓഫ് ഇന്ത്യ’ എന്നാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിശേഷിപ്പിച്ചത്. സിവില്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും പ്രസ്തുത സംവിധാനം മെച്ചപ്പെടുത്താന്‍ അനേകം നിര്‍ദേശങ്ങള്‍ അവതരിപ്പിക്കകപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ വര്‍ഗീയതുടെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വ്വീസിനെ ഇതുവരെ വേര്‍തിരിച്ചിരുന്നില്ല. ചവാന്‍കെ സിവില്‍ സര്‍വ്വീസിനെ ലക്ഷ്യംവെക്കുമ്പോള്‍ ആ സംവിധാനത്തിന്റെ ധാര്‍മ്മികതയിലാണ് പ്രഹരമേല്‍ക്കുന്നത്.

സയ്യിദ് അക്ബറുദീനെപ്പോലെയുള്ള നയതന്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. 2009ല്‍ കശ്മീരില്‍ നിന്നുള്ള നയതന്ത്രജ്ഞനായ ഷാ ഫൈസല്‍ സിവില്‍ സര്‍വ്വീസ് നേടിയപ്പോള്‍ രാജ്യത്തിന്റെ നയതന്ത്ര വിജയമായായിരുന്നു വിലയിരുത്തപ്പെട്ടത്. കശ്മീരില്‍ നിന്ന് തന്നെയുള്ള അതാര്‍ അമീര്‍ 2016ല്‍ സിവില്‍ സര്‍വ്വീസ് നേടിയതും വലിയ വിജയകഥകളായിരുന്നു.

യു.പി.എസ്.സി പരീക്ഷയില്‍ വിജയം നേടുക എന്നത് പല ഇന്ത്യന്‍ യുവാക്കളുടെയും സ്വപ്നമാണ്. വര്‍ഷങ്ങളുടെ അധ്വാനത്തിന് ശേഷമാണ് പലരും ഈ മേഖലയിലേക്ക് എത്തിപ്പെടുന്നതും. പല പ്രതിസന്ധികളും തരണം ചെയ്ത് സിവില്‍ സര്‍വ്വീസിലേക്ക് എത്തുന്നവരോടുള്ള നീതി നിഷേധമാണ് മതത്തിന്റെ പേരില്‍ അവരെ ആക്രമിക്കുന്നതും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഭിപ്രായങ്ങള്‍ വ്യക്തിപരം

പരിഭാഷ: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദ പ്രിന്റിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ജ്യോതി യാദവ്

We use cookies to give you the best possible experience. Learn more