പട്‌ന: ദൈവങ്ങളെ കബളിപ്പിച്ചാണ് മുസ്‌ലിങ്ങള്‍ ഹിന്ദു ആരാധനാലയങ്ങള്‍ കീഴടക്കിയതെന്ന വിചിത്ര വാദവുമായി ബിഹാര്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ റാം സൂറത്ത് റായ്.
‘ഈദിന് ഹിന്ദു സഹോദരങ്ങള്‍ മുസ്‌ലിങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. മുസ്‌ലിങ്ങള്‍ വീട്ടിലേക്ക് എത്തുന്ന അതിഥികള്‍ക്ക് ധരിക്കാന്‍ തൊപ്പി നല്‍കാറുണ്ട്. ഇതേപോലെ മുസ്‌ലിങ്ങള്‍ ദൈവങ്ങളേയും കബളിപ്പിച്ചു. ഇങ്ങനെ കയ്യടക്കിയ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് മുകളിലാണ് മുസ്‌ലിങ്ങള്‍ പള്ളികള്‍ നിര്‍മിച്ചിരിക്കുന്നത്,’ റായ് പറഞ്ഞു.
‘ഇന്ന് ചില സ്ഥലങ്ങളില്‍ മണ്ണിനടിയില്‍ നിന്നും ദൈവങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. ചിലയിടങ്ങളില്‍ ശിവനായും, കൃഷ്ണനായും, രാമനായും,’ റായ് കൂട്ടിച്ചേര്‍ത്തു.
വരും കാലങ്ങളില്‍ മുസ്‌ലിങ്ങള്‍ ‘കുത്തക’കളാക്കി കൊണ്ടുനടക്കുന്ന ഭൂമി വിട്ടുനല്‍കേണ്ടി വരും കാരണം അവ ഹിന്ദുക്കളുടേതാണെന്നും റായ് പറഞ്ഞു.
‘ഞങ്ങള്‍ അതൊന്നും ആരില്‍ നിന്നും തട്ടിപ്പറിച്ചെടുക്കാന്‍ വരുന്നില്ല. കാലക്രമേണ മുസ്‌ലിങ്ങള്‍ സ്വയം ഞങ്ങള്‍ക്ക് ആ ഭൂമി വിട്ടുനല്‍കേണ്ടി വരും കാരണം അത് ഹിന്ദുത്വ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയാണ്,’ റായ് പറഞ്ഞു.
അതേസമയം ഗ്യാന്‍വാപിയില്‍ നിന്നും കണ്ടെത്തിയ ശിവലിംഗം എന്ന് പറയപ്പെടുന്ന വസ്തുവിന് മുന്‍പില്‍ പ്രാര്‍ഥന നടത്തുമെന്ന് പ്രഖ്യാപിച്ച് ഹിന്ദു സന്യാസിയായ സ്വാമി അവിമുക്തേശ്വരാനന്ദ് രംഗത്തെത്തിയിരുന്നു. എന്ത് തന്നെ വന്നാലും ഗ്യാന്‍വാപിയിലെ ശിവലിംഗത്തിന് മുന്‍പില്‍ പ്രാര്‍ഥന നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
പ്രാര്‍ഥന നടത്തുന്നതിന് ഭരണകൂടം എതിരു നിന്നാല്‍ തന്റെ ഗുരുവായ ശങ്കരാചാര്യരെ വിവരമറിയിക്കുമെന്നാണ് സ്വാമിയുടെ പ്രഖ്യാപനങ്ങള്‍.
മതത്തിന്റെ കാര്യങ്ങള്‍ മതാചാര്യന്മാരാണ് തീരുമാനിക്കുന്നത്. അത് സുപ്രീം കോടതി വിധി പോലെ പരമമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഗ്യാന്‍വാപിയില്‍ നിന്നും ശിവനെ കണ്ടെത്തി. ഞങ്ങളിപ്പോള്‍ പ്രാര്‍ഥനയ്ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ്. ഞങ്ങള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നില്‍ക്കുന്ന ഹിന്ദുക്കളല്ല, ശരിയായ ഹിന്ദുക്കളാണ്,’ സ്വാമി പറഞ്ഞു.
കഴിഞ്ഞ ദിവസം ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കണമെന്നും എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടിരുന്നു.
‘ചരിത്രം ഇന്നത്തെ മുസ്ലിങ്ങളോ ഹിന്ദുക്കളോ നിര്‍മ്മിച്ചതല്ല. ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നില്ല. ഇന്നത്തെ മുസ്ലിങ്ങളുടെ പൂര്‍വ്വികരും ഹിന്ദുക്കളായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ ആരാധനാലയങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ഹിന്ദുക്കള്‍ കരുതുന്നത്. മനസ്സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പുറത്തുവരും. അത് ആര്‍ക്കും എതിരല്ല. മുസ്‌ലിങ്ങള്‍ അങ്ങനെ വിശ്വസിക്കരുത്, ഹിന്ദുക്കളും അങ്ങനെ ചെയ്യരുത്.
കോടതി വിധി എന്താണോ അത് അംഗീകരിക്കണം അതിനെ ചോദ്യം ചെയ്യരുത്. ചില സ്ഥലങ്ങളോട് പവിത്രത തോന്നിയേക്കാം. പക്ഷേ ദിവസവും അതിനെചൊല്ലി പുതിയ കാരണങ്ങളുമായി വരരുത്. എന്തിനാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നത്,’ മോഹന്‍ ഭഗവത് പറഞ്ഞു.
വാരണാസി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയുടെ ചുമരുകളിലുള്ള ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ നിന്നായിരുന്നു ഗ്യാന്‍വാപി കേസിന്റെ തുടക്കും. ഹരജി പരിഗണിച്ച വാരണാസി കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് മസ്ജിദ് കമ്മിറ്റി ഹരജി നല്‍കിയിരുന്നു.
സര്‍വേയ്ക്കിടെ പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന ഭാഗത്തുനിന്നും ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുത്വവാദികള്‍ ആരോപിച്ചിരുന്നു.
ശിവലിംഗമെന്ന് പറയപ്പെടുന്ന വസ്തു കണ്ടെത്തിയ സ്ഥലം സീല്‍ ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും കോടതി ഇത് തള്ളി. മുസ്‌ലിങ്ങളുടെ വിശ്വാസങ്ങള്‍ തടസപ്പെടുത്തരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസ് സുപ്രീം കോടതി പരിഗണിക്കുകയും കീഴ്‌ക്കോടതിക്ക് കൈമാറാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
Content Highlight: Muslims held hindu temple by fooling gods, says bjp leader