കര്‍ണാടക സംഘര്‍ഷം; ക്ഷേത്രത്തിന് ചുറ്റും മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണമൊരുക്കി മുസ്‌ലിങ്ങള്‍
national news
കര്‍ണാടക സംഘര്‍ഷം; ക്ഷേത്രത്തിന് ചുറ്റും മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണമൊരുക്കി മുസ്‌ലിങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th August 2020, 4:22 pm

ബെംഗളൂരു: സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ക്ഷേത്രത്തിന് സംരക്ഷണം നല്‍കിയത് മുസ്‌ലിം മതവിശ്വാസികള്‍. ഡി.ജെ ഹള്ളി പൊലീസ് സ്റ്റേഷന് സമീപത്തെ ക്ഷേത്രത്തിന് മനുഷ്യചങ്ങല തീര്‍ത്താണ് മുസ്‌ലിം വിശ്വാസികള്‍ സംരക്ഷണമൊരുക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്ത എം.എല്‍.എയുടെ ബന്ധു നവീനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.


അതേസമയം തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തതാണെന്നും താനല്ല വിവാദ പോസ്റ്റിട്ടതെന്നുമാണ് നവീന്റെ പ്രതികരണം. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെ എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടിന് നേരെ കല്ലേറുമുണ്ടായി.

വിവാദ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിലായിട്ടുണ്ട്. എസ്.ഡി.പി.ഐ നേതാവ് മുസാമില്‍ പാഷയാണ് അറസ്റ്റിലായത്.

സംഘര്‍ഷത്തിന് പിന്നില്‍ എസ്.ഡി.പി.ഐയുടെ ഗൂഢാലോചനയെന്ന് കര്‍ണാടക മന്ത്രി സി.ടി രവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരായ അക്രമം അംഗീകരിക്കാനാവില്ല. സമാധാനം പാലിക്കണമെന്നും യെദിയൂരപ്പ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

Content Highlight: Muslims form human chain to guard temple in DJ Halli after Bengaluru violence