| Thursday, 25th January 2018, 4:58 pm

'ആദ്യം അവര്‍ മുസ്ലീങ്ങളെ കൊന്നു, പിന്നീട് ദളിതര്‍, ഇപ്പോഴിതാ കുട്ടികളും'; കര്‍ണ്ണിസേനയുടെ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് കെജരിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പദ്മാവതിനെതിരായ പ്രതിഷേധമെന്ന പേരില്‍ ഗുരുഗ്രാമില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുനേരേയും ജി.ഡി. സ്‌കൂള്‍ ബസ്സിനുനേരേയും കര്‍ണ്ണിസേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആദ്യം അവര്‍ മുസ്ലീങ്ങളെ കൊന്നു, പിന്നീട് ദളിതരെ അഗ്‌നിക്കിരയാക്കി ഇപ്പോഴിതാ കുട്ടികള്‍ക്ക് നേരെയും ആക്രമണമുണ്ടായിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കണമെന്നും ഇനിയും മൗനം തുടരുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തിന് വളരെ അടുത്ത് കുട്ടികള്‍ക്ക് നേരെ ഇങ്ങനെ ഒരു ആക്രമണമുണ്ടായത് രാജ്യത്തിന് തന്നെ അപമാനമാണ്. “”ആദ്യം അവര്‍ മുസ്ലീങ്ങളെ കൊലപ്പെടുത്തി. പിന്നീട് ദളിതരെ അവര്‍ ജീവനോടെ ചുട്ടെരിച്ചു. ഇപ്പോള്‍ അവര്‍ നമ്മുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറുകയാണ്. ഇനിയും മിണ്ടാതിരിക്കരുത്. ഇതിനെതിരെ ശബ്ദിക്കണമെന്നും റിപബ്ലിക് ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

ഇത് രാമന്റെയും കൃഷ്ണന്റെയും ഗൗതമ ബുദ്ധന്റെയും മഹാവീരന്റെയും ഗുരു നാനാക്കിന്റെയും കബീറിന്റെയും മീരയുടെയും നബി പ്രവാചകന്റെ പിന്‍തലമുറയുടെയും യേശുക്രിസ്തുവിന്റെ പിന്‍ഗാമികളുടേതുമാണ്. ഏത് മതമാണ് കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്താന്‍ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. കുട്ടികള്‍ക്കെതിരെ കല്ലേറ് നടത്തിയവര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more