|

'യു.പിയില്‍ എവിടെ വേണമെങ്കിലും അഞ്ച് ഏക്കര്‍ വാങ്ങാന്‍ മുസ്‌ലീങ്ങള്‍ക്ക് കഴിയും, പോരാടിയത് നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടി': ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിയ്‌ക്കെതിരെ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസി.

സുപ്രീംകോടതിയുടെ വിധിയും വാക്കും പരമോന്നതമായിരിക്കുമെന്നും എന്നാല്‍ അത് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതല്ലെന്നും ഉവൈസി പറഞ്ഞു.

”ഇന്ത്യന്‍ ഭരണഘടനയില്‍ മുസ്ലിംകളായ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, പക്ഷേ ഞങ്ങള്‍ തുല്യ അവകാശങ്ങള്‍ക്കായി പോരാടുകയായിരുന്നു.

ഇത് കേവലം ഒരു ചെറിയ ഭൂമിയുടെ മുകളില്‍ ഉള്ള തകര്‍ക്കമായിരുന്നില്ല. യു.പിയില്‍ എവിടേയെങ്കിലും ഒരു അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ മുസ് ലീങ്ങള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ മുസ്‌ലീങ്ങള്‍ അവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു പോരാടിയത്. നിങ്ങള്‍ മുസ്ലിംകളെ സഹായിക്കേണ്ടതില്ല.

കോടതി വിധിയില്‍ തങ്ങള്‍ ഒരു തരത്തിലും സംതൃപ്തരല്ല. തര്‍ക്ക സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വിധി വായിക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പിന്നെ ഇങ്ങനെയൊരു വിധിന്യായത്തില്‍ കോടതി എങ്ങനെ എത്തിയതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

500 വര്‍ഷമായി ഈ സ്ഥലത്ത് ഒരു പള്ളി ഉണ്ടായിരുന്നു. കോടതി കബളിപ്പിക്കപ്പെട്ടിരിക്കുന്നു. അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡില്‍ എനിക്ക് വിശ്വാസമുണ്ട്, അവരെ പിന്തുണയ്ക്കുക തന്നെ ചെയ്യും”- ഉവൈസി പറഞ്ഞു.

അയോധ്യകേസില്‍ സുപ്രീംകോടതി വിധി ന്യായം വന്നതിന് പിന്നാലെ ഒറ്റ ചിത്രം മാത്രം ട്വിറ്ററില്‍ പങ്കുവെച്ച് ഉവൈസി രംഗത്തെത്തിയിരുന്നു.
Supreme But Not Infallible: Essays in Honour of the Supreme Court of India എന്ന പുസ്‌കത്തിന്റെ കവര്‍ പേജായിരുന്നു ഉവൈസി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് വിശദമായ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

‘സുപ്രീം കോടതി വിധി ഞങ്ങളുടെ പ്രതീക്ഷതുപോലെയല്ല. ഞങ്ങളുടെ ഭാഗം തെളിയിക്കുന്നതിനായി ശക്തമായ തെളിവുകള്‍ ഹാജരാക്കിയിരുന്നു. വിധി അവലോകനം ചെയ്യും.’ എന്നായിരുന്നു ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ട്വീറ്റ്.

സുപ്രീം കോടതി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് ഇതിന് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്നുമാണ് ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖിയും ട്വീറ്റ് ചെയ്തിരുന്നു.

അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറയുകയായിരുന്നു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Video Stories