| Sunday, 17th March 2024, 8:36 pm

ന്യൂനപക്ഷ മതങ്ങൾക്കുള്ള പദ്ധതിയിൽ നിന്ന് മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്ര സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ന്യൂനപക്ഷ മതങ്ങളുടെ സാംസ്‌കാരിക പഠനത്തിനായി ഇന്ത്യയിലെ വിവിധ സർവകലാശാലകൾക്ക് വേണ്ടി അനുവദിച്ച പദ്ധതികളിൽ നിന്ന് മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗത്തെ ഒഴിവാക്കി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം.

രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായിട്ടും മുസ്‌ലിങ്ങളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഗുരുമുഖി, ബുദ്ധമതം, ജൈന ഗ്രന്ഥങ്ങൾ, ഹിമാലയൻ സാംസ്‌കാരിക പഠനം എന്നിവക്കാണ് വിവിധ പദ്ധതികൾ അനുവദിച്ചത്.

വിരാസത് സേ വികാസ് (പാരമ്പര്യത്തിലൂടെ വികസനം) എന്ന ആശയത്തെയും പ്രധാനമന്ത്രിയുടെ അഞ്ച് പ്രതിജ്ഞകളെയും അടിസ്ഥാനമാക്കിയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയതെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

മുഴുവൻ അടിമത്വ അടയാളങ്ങളെയും മായ്ച്ചുകൊണ്ട് വികസിത രാജ്യമെന്ന നിലയിൽ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുക എന്നതാണ് പ്രതിജ്ഞയിൽ ഉൾപ്പെടുന്നത്.

ദൽഹി സർവകലാശാലയിലെ ഖൽസ കോളേജിൽ സ്ഥാപിച്ച ഗുരുമുഖി സെന്ററിനായി 25 കോടി രൂപയാണ് അനുവദിച്ചത്. ദൽഹി സർവകലാശാലയിൽ തന്നെ അഡ്വാൻസ്ഡ് ബുദ്ധിസ്റ്റ് സ്റ്റഡീസ് സെന്ററിനായി 35 കോടി രൂപയാണ് അനുവദിച്ചത്. സെന്ററിന്റെ നിർമാണത്തിനായി 40 കോടി രൂപയും അനുവദിച്ചു.

ഗുജറാത്ത്‌ സർവകലാശാലയിൽ ജൈന ഗ്രന്ഥങ്ങളുടെ പഠനത്തിനായി 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേവി അഹില്യ സർവകലാശാലയുടെ ഇൻഡോർ ക്യാമ്പസിൽ ജൈന പഠന സെന്റർ സ്ഥാപിക്കുന്നതിന് 25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Content Highlight: Muslims, christians left out from Centre’s minority cultural studies projects

We use cookies to give you the best possible experience. Learn more