| Friday, 16th October 2015, 9:55 am

ബീഫ് കഴിക്കുന്നത് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ മുസ്‌ലീങ്ങള്‍ക്ക് ഇന്ത്യയില്‍ തുടരാം: ഹരിയാന മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ബീഫ് കഴിക്കുന്നത് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിതം തുടരാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഖട്ടാര്‍ ഇങ്ങനെ പറഞ്ഞത്.

പശുവും ഗീതയും സരസ്വതിയും ഇവിടെ ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ മതവിശ്വാസങ്ങളെ മുസ്‌ലീങ്ങള്‍ ലംഘിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

“മുസ്‌ലീങ്ങള്‍ക്ക് ഈ രാജ്യത്ത് ജീവിതം തുടരാം, പക്ഷെ അവര്‍  ബീഫ് ഉപേക്ഷിക്കണം. പശു ഇവിടെ വിശ്വാസത്തിന്റെ ഭാഗമായ ജീവിയാണ്.” ദാദ്രി സംഭവത്തെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ഖട്ടാര്‍ പറഞ്ഞു.

ദാദ്രി സംഭവത്തെ “തെറ്റിദ്ധാരണയുടെ ഫലം” എന്നാണ് ഖട്ടാര്‍ വിശേഷിപ്പിച്ചത്. രണ്ടുഭാഗത്തും തെറ്റുസംഭവിച്ചിട്ടുണ്ട്. ഇരുഭാഗത്തുനിന്നും ഇതു സംഭവിക്കരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

“ബീഫ് കഴിക്കുന്നത് മറ്റൊരു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തും. ഭരണഘടനാ പരമായി നമ്മള്‍ക്കിതു ചെയ്യാനാവില്ല. എന്നെ വേദനിപ്പിക്കുന്ന ഒന്നും നിങ്ങള്‍ ചെയ്യരുത്, നിങ്ങളെ വേദനിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യരുത് എന്ന ഭരണഘടനയില്‍ പറയുന്നുണ്ട്.” ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതില്‍ നിന്നും ആളുകളെ തടയുന്നത് ഭരണഘടനാ പരമായ അവകാശങ്ങളുടെ ലംഘനമല്ലേയെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബീഫ് കഴിക്കുന്നത് നിര്‍ത്തിയാലും അവര്‍ക്ക് മുസ്‌ലീം ആയി തുടരാനാവും. മുസ്‌ലീങ്ങള്‍ ബീഫ് കഴിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല, ക്രിസ്ത്യാനിറ്റിയും ബീഫ് കഴിക്കണമെന്ന് പറഞ്ഞിട്ടില്ല.” അദ്ദേഹം വ്യക്തമാക്കി.

കൊല്ലപ്പെട്ടയാള്‍ പശുവിനെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചെന്നും ഖട്ടാര്‍ ആരോപിച്ചു. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചതും അവര്‍ അയാളെ ആക്രമിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

“പക്ഷെ അയാളെ ആക്രമിക്കലും കൊലചെയ്യലും തെറ്റാണ്” ഖട്ടാര്‍ പറഞ്ഞു. അതിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമ്മയെയോ സഹോദരിയെയോ കൊലചെയ്യുന്നതു കണ്ട മകന്റെ പ്രതികരണവുമായി അദ്ദേഹം ഈ സംഭവത്തെ താരതമ്യം ചെയ്യുകയും ചെയ്തു. ഒരു വ്യക്തി നിയമപ്രകാരം ശിക്ഷലഭിക്കാവുന്ന കുറ്റം ചെയ്താലും നമ്മള്‍ ആ സംഭവത്തിന്റെ പശ്ചാത്തലവും അയാളുടെ മാന്യതയും പരിശോധിക്കണം. എന്തിനാണ് അതു ചെയ്തതെന്നും എന്താണു ചെയ്തതെന്നും മനസിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരുവര്‍ഷം മുമ്പാണ് ഹരിയാനയില്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതുവരെ ഹരിയാന രാഷ്ട്രീയത്തിനു അത്ര സുപരിചിതനല്ലാത്ത ഖട്ടാര്‍ കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞെടുപ്പോടുകൂടിയാണ് മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നത്. അതിനു മുമ്പ് നാലുദശാബ്ദത്തോളം ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.

We use cookies to give you the best possible experience. Learn more