| Tuesday, 30th May 2023, 9:45 am

ഉന്നത വിദ്യാഭ്യാസം നേടുന്ന ന്യൂനപക്ഷങ്ങളില്‍ ഏറ്റവും കുറവ് മുസ്‌ലിങ്ങള്‍; കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്ന്: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിലും അധ്യാപനത്തിലും പിന്നാക്കം നില്‍ക്കുന്നത് മുസ്‌ലിം വിഭാഗമാണെന്ന് റിപ്പോര്‍ട്ട്. എസ്.സി- എസ്.ടി. വിഭാഗങ്ങളേക്കാള്‍ പിന്നിലാണ് മുസ്‌ലിം വിഭാഗങ്ങളില്‍ നിന്ന് ബിരുദം നേടുന്നവരെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജുക്കേഷന്‍ (AISHE) റിപ്പോര്‍ട്ടില്‍ പറയുന്നു.

എ.ഐ.എസ്.എച്ച്.ഇയുടെ 2020-21ലെ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കൃത്യമായ ചിത്രം നല്‍കുന്നുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 2019-20നെ സംബന്ധിച്ച് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം യഥാക്രമം 4.2 ശതമാനം, 11.9 ശതമാനം, 4 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ മുസ്‌ലിം സമുദായത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം 8 ശതമാനമായി കുറഞ്ഞു. 1,79,000 വിദ്യാര്‍ത്ഥികളേ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചുള്ളൂ.

കൊവിഡ് 19 പകര്‍ച്ചവ്യാധിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കാരണം വിദ്യാര്‍ത്ഥികളില്‍ പലരും ബിരുദ തലത്തില്‍ തന്നെ പഠനം നിര്‍ത്തി തൊഴില്‍ തേടി പോകാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

മുസ്‌ലിങ്ങള്‍ ഏറ്റവും കൂടുതല്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
43 ശതമാനം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറാകുന്നു.

ഉത്തര്‍ പ്രദേശില്‍ ആണ് ഏറ്റവും കുറഞ്ഞ കണക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 36 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുസ്‌ലിം സമുദായത്തിന് ഉണ്ടായിരിക്കുന്നത്. ജമ്മു കശ്മീര്‍- 26 ശതമാനം, മഹാരാഷ്ട്ര- 8.5 ശതമാനം, തമിഴ്‌നാട്- 8.1 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകളെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ദല്‍ഹിയില്‍ ഓരോ അഞ്ച് മുസ്‌ലിം വിദ്യാര്‍ത്ഥികളും പത്താം ക്ലാസ് കഴിഞ്ഞ് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് മുതിരുന്നില്ല. ഉത്തര്‍പ്രദേശിലെ 20 ശതമാനം മുസ്‌ലിം ജനസംഖ്യയില്‍ 4.5 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമേ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളൂ. അതേസമയം ബിരുദം നേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാണിക്കുന്നത്.

രാജ്യത്ത് ഒ.ബി.സി വിഭാഗങ്ങളില്‍ നിന്ന് 36 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. 14 ശതമാനം എസ്.സി സമുദായത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. എന്നാല്‍ രാജ്യത്ത് 14 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം വിഭാഗങ്ങളില്‍ 4.6 ശതമാനം മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറാകുന്നത്.

മുസ്‌ലിം വിഭാഗങ്ങളിലും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലും ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് വിദ്യാഭ്യാസം നേടുന്നതില്‍ മുന്നില്‍. ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളുടെ ക്രമാനുഗതമായ ഉയര്‍ച്ചയാണ് ഇത് കാണിക്കുന്നത്. അതേസമയം ന്യൂനപക്ഷ വിഭാഗങ്ങളിലെ പുരുഷന്മാര്‍ സമ്പാദിക്കാന്‍ വേണ്ടി നിര്‍ബന്ധിതരാകുന്നുമുണ്ട്.

ഉന്നത വിദ്യാഭ്യാസം നേടുന്ന മുസ്‌ലിങ്ങളുടെ എണ്ണം കുറയുന്നത് അധ്യാപന രംഗത്തും പ്രതിഫലിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ പൊതു വിഭാഗങ്ങളില്‍ 56 ശതമാനം അധ്യാപകരാണുള്ളത്. ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ യഥാക്രമം 32, 9, 2.5 ശതമാനമാണ് അധ്യാപകര്‍. എന്നാല്‍ മുസ്‌ലിം വിഭാഗങ്ങളില്‍ 5.6 ശതമാനം അധ്യാപകര്‍ മാത്രമേയുള്ളൂ.

content highlight:Muslims are the least among the minorities to attain higher education; More from Kerala: Report

We use cookies to give you the best possible experience. Learn more