[] ന്യൂദല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി പ്രധാന മന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നെങ്കില്‍ മാത്രമേ തുടരുകയുള്ളൂവെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല. യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ പുനരാലോചന വേണമെന്നും മന്ത്രി പറഞ്ഞു.
1980ല്‍ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ പതിനഞ്ചിന പരിപാടി കഴിഞ്ഞ 34 വര്‍ഷമായി സര്‍ക്കാറുകള്‍ തുടരുകയാണ്. എന്നാല്‍ ഇതുവരെ വിലയിരുത്തപ്പെട്ടിട്ടില്ല. മുസ്‌ലീംങ്ങ
ളെ താന്‍ ന്യൂനപക്ഷമായി കണക്കാക്കുന്നില്ല. ന്യൂനപക്ഷങ്ങളെ കണക്കാക്കാന്‍ മതം കൂടാതെ ഭാഷ പോലുള്ള നിരവധി അളവുകോലുകളുണ്ടെന്നും നജ്മ ഹിബത്തുല്ല പറഞ്ഞു.
രാജ്യത്തെ ആറു ന്യൂനപക്ഷസമുദായങ്ങളില്‍ ഏറ്റവും ദുര്‍ബലരായവര്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത്. ന്യൂനപക്ഷങ്ങളില്‍ ഏറ്റവും ദുര്‍ബലവും ജനസംഖ്യയില്‍ കുറവും പാഴ്‌സികളാണ്. മുസ്‌ലിംങ്ങള്‍ ജനസംഖ്യയുടെ 14 ശതമാനത്തിലധികം വരും.
ഒ.ബി.സിക്കുള്ളില്‍ പിന്നാക്ക മുസ്‌ലീംകള്‍ക്ക് നാലര ശതമാനം ഉപസംവരണം നല്‍കില്ല. മുസ്‌ലീം സംവരണത്തിന് താന്‍ എതിരാണെന്നും സംവരണം കൊണ്ടല്ല താനിത്രയും ദൂരമത്തെിയതെന്നും നജ്മ ഹിബത്തുല്ല പറഞ്ഞു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നു പറയുന്നത് നുണയാണ്. ചെലവിന്റെ 25 ശതമാനം വഹിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നു മാത്രമാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഒ.ബി.സിക്കുള്ളിലെ മുസ്‌ലീം ഉപസംവരണം മതാടിസ്ഥാനത്തിലാണെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ടും പറഞ്ഞു. ഒ.ബി.സി. പട്ടികയില്‍ എല്ലാ മതങ്ങളിലെയും പിന്നാക്കക്കാര്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു തൊഴിലിലും വിദ്യാഭ്യാസത്തിലും 27 ശതമാനം സംവരണം ലഭിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു മാത്രം പ്രത്യേക ഉപസംവരണം നല്‍കുന്നത് അനാവശ്യമാണ്. രാജ്യത്തെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും രംഗനാഥ് മിശ്ര കമ്മീഷന്‍ റിപോര്‍ട്ടും അനാവശ്യമാണെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു.
2011 ഡിസംബറിലാണ് യു.പി.എ. സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് 4.5 ശതമാനം ഉപസംവരണം പ്രഖ്യാപിച്ചത്. സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍, ബുദ്ധമതക്കാര്‍ക്കാണ് ഉപസംവരണം വഴി ഗുണം ലഭിക്കുക.
മുസ്‌ലീംങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ദലിതുകളെക്കാള്‍ പിന്നിലാണെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് യു.പി.എ സര്‍ക്കാര്‍ 2006ല്‍ കേന്ദ്രത്തില്‍ ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക മന്ത്രാലയം തുടങ്ങിയത്.