മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് ഭരണമാറ്റം വേണം; മീഡിയവണ്‍-പൊളിറ്റിക്യു മാര്‍ക്ക് സര്‍വേ
Kerala News
മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് ഭരണമാറ്റം വേണം; മീഡിയവണ്‍-പൊളിറ്റിക്യു മാര്‍ക്ക് സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 10:30 pm

 

കോഴിക്കോട്: കേരളത്തില്‍ ഭരണത്തുടര്‍ച്ച വേണമെന്നാണ് രണ്ടാം ഘട്ട മീഡിയവണ്‍- പോളിറ്റിക് പ്രീ പോള്‍ സര്‍വേയിലെ പ്രവചനം. എന്നാല്‍ മുസ്‌ലിം ക്രിസ്ത്യ സമുദായങ്ങള്‍ ഭരണ മാറ്റം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്തവിരല്‍ 50 ശതമാനം പേര്‍ ഭരണം മാറ്റം വേണ്ടെന്ന നിലപാടുളള്ളവരാണ്. ഭരണ മാറ്റം വേണമെന്ന് അഭിപ്രായമുള്ളവര്‍ 47 ശതമാനമാണ്. മൂന്ന് ശതമാനം പേര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത ആള്‍ക്കാരാണ്.

മുസ്‌ലിം സമുദായത്തിലെ 62 ശതമാനം പേര്‍ ഭരണ മാറ്റം ആവശ്യപ്പെട്ടപ്പോള്‍ തുടര്‍ ഭരണം ആഗ്രഹിക്കുന്നത് 36 ശതമാനം പേര്‍ മാത്രം. രണ്ട് ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ല.

ക്രിസ്ത്യന്‍ മതവിഭാഗത്തിലെ 51 ശതമാനം പേരാണ് സര്‍ക്കാര്‍ മാറണെന്ന അഭിപ്രായം പങ്കുവച്ചത്.
45 ശതമാനം പേര്‍ ഭരണ മാറ്റം വേണ്ടെന്നാണ് പറഞ്ഞത്. നാലു ശതമാനം പേര്‍ തീരുമാനത്തില്‍ എത്തിയിട്ടില്ല. ഹിന്ദു മതവിഭാഗത്തിലെ 56 ശതമാനം ഭരണമാറ്റം വേണ്ടെന്ന അഭിപ്രായമുള്ളവരാണ്. 43 ശതമാനം പേരാണ് ഭരണമാറ്റം വേണമെന്ന് ആവശ്യപ്പെടുന്നത്.

മുസ്‌ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പിന്തുണച്ചത് ഉമ്മന്‍ചാണ്ടിയെയാണ്. 36 ശതമാനം മുസ്‌ലിംങ്ങളും 34 ശതമാനം ക്രിസ്ത്യാനികളും ഉമ്മന്‍ചാണ്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ഇരു സമുദായങ്ങളിലും പിണറായി വിജയന് ലഭിച്ചത് 32 ശതമാനം വീതം പിന്തുണയാണ്. മുസ്‌ലിങ്ങളില്‍ പതിനൊന്ന് ശതമാനം പേര്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. കെ സുരേന്ദ്രന് ഒരു ശതമാനം പിന്തുണ പോലും ലഭിച്ചില്ല. ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണം എന്ന് ഒരു ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ പതിനൊന്ന് ശതമാനം പേരാണ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. ഇ ശ്രീധരന് നാലു ശതമാനം പേരുടെയും സുരേന്ദ്രന് ഒരു ശതമാനം പേരുടെയും പിന്തുണ കിട്ടി.

എന്നാല്‍ ഹിന്ദു മത വിശ്വാസികള്‍ക്കിടയില്‍ പോലും കെ. സുരേന്ദ്രന് രണ്ട് ശതമാനം പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ.

140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം നടന്ന സര്‍വേയില്‍ നാല്‍പ്പത് ശതമാനം പേരാണ് എല്‍.ഡി.എഫിന് ജയം പ്രവചിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചത് 35 ശതമാനം പേരാണ്. സര്‍വേയില്‍ പങ്കെടുത്ത 11 ശതമാനം ആളുകള്‍ ബി.ജെ.പിക്ക് സാധ്യത പ്രവചിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Muslims and Christians need shift in government