ലണ്ടന്‍: മുസ്‌ലിം സ്വത്വമാണ് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് കാരണമെന്ന ആരോപണവുമായി മുന്‍ ബ്രിട്ടീഷ് മന്ത്രി രംഗത്ത്. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ ഗതാഗത വിഭാഗം മന്ത്രിയായിരുന്ന നുസ്രത് ഘാനിയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നുസ്രത്തിന്റെ പ്രതികരണം.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ നുസ്രത്ത് ഘാനി 2018ലാണ് മന്ത്രിയാകുന്നത്. 2020 ഫെബ്രുവരിയില്‍ നടന്ന ചെറിയ മന്ത്രിസഭാ പുനസംഘടനയെ തുടര്‍ന്നാണ് നുസ്രത്തിന് സ്ഥാനം നഷ്ടമാകുന്നത്.
മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയതിനെ കുറിച്ച് ഒരു സര്‍ക്കാര്‍ വിപ്പിനോട് ചോദിച്ചിരുന്നു. മുസ്‌ലിം സ്വത്വമാണ് ഒരു കാരണമായി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നതെന്നും താനൊരു മുസ്‌ലിം വനിതയാണെന്നത് മറ്റ് അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നുമാണ് മറുപടി ലഭിച്ചതെന്നും നുസ്രത്ത് പറയുന്നു.
‘ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വാഗ്വാദത്തിനും ചര്‍ച്ചകള്‍ക്കും പോയാല്‍ എന്നെ പുറത്താക്കിയേക്കാമെന്നും കരിയറും സമൂഹത്തിലുള്ള വിലയും ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു,’ നുസ്രത്ത് ഘാനി അഭിമുഖത്തില്‍ പറഞ്ഞു.
ഇത് കേട്ടപ്പോള്‍ ആരോ തന്റെ വയറ്റില്‍ ആഞ്ഞടിക്കുന്നത് പോലെ തോന്നി. അത്രയും വേദനയായിരുന്നു. ആ നിമിഷത്തില്‍ തീര്‍ത്തും അപഹാസ്യയും നിസഹായയുമായാണ് താനവിടെ നിന്നതെന്നും നുസ്രത്ത് പറയുന്നു.
ബോറിസ് ജോണ്‍സണെതിരെ സംസാരിക്കുന്നവര്‍ക്കും പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സര്‍ക്കാരില്‍ നിന്നും കടുത്ത ഭീഷണികള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വില്യം വ്രാഗിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് നുസ്രത്ത് ഘാനിയുടെ ആരോപണവും ഉയര്‍ന്നിരിക്കുന്നത്.
കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകളടക്കം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വന്തം പാര്‍ട്ടിയില്‍ നിന്നും ബോറിസ് ജോണ്‍സണെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ആരോപണങ്ങള്‍ കൂടി ഉയര്‍ന്നിരിക്കുന്നത്.