തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതിയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖ നിര്‍മാണം തുടങ്ങിയത് വലിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ്. ഈ ഘട്ടത്തില്‍ ഇങ്ങനെയൊരു സമരം ഉണ്ടാകരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ഘട്ടത്തില്‍ പദ്ധതി വേണോ വേണ്ടയോ എന്ന് ചോദിക്കുന്നത് ശരിയല്ല. അടിയന്തര പ്രമേയത്തില്‍ പോലും ആവശ്യപ്പെട്ടത് സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കണമെന്നാണ്. പ്രതിപക്ഷത്തിന് ചെയ്യാവുന്ന പരമാവധി വിട്ടുവീഴ്ച ചെയ്താണ് അടിയന്തര പ്രമേയം പോലും അവതരിപ്പിച്ചതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘വിഴിഞ്ഞം പദ്ധതിക്ക് ഒരുപാടധികം തടസങ്ങളുണ്ടായിരുന്നു. ഇവിടെയൊരു പോര്‍ട്ട് വരുന്നത് അസാധ്യമായ കാര്യമെന്ന് വിമര്‍ശനം ഉണ്ടായി. അതൊക്കെ കഴിഞ്ഞ് വന്നപ്പോഴാണ് ഇവിടെയൊരു സമരം ഉണ്ടായത്. ഇത്തരമൊരു പ്രശ്‌നം വികസിച്ച് വരാന്‍ പാടില്ലായിരുന്നു.
മന്ത്രിയെ സംബന്ധിക്കുന്ന ഒരു പ്രസ്താവന അവിടെ കേട്ടത് കേരളം ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും മോശമായ ഒരു സ്റ്റേറ്റ്‌മെന്റാണ്. അതിനെകുറിച്ച് മാന്യമായി പറയാവുന്നത് മുസ്‌ലിം ലീഗ് പറഞ്ഞിട്ടുണ്ട്. അത് ഇടതുമുന്നണി കേള്‍ക്കാഞ്ഞിട്ടാണ്. അതില്‍ നിന്നൊരു രാഷ്ട്രീയ മുതലെടുപ്പ് ഞങ്ങളാഗ്രഹിച്ചിട്ടില്ല. ഞങ്ങള്‍ക്കത് വേണ്ട.
ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ വഷളാക്കാതെ കേരളത്തിലെ സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനുള്ള നിലപാടെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇത് വികസിക്കാന്‍ ഇടയാക്കരുത്. മന്ത്രി അബ്ദുറഹിമാനെതിരായ പ്രസ്താവനയെ അങ്ങേയറ്റം അപലപിക്കുന്നു. അബ്ദുറഹിമാനെതിരായ പ്രസ്താവനയല്ല അത്, ജാതി പറഞ്ഞുള്ള പ്രസ്താവനയാണ്. അങ്ങനെ കേരളത്തില്‍ കേള്‍ക്കാന്‍ പോലും പാടില്ല.
ഇവിടെ എന്താണ് തകരാറായതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. വിഴിഞ്ഞം കരാര്‍ അദാനിക്ക് കൊടുത്തത് ആരാണെന്ന് തര്‍ക്കിക്കേണ്ട. ആ നിലയ്ക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പരാതി വരാത്ത വിധത്തില്‍ നഷ്ടപരിഹാരം നല്‍കണമായിരുന്നു.
ഉമ്മന്‍ചാണ്ടി ഇരിക്കുന്ന കാലത്ത് മെട്രോയ്ക്ക് സ്ഥലമെടുത്തു. ദേശീയപാതക്കെതിരെ വലിയ സമരം ചെയ്തത് ഞങ്ങളാണ്. ലാത്തിച്ചാര്‍ജ്ജും കുഴപ്പവുമൊക്കെയുണ്ടായി. എന്നാല്‍ സ്ഥലം എടുത്ത് കഴിഞ്ഞപ്പോഴേക്ക് നല്ല നഷ്ടപരിഹാരം കിട്ടി, എല്ലാവരെയും പുനരധിവസിപ്പിച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാവും,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാല്‍ വിഴിഞ്ഞത്ത് അങ്ങിനെയുണ്ടായിട്ടില്ലെന്നും ജനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
അതേസമയം, എല്ലാ സമരങ്ങളേയും നേരിടുന്ന ലാഘവത്തോടെ തീരദേശ സമരങ്ങളെ കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വിഴിഞ്ഞം സമരവും സംഘര്ഷസാഹചര്യവും സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരത്തുകാരുടെ പ്രതിഷേധത്തിന് തീവ്രത കൂടും. തീരത്ത് നിന്നും മാറ്റി താമസിക്കപ്പെട്ടവര്‍ സിമന്റ് ഗോഡൗണില്‍ നരകതുല്യമായ ജീവിതം നയിക്കുകയാണ്. തീരശോഷണം മൂലം വീട് നഷ്ടമാകുന്നവരെ പൂര്‍ണ്ണമായും പുനരധിവസിപ്പിക്കും എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്, അതിപ്പോള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.