| Tuesday, 13th December 2022, 3:18 pm

'ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയും'; പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ അബ്ദുറഹിമാന്‍ രണ്ടത്താണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ വിവാദ പ്രസ്താവനയുമായി മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണി.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നായിരുന്നു രണ്ടത്താണിയുടെ പ്രസ്താവന.

പുതിയ പാഠ്യപദ്ധതി മതവിശ്വാസത്തെയും ധാര്‍മികതയെയും തകര്‍ക്കുമെന്നും, കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ നാടിന്റെ സംസ്‌കാരം എങ്ങോട്ട് പോകുമെന്നും രണ്ടത്താണി ചോദിച്ചു. കണ്ണൂരില്‍ യു.ഡി.എഫിന്റെ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയാല്‍ വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവര്‍ഗ രതിയും. അതല്ലേ ഹരം.

ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താല്‍ എങ്ങനെയുണ്ടാകും ആ നാടിന്റെ സംസ്‌കാരം? ഇവര്‍ക്കാവശ്യം എന്താണ്? ധാര്‍മ്മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്.

സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്,” എന്നാണ് പ്രസംഗത്തില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞത്.

കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങള്‍ സംരക്ഷിക്കണം. കൗമാര കാലത്ത് അപകടകരമായ കാര്യങ്ങളിലേക്ക് പോകുന്നത് ശരിയല്ല. ഇന്ത്യന്‍ ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ നീക്കത്തില്‍ സൈദ്ധാന്തിക അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതല്ല. സ്‌കൂളിലെ സമയം മാറ്റം മദ്രസ വിദ്യാഭ്യാസത്തെ പോലും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രസംഗം വിവാദമായതോടെ, വികലമായ രീതിയിലേക്ക് പാഠ്യപദ്ധതി പരിഷ്‌കാരം കൊണ്ടുപോകുന്നതിനെയാണ് എതിര്‍ത്തതെന്ന് പറഞ്ഞ് രണ്ടത്താണി തന്റെ പ്രസ്താവനയെ ന്യായീകരിക്കുകയും ചെയ്തു.

Content Highlight: Muslimleague Leader Abdurahiman Randathani’s Controversial speech against Curriculum Reformation

Latest Stories

We use cookies to give you the best possible experience. Learn more