കോഴിക്കോട്: ഹിജാബ് കേസ് വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടി സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗും സമസ്തയും. വിശാല ബെഞ്ചില്‍ പ്രതീക്ഷയുണ്ടെന്ന് സമസ്ത പ്രതികരിച്ചു. കോടതി അവധാനതയോടെ വിഷയത്തില്‍ ഇടപെട്ടു എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രധാരണം മൗലിക അവകാശമാണ്. ലോകത്താകമാനം ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമുള്ള ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാകും. ഹിജാബ് എവിടെയും നിരോധിത വസ്ത്രമല്ല. വിവിധ മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയ ജസ്റ്റിസ് സുധാന്‍ശു ധൂലിയയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
ജുഡീഷ്യറി പൂര്‍ണമായും സംഘപരിവാറിന് വഴങ്ങിയിട്ടില്ലെന്നും തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കപ്പെട്ടെന്നും നാസര്‍ ഫൈസി കൂടത്തായി വ്യക്തമാക്കി.
അതേസമയം, കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത് സംബന്ധിച്ച വിധിയില്‍ കോടതിയില്‍ ഭിന്നാഭിപ്രായമാണുണ്ടായത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതി വിധി ശരിവെച്ചു. എന്നാല്‍ ജസ്റ്റിസ് സുധാന്‍ശു ധൂലിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കി. കോടതിയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നതോടെ വിധി വിശാല ബെഞ്ചിന് കൈമാറി.
വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ആയിരിക്കും തീരുമാനിക്കുക. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുധാന്‍ശു ധൂലിയ, ഹേമന്ദ് ഗുപ്ത എന്നിവരാണ് ഭിന്ന വിധികള്‍ പുറപ്പെടുവിച്ചത്.
2021 ഡിസംബര്‍ 27നാണ് കേസിനാസ്പദമായ സംഭവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഉഡുപ്പി സര്‍ക്കാര്‍ പി.യു കോളേജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ സ്‌കൂള്‍ അധികൃതര്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
തുടര്‍ന്നുള്ള ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി 1ന് വിദ്യാര്‍ത്ഥികള്‍ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു.ജനുവരി മൂന്നിന് ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളേജിലും ഹിജാബ് ധരിച്ച് എത്തിയവരെ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.
ഇതോടെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഹിജാബ് തങ്ങളുടെ മൗലിക അവകാശമാണെന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധങ്ങള്‍ കനത്തതോടെ സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ കാവി ഷാള്‍ ധരിച്ച് കോളേജുകളിലെത്തുകയും ചെയ്തിരുന്നു.