| Tuesday, 15th August 2023, 6:01 pm

അസമില്‍ ആള്‍ക്കൂട്ട കൊലപാതകം; കന്നുകാലി മോഷണം ആരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സില്‍ച്ചാര്‍: അസമില്‍ കന്നുകാലി മോഷണം ആരോപിച്ച് മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസമിലെ ഹോജായ് ജില്ലയില്‍ ലങ്കാ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ബമുന്‍ഗാവ് സ്വദേശി 40കാരനായ ഹിഫ്സുര്‍ റഹ്മാനാണ് മരിച്ചത്. സഞ്ജയ് ദാസ്, നിഖില്‍ ദാസ്, തുളേന്ദ്ര ദാസ്, ഉത്തം ചക്രവര്‍ത്തി, ജയന്ത ചക്രവര്‍ത്തി, സന്ധു മജുംദാര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ തിരിച്ചറിഞ്ഞതായും സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302(കൊലപാതകം) പ്രകാരമാണ് ലങ്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബമുന്‍ഗാവില്‍ ഹോജായില്‍ അര്‍ധ രാത്രിക്ക് ശേഷമാണ് സംഭവം നടന്നതെന്നും ഞായറാഴ്ച പുലര്‍ച്ചെ 2.40 ഓടെയാണ് വിവരം ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.

‘പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ അബോധാവസ്ഥയിലാണ് ആളെ കണ്ടെത്തിയത്. ഞങ്ങള്‍ ഉടന്‍ തന്നെ ഇയാളെ ഒരു പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നാഗോണ്‍ സിവില്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്,’ ലങ്ക പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Muslim youth was beaten to death by a mob for allegedly stealing cattle In Assam

We use cookies to give you the best possible experience. Learn more