national news
ചാനല്‍ പൊതു ചര്‍ച്ചയ്ക്കിടെ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചു; മുസ്‌ലിം വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 08, 04:57 am
Friday, 8th March 2019, 10:27 am

ലക്‌നൗ: ടി.വി ചാനല്‍ ചര്‍ച്ചയ്ക്കിടെ നരേന്ദ്ര മോദി സര്‍ക്കാറിനെ വിമര്‍ശിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. ഉത്തര്‍പ്രദേശിലെ മുസ്സാഫര്‍ നഗറില്‍ മാര്‍ച്ച് ആറിനായിരുന്നു സംഭവം. ഭാരത് സമാചാര്‍ എന്ന ഹിന്ദി ചാനലിനു വേണ്ടി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത അദ്‌നാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് മര്‍ദനത്തിനിരയായത്.

സൗദി അറേബ്യയില്‍ താമസിക്കുന്ന അദ്‌നാന്‍ വാര്‍ഷിക പരീക്ഷ എഴുതാനാണ് മുസ്സഫര്‍നഗറില്‍ എത്തിയതെന്ന് കാരവന്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഞാന്‍ നടന്നു പോകുമ്പോള്‍ ഒരു ചാനലിന്റെ ചര്‍ച്ച കണ്ടു. ഞാന്‍ അതില്‍ പങ്കെടുത്ത്, നാട്ടില്‍ പണിയൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞു. ഞാന്‍ തീവ്രവാദിയാണെന്നൊക്കെ അവര്‍ പറയാന്‍ തുടങ്ങി. പിന്നീട് എന്നെ മര്‍ദിക്കുകയും ചെയ്തു. അത് ബി.ജെ.പിയുടെ ആളുകളാണ്. പൊലീസ് ഇതു വരെ നടപടി ഒന്നും എടുത്തിട്ടില്ല. അവര്‍ ശിക്ഷിക്കപ്പെടണം. ഞാന്‍ മുസ്ലിം ആയതിനാലാണ് മര്‍ദിക്കപ്പെട്ടത്. ഞാന്‍ ബി.ജെ.പിക്കെതിരെ സംസാരിച്ചു. അതു കൊണ്ടാണവര്‍ എന്നെ തല്ലിയത്”- അദ്‌നാന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ആ പ്രദേശത്തെ തൊഴില്‍ സാധ്യതയെക്കുറിച്ചും വിദ്യാഭ്യാസ സൗകര്യത്തെക്കുറിച്ചുമാണ് താന്‍ പരിപാടിയില്‍ ചോദിച്ചതെന്ന് അവതാരകനായ നരേന്ദ്ര പ്രതാപ് പറഞ്ഞു. “അവന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ബി.ജെ.പിക്കാര്‍ വന്ന് അവനെ തടഞ്ഞു. അവന്‍ മുന്നോ നാലോ കാര്യങ്ങള്‍ മാത്രമേ പറഞ്ഞുള്ളു”- പ്രതാപ് പറഞ്ഞു. ചര്‍ച്ചയ്ക്കിടെ ആരെയും ബി.ജെ.പിയെ വിമര്‍ശിച്ചു കൊണ്ട് സംസാരിക്കാന്‍ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ലെന്നും പ്രതാപ് കൂട്ടിച്ചേര്‍ത്തു.

യുവാവിനെ രക്ഷിച്ചത് ആര്‍.എല്‍.ഡി ആണെന്നും, പിന്നീട് ആര്‍.എല്‍.ഡിയും ബി.ജെ.പിയും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതായും പ്രതാപ് പറഞ്ഞു.