പള്ളിയില്‍ നിന്നും തിരിച്ചു വരുന്നതിനിടെ മുസ്‌ലിം യുവാവിന് മര്‍ദനം; ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ചു
India
പള്ളിയില്‍ നിന്നും തിരിച്ചു വരുന്നതിനിടെ മുസ്‌ലിം യുവാവിന് മര്‍ദനം; ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2019, 5:24 pm

ന്യൂദല്‍ഹി: പള്ളിയില്‍ നിന്ന് തിരിച്ചു വരുന്നതിനിടെ 25 കാരനായ മുസ്ലിം യുവാവിനെ അജ്ഞാതര്‍ മര്‍ദിച്ചു. ആക്രമികള്‍ തന്‍റെ തൊപ്പി വലിച്ചെറിയുകയും, ഭാരത് മാതാ കീ ജയ്, ജയ് ശ്രീരാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കാനും ആവശ്യപ്പെട്ടതായി ആക്രമണത്തിനിരയായ മുഹമ്മദ് ബര്‍ക്കത്ത് പറയുന്നു. എന്നാല്‍ വഴങ്ങാതായപ്പോള്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ആക്രമികള്‍ ഭീഷണിപ്പെടുത്തിയതായും ബര്‍ക്കാത്ത് പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇന്നലെ രാത്രി 10 മണിക്ക് ബിഹാറിലെ ഗുര്‍ഗോണില്‍ വെച്ചായിരുന്നു സംഭവം. സംഭവമുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രേഖപ്പെടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഇതു വരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

ബി.ജെ.പി വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേരെ സംഘപരിവാര്‍ ആക്രമിച്ചിരുന്നു. ഓട്ടോയില്‍ പോവുകയായിരുന്ന ഇവര്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ചായിരുന്നു കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ടായിരുന്നു.

കൂടെയുണ്ടായിരുന്ന സ്ത്രീയെ ചെരിപ്പ് കൊണ്ട് മര്‍ദിക്കാന്‍ ആക്രമികള്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. മര്‍ദ്ദനത്തിനിടെ തങ്ങളെ കൊണ്ട് ‘ജയ് ശ്രീരാം’ വിളിപ്പിച്ചതായും യുവാക്കള്‍ പറഞ്ഞിരുന്നു.

മറ്റൊരു സംഭവത്തില്‍ ഗുജറാത്തിലെ 200-300 സവര്‍ണ ജാതിയില്‍ പെട്ടവര്‍ മഹുവാദ് ഗ്രാമത്തില്‍ പെട്ട ദളിതരുടെ വീടുകള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നെന്ന് ന്യൂസ്‌ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് വിവാഹം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തരുന്നില്ലെന്ന ഒരു വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇത്. ഈ സംഭവത്തില്‍ 11 പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ പ്രദേശത്തെ അംബേദ്കര്‍ പ്രതിമ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു.

Photo Credit: Ashok Kumar/ The Hindu