കോഴിക്കോട്: കത്വയില്‍ മുസ്ലിം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താലുണ്ടെന്ന പ്രചാരണം കുബുദ്ധിയോടെയുള്ളതാവാമെന്ന് മുസ്‌ലിം യൂത്ത് ലീഗ്. നാളെ നടക്കുമെന്ന് പറയപ്പെടുന്ന ഹര്‍ത്താലുമായി മുസ്‌ലിം ലീഗിന് ബന്ധവുമില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാന്‍ ഏതോ കുബുദ്ധികളാണോ ഇതിന് പിന്നിലെന്നും സംശയമുണ്ട്. നിഷ്‌കളങ്കരായ പലരും ഇത് പ്രചരിപ്പിക്കുന്നതായും മനസിലാക്കുന്നു. ഇത്തരം പ്രചരണങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വഞ്ചിതരാവരുതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
കത്വയില്‍ മുസ്ലിം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താല്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത ഹര്‍ത്താലാണിതെന്നും ജനങ്ങള്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് വാട്സ്അപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നടന്ന പ്രചരണം.
Read | സിറിയക്കെതിരെ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ അമേരിക്കയുടെ നേതൃത്വത്തെ പ്രശംസിച്ച് നേതെന്യാഹു
എന്നാല്‍, ഒരു സംഘടനയും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. ചില പ്രാദേശിക സംഘടനളും സൗഹൃദകൂട്ടായ്മകളും ഹര്‍ത്താല്‍ സംബന്ധിച്ച പ്രചാരണം നടത്തുന്നുണ്ട്. ചിലയിടങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്ററുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ ഔദ്യോഗികമായി നാളെ ഹര്‍ത്താലുകളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
അതേസമയം, വ്യാജപ്രചാരണത്തെ പിന്തുടര്‍ന്ന് യു.ഡി.എഫ് ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നു എന്ന പ്രചാരണവും സോഷ്യല്‍ മീഡിയ കൈയടക്കിയിരുന്നു.