പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെയും പി.കെ. ഫിറോസിന്റെയും നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നു പറഞ്ഞാല്‍ അതൊരു അനീതിയാണ്. നിലവിലെ പ്രസിഡണ്ടും സെക്രട്ടറിയും തുടരുവാന്‍ നേരത്തേ ധാരണയായതാണ്.
നേരത്തേ തീരുമാനിച്ചുറപ്പിച്ച കമ്മിറ്റിയെ പ്രഖ്യാപിക്കാനുള്ള നാടകം മാത്രമായിരുന്നു ഇന്നലത്തെ സംസ്ഥാന കൗണ്‍സില്‍.
പുതിയ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രഖ്യാപനത്തില്‍ ഏറെ സന്തോഷം പകരുന്നതും സ്വാഗതം ചെയ്യേണ്ടതുമായ കാര്യം പുതിയ സംസ്ഥാന കമ്മിറ്റിയില്‍ ഭരണഘടനാനുസൃതമായി 11 അംഗങ്ങള്‍ മാത്രമേ ഉള്ളൂ എന്നതും സീനിയര്‍ വൈസ് പ്രസിഡണ്ട് എന്ന അഡ്ജസ്റ്റ്മന്റ് പദവി നിര്‍ത്തലാക്കി എന്നുള്ളതുമാണ്.
ഭരണഘടന മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകളെയും വിമര്‍ശനങ്ങളെയും പാര്‍ട്ടി മുഖവിലക്കെടുക്കുന്നു എന്നതിന്റെ സൂചനയായി ഇതിനെ കാണുവാന്‍ സാധിക്കും.
മുസ്‌ലിം യൂത്ത് ലീഗിന്റെ മുന്‍ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്നത് 2016 ഡിസംബറിലാണ്. ഏകദേശം 5 വര്‍ഷത്തോളമായി വളരെ സജീവവും ക്രിയാത്മകവുമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയവരായിരുന്നു മുന്‍ സംസ്ഥാന കമ്മിറ്റിക്കാര്‍ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
പക്ഷേ, മുസ്‌ലിം യൂത്ത് ലീഗിനു മുനവ്വറലി തങ്ങളും പി.കെ. ഫിറോസും മാത്രം മതിയോ എല്ലാ കാലത്തും യുവ നേതൃത്വമായി? പുതിയ നേതൃ നിരയെ ഈ പ്രസ്ഥാനത്തിനു ആവശ്യമില്ലേ?
മുസ്‌ലിം യൂത്ത് ലീഗ് ഭരണഘടനാ പ്രകാരം 3 വര്‍ഷമാണ് ഒരു കമ്മിറ്റിയുടെ കാലാവധി. അങ്ങനെ നോക്കുമ്പോള്‍ ഏകദേശം 8-9 വര്‍ഷം മുസ്‌ലിം യൂത്ത് ലീഗിനെ നയിക്കുക മുനവ്വറലി തങ്ങളും പി.കെ ഫിറോസും അടങ്ങുന്ന നേതൃത്വമായിരിക്കും.
അവരുടെ നേതൃത്വത്തിന് കുഴപ്പമുണ്ടായത് കൊണ്ടല്ല.
പക്ഷേ, മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനു പുതിയ മുഖം നല്‍കാന്‍ സാധിക്കുമായിരുന്ന പുതിയൊരു നേതൃനിരയെ വളര്‍ത്തേണ്ടതില്ലേ?പുതിയ ചിന്തകളും പുതിയ ആശയങ്ങളുമൊക്കെയായി പുതിയൊരു നേതൃനിര കടന്നു വരേണ്ടിയിരുന്നില്ലേ? പലരുടെയും അവസരം ഇവരുടെ തുടര്‍ച്ച മൂലം നിഷേധിക്കപ്പെടുകയായിരുന്നില്ലേ?
മുസ്‌ലിം യൂത്ത് ലീഗിന്റെ ഭരണഘടനയില്‍ എന്തിനാണ് കമ്മിറ്റിയുടെ കാലാവധിയും അംഗത്വത്തിനുള്ള പ്രായ പരിധിയും പറയുന്നത്? അതൊക്കെ തിരസ്‌ക്കരിക്കാനുള്ളതാണോ?
യൂത്ത് ലീഗിന്റെ ഭരണഘടന അനുസരിച്ച് 18 മുതല്‍ 40 വയസ്സു വരെയാണു യൂത്ത് ലീഗിന്റെ അംഗത്വത്തിനുള്ള പ്രായ പരിധി. ആ പ്രായ പരിധി കഴിഞ്ഞിട്ടുള്ളവര്‍ അടങ്ങുന്നതാണ് പുതിയ കമ്മിറ്റി എന്നത് തീര്‍ത്തും നിരാശാജനകമാണ്.
പുതിയ സംസ്ഥാന കമ്മിറ്റിയില്‍ 40 വയസ്സിന് താഴെയുള്ള ഒരാള്‍ മാത്രമുള്ളൂ എന്നാണ് എന്റെ അറിവ്. അതേസമയം കഴിഞ്ഞ കമ്മിറ്റിയിലെ 40 വയസ്സിനു താഴെ പ്രായമുണ്ടായിരുന്ന ഏക അംഗത്തെ പുറത്തിരുത്തുകയും ചെയ്തു. ഇതിലൂടെ ഒക്കെ എന്തു സന്ദേശമാണു പാര്‍ട്ടി നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്?
ജില്ലാ യൂത്ത് ലീഗ് കമ്മിറ്റികളിലേക്കുള്ള പല ഭാരവാഹികളെയും പ്രായത്തിന്റെ പേരില്‍ തഴഞ്ഞ, മാറ്റി നിര്‍ത്തിയ മുന്‍ സംസ്ഥാന കമ്മിറ്റിയെ ആരും മറക്കരുത്. എന്തു നീതിബോധമാണു ഇവര്‍ പുലര്‍ത്തുന്നത്?
മുനവ്വറലി തങ്ങള്‍ക്കും പി.കെ. ഫിറോസിനും ഇസ്മായില്‍ വയനാടിനും പുറമേ മുന്‍ കമ്മിറ്റിയിലെ മലപ്പുറം ജില്ലയില്‍ നിന്നുള്ള രണ്ട് സഹഭാരവാഹികള്‍ മാത്രമാണ് പുതിയ കമ്മിറ്റിയില്‍ ഇടപിടിച്ചത് (ഇത്തരത്തില്‍ രണ്ടു പേര്‍ക്ക് തുടരാന്‍ എന്തുകൊണ്ട് അവസരം നല്‍കി എന്ന ചോദ്യം പ്രസ്‌കതമാണ്).
ഒരു ടേം കൂടി ബാക്കിയുണ്ടായിരുന്ന മറ്റ് ജില്ലയില്‍ നിന്നുള്ള മുന്‍ ഭാരവാഹികള്‍ക്ക് പുതിയ കമ്മിറ്റിയില്‍ ഇടം ലഭിച്ചിട്ടില്ല. എന്തിന്റെ പേരിലായാലും ഇതു കടുത്ത അനീതിയാണ്. മലപ്പുറം ജില്ലയില്‍ നിന്നും പുതിയ ഒരാളെ പോലും തെരഞ്ഞെടുക്കുവാന്‍ സംസ്ഥാന കൗണ്‍സിലിനു സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
ആഴ്ചകള്‍ക്കു മുന്നേ തീരുമാനിച്ചുറപ്പിച്ച കമ്മിറ്റിയെ അവതരിപ്പിക്കലും പ്രഖ്യാപിക്കലും തീര്‍ത്തും ജനാധിപത്യവിരുദ്ധമല്ലേ? ചോദ്യം ചെയ്യാന്‍ മറക്കുന്ന, വിധേയപ്പെട്ടു നില്‍ക്കുന്നവര്‍ മാത്രമായി കൗണ്‍സില്‍ അംഗങ്ങള്‍ മാറുന്നു എന്നതാണു യാഥാര്‍ത്ഥ്യം.
അഭിപ്രായ ശേഖരണത്തിന്റെ സമയത്ത് അതത് ജില്ലാ കമ്മിറ്റികള്‍ പറയാത്ത ആളുകള്‍ പ്രസ്തുത ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഭാരവാഹികളായി വരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്.
കോഴിക്കോട് ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ച മുന്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അടക്കമുള്ള ആളുകളെ തഴഞ്ഞു ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിക്കാത്ത മണ്ഡലം കമ്മിറ്റി ഭാരവാഹിയെ സംസ്ഥാന ഭാരവാഹിയായി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
ഒമ്പതില്‍ അധികം ജില്ലാ കമ്മിറ്റികള്‍ ട്രഷറര്‍ സ്ഥാനത്തേക്ക് പിന്തുണച്ച ആളെ എന്തുകൊണ്ട് കമ്മിറ്റിയില്‍ എടുത്തില്ല?
ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരുമില്ല ഹേ. ഒരു മാറ്റവുമില്ലാതെ തനിക്ക് ശേഷം പ്രളയം എന്ന് കരുതുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അതീ പാര്‍ട്ടിക്ക് ശാപമാണ്.
പ്രതികരണ ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ട് വിനീത വിധേയരായി നേതൃത്വത്തെ ചുറ്റിപറ്റി നില്‍ക്കുന്ന ഉപജാപക സംഘങ്ങള്‍ മാത്രമായി അണികള്‍ മാറുമ്പോള്‍ അവര്‍ക്ക് നേതാക്കളുടെ പ്രായമോ കമ്മിറ്റികളുടെ കാലവധിയോ ഭരണഘടനയോ നയരേഖയോ ഒന്നും നോക്കാനോ കേള്‍ക്കാനോ സമയമില്ല.
ഇനിയൊരു തുടര്‍ച്ച പുതിയ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തട്ടെ…
മാറ്റങ്ങളുണ്ടാവട്ടെ… ചിലപ്പോള്‍ മാറ്റങ്ങള്‍ പതിയേ സംഭവിക്കുകയുള്ളൂ എന്നാണല്ലോ…
മാറ്റങ്ങളെ പ്രതീക്ഷിക്കാം… പുതുതായി ‘പ്രഖ്യാപിക്കപ്പെട്ട’ കമ്മിറ്റിക്ക് ഭാവുകങ്ങള്‍ നേരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Muslim Youth League Musthujab Makkolath PK Firos Munvarali Shihab Thangal Muslim League