Kerala News
പി.കെ. ഫിറോസ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 23, 07:40 am
Monday, 23rd January 2023, 1:10 pm

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്ത് വെച്ചാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തിലാണ് അറസ്റ്റ്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് പി.കെ. ഫിറോസ്. കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.

പൊലീസിനെ ആക്രമിച്ചതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ഫിറോസിനോട് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.

സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷം പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ലാത്തിച്ചാര്‍ജുമടക്കം പ്രയോഗിക്കുന്നതിന് വഴിവെച്ചിരുന്നു. നിരവധി പേര്‍ക്കായിരുന്നു സംഘര്‍ഷത്തില്‍ പരിക്കേറ്റത്.

Content Highlight: Muslim Youth League General Secretary PK Firos got arrested