| Sunday, 30th April 2023, 9:53 pm

കേരളത്തില്‍ 32000 പേരെ മതം മാറ്റിയെന്ന ആരോപണം; തെളിവ് ഹാജരാക്കുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് യൂത്ത് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഹിന്ദി ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സിനിമയില്‍ ആരോപിക്കുന്ന ലൗ ജിഹാദിന് തെളിവ് നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ്. കേരളത്തില്‍ നിന്ന് 32,000ലധികം പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിനായി വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തില്‍ തെളിവ് സമര്‍പ്പിക്കുന്നവര്‍ക്കാണ് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചത്.

മെയ് 4ാം തിയതിക്കകം സംസ്ഥാനത്തെ യൂത്ത് ലീഗ് കേന്ദ്രങ്ങളില്‍ തെളിവ് സമര്‍പ്പിക്കാനാണ് വെല്ലുവിളിയുള്ളത്. യൂത്ത് ലീഗ് ചലഞ്ചിന്റെ പോസ്റ്റര്‍ സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നുണകള്‍ മാത്രം പറയുന്ന സംഘ് പരിവാര്‍ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളില്‍ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തില്‍ 32,000 പേരെ മതം മാറ്റിയെന്ന് സംഘ് സ്‌പോണ്‍സേര്‍ഡ് സിനിമ ആധികാരിക കണക്കുകള്‍ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോള്‍ ഒരു പഞ്ചായത്തില്‍ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ.

പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോള്‍ ഒന്നും കേള്‍ക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്. അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നല്‍കുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകള്‍ കയ്യിലുള്ള ആര്‍ക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറില്‍ അത് സമര്‍പ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്.

ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങളുടെ പേരില്‍ നേരത്തെ തന്നെ വിവാദമായ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്ത് കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള സംഘപരിവാര സംഘടനകളുടെ ഗൂഢ ലക്ഷ്യം തടയണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂട്ടത്തില്‍ സുപ്രീം കോടതിയടക്കം തള്ളിക്കളഞ്ഞ ലൗ ജിഹാദ് ആരോപണത്തെ വീണ്ടും ഊതിപ്പെരുപ്പിച്ച് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ചിത്രത്തിലൂടെ സംഘപരിവാര്‍ സംഘടനകള്‍ ലക്ഷ്യമിടുന്നതെന്നും സിനിമയുടെ പ്രദര്‍ശനം തടയണമെന്നുമാണ് ആവശ്യമുയരുന്നത്.

Content Highlight: muslim youth league announce one crore prize for evidence of love jihad

We use cookies to give you the best possible experience. Learn more