മലപ്പുറം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ തീവ്രവാദായാണെന്നും അദ്ദേഹം രാജ്യം വിട്ടുപോകണമെന്നുമുള്ള ബി.ജെ.പിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
നാഥുറാം വിനായക് ഗോഡ്‌സെ ബി.ജെ.പിക്ക് പതിച്ചുനല്‍കിയതല്ല ഇന്ത്യാമഹാരാജ്യം എന്ന കാര്യം ബി.ജെ.പി നേതാക്കള്‍ ഓര്‍ക്കണം. ഇന്ത്യയില്‍ പാസ്‌പോര്‍ടുള്ള ഏതൊരു പൗരനും ഏത് രാജ്യത്തേക്കും പോകാന്‍ അനുമതിയുള്ള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് ബി.ജെ.പിയല്ലെന്നും പി.കെ ഫിറോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി വംശീയവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ബി.ജെ.പി നേതാക്കന്‍മാര്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തുകയാണ്. അതില്‍ ഏറ്റവും ഒടുവിലായി കമലിനെതിരായി ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷ്ണനും എം.ടി രമേശും നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം വിലകുറഞ്ഞതാണ്. അവര്‍ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫിറോസ് പറയുന്നു.
സംഘപരിവാറിന്റെ ഫാസിസ്റ്റ് നടപടിയേയും, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ നാടുകടത്താമെന്നുമുള്ള ബി.ജെ.പിയുടെ മോഹം വ്യാമോഹമാണെന്ന കാര്യം തങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്. ഇതിനെതിരായി മതേതരശക്തികള്‍ ഒരുക്കുന്ന പ്രതിരോധ നിരയില്‍ മുസ്‌ലീം യൂത്ത് ലീഗും പങ്കുചേരുകയാണ്.
നിലവില്‍ ബി.ജെ.പിയും യുവമോര്‍ച്ചയും പരാതി കൊടുത്താല്‍ മാത്രമേ കേസെടുക്കുയൂള്ളു എന്നതാണ് കേരളത്തിലെ അവസ്ഥ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
ദളിത്, ആദിവാസി, പിന്നാക്ക വിഭാഗക്കാര്‍ക്കെതിരെ പോലീസ് എടുക്കുന്ന നടപടികള്‍ ആവര്‍ത്തിക്കുകയാണ്. പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാകും. പോലീസിന്റെ ഈ നീക്കങ്ങള്‍ക്ക് മുന്നില്‍ പിണറായി കണ്ണടയ്ക്കുകയാണ്. എന്നാല്‍ പിണറായി കണ്ണടച്ചാല്‍ കേരളം ഇരുട്ടാകില്ലെന്ന് പോലീസ് മനസിലാക്കണമെന്നും പി.കെ ഫിറോസ് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വളിക്കുന്നതുപോലും കുറ്റകരമായ നാടായി മാറി കേരളം മാറിയെന്നും പ്രധാനമന്ത്രിക്കെതിരെ മദ്രാവാക്യം വിളിച്ചതിന് കേസെടുത്ത പോലീസ് കമലിന്റെ വീടിന് മുന്നില്‍ സമരംനടത്തുകയും പ്രതിഷേധാര്‍ഹമായി ദേശീയഗാനം ആലപിച്ച് അതിനെ അവഹേളിക്കുകയും ചെയ്ത ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും പി.കെ ഫിറോസ് ചോദിക്കുന്നു.
ഷംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയ പോലീസ് ശശികല ടീച്ചര്‍ക്കെതിരെ അത് ചുമത്തിയില്ല. മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരെയും ആദിവാസികള്‍ക്കെതിരെയും യു.എ.പി.എ ചുമത്തിയപ്പോള്‍ മലപ്പുറത്ത് മതംമാറിയെന്നാരോപിച്ച്് ഫൈസല്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയപ്പോള്‍ പോലീസ് അനങ്ങിയില്ല.
ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നു എന്ന പരാതി സി.പി.ഐ.എം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന്‍ നല്‍കിയിട്ടും അന്വേഷണം നടത്താന്‍ കേരള പൊലീസ് തയ്യാറായില്ല.
തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ചതിന് രാവുണ്ണിക്കെതിരെ യു.എ.പി.എ ചുമത്തുകയും രാവുണ്ണിക്ക് താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തതിന് കോഴിക്കോട്ടെ അധ്യാപകനെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം പോലും രാജ്യദ്രോഹമാക്കി ജയിലിലടക്കുന്നത് നോട്ട പോലും നിലവില്‍ വന്ന ഈ രാജ്യത്താണെന്ന കാര്യം നമ്മള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു.
ഇത്തരത്തിലുള്ള കരിനിയമങ്ങള്‍ ദളിതര്‍ക്കും ആദിവസാലകള്‍ക്കും വേണ്ടി മാത്രം ഇപ്പോള്‍ റിസര്‍വ് ചെയ്തിരിക്കുകയാണെന്നും പി.കെ. ഫിറോസ് കുറ്റപ്പെടുത്തി.