ഓച്ചിറ: മകളെ കോളേജില്‍ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനായി പോയ അമ്മയെയും മക്കളെയും പൊലീസ് അനാവശ്യമായി തടഞ്ഞുനിര്‍ത്തിയെന്ന് പരാതി. അഫ്‌സല്‍ മണിയില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വീഡിയോയും ഫോട്ടോകളും പങ്കുവെച്ചുകൊണ്ട് പരാതി
ഉന്നയിച്ചിരിക്കുന്നത്.
മുസ്‌ലിമായതിന്റെ പേരിലാണ് തങ്ങളെ പൊലീസ് തടഞ്ഞതെന്നാണ് അഫ്‌സല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. 65 കിലോമീറ്ററുകളും ഏഴോളം പൊലീസ് പരിശോധനയും കഴിഞ്ഞെത്തിയ തങ്ങളെ കോളേജിലെത്താന്‍ 5 കിലോമീറ്റര്‍ ദൂരം മാത്രം ബാക്കിനില്‍ക്കെ ഓച്ചിറ സ്‌റ്റേഷനിലെ പൊലീസുകാര്‍ തടയുകയായിരുന്നുവെന്ന് അഫ്‌സല്‍ പറയുന്നു.
സത്യാവാങ്മൂലമടക്കമുള്ള എല്ലാ രേഖകളും കയ്യിലുണ്ടായിട്ടും പൊലീസ് പോകാന്‍ അനുവദിച്ചില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. മറ്റെല്ലാ വാഹനങ്ങളെയും രേഖകള്‍ പരിശോധിച്ച ശേഷം കടത്തിവിടുന്നുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.
ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് ആവര്‍ത്തിച്ച പൊലീസ് എന്നാല്‍ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയില്ലെന്നും അധികം സംസാരിച്ചാല്‍ കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും അഫ്‌സല്‍ പറഞ്ഞു.
5 കിലോമീറ്റര്‍ ദൂരം കഴിഞ്ഞാല്‍ കോളേജായെന്നും മകളെയും കൊണ്ട് തിരിച്ചുപോകാമെന്നും പറഞ്ഞിട്ടും പൊലീസ് കേട്ടില്ല. തങ്ങളെ മാത്രം തടയുന്നെന്തിനാണെന്ന് ഉമ്മ വീണ്ടും പൊലീസിനോട് ചോദിച്ചെന്നും പര്‍ദ്ദയാണോ പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ അതേ നിങ്ങളുടെ വസ്ത്രം തന്നെയാണ് പ്രശ്‌നമെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും അഫ്‌സല്‍ പറയുന്നു.
‘ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്‌നം, ഞാന്‍ ഇട്ടിരിക്കുന്ന പര്‍ദ ആണോ സാര്‍ കാണുന്ന വ്യത്യാസം’ ഉമ്മച്ചി രോഷത്തോടെ ഇന്‍സ്പെക്ടറോട് പറഞ്ഞു. ‘അതേ, നിങ്ങളുടെ വസ്ത്രം പ്രശ്‌നം തന്നെയാണ്. വസ്ത്രം പ്രശ്‌നം തന്നെയാണ്’ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു’ – അഫ്‌സലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഒടുവില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുന്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ഇടപെട്ടതിനെ തുടര്‍ന്നാണ് പൊലീസ് തങ്ങളെ വിട്ടയക്കാന്‍ തയ്യാറായതെന്നും അഫ്‌സല്‍ പറയുന്നു. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകും, കോടതി കയറ്റും, കേസില്‍ പെടുത്തും എന്നിങ്ങനെ പറഞ്ഞുകൊണ്ട് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അഫ്‌സല്‍ പറയുന്നു.
വാര്‍ത്തകളില്‍ മാത്രം കേട്ടിട്ടുള്ള കേരളാ പൊലീസിലെ സംഘിയെ നേരില്‍ കാണാന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് അഫ്‌സലിന്റെ കുറിപ്പ് അവസാനിക്കുന്നത്. സംഭവത്തില്‍ പൊലീസിന്റെ പ്രതികരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.