| Thursday, 23rd July 2020, 10:00 am

ഫേസ്ബുക്കില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പന്നിയെന്ന് വിളിച്ചു; മുസ്‌ലിം വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഫേസ്ബുക്കില്‍ ‘പന്നി’യെന്ന് വിളിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ആര്‍.എസ്.എസ് ഓഫീസില്‍ കൊവിഡ് പടര്‍ന്ന് ഓഫീസ് പൂട്ടിയിടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥി സാമൂഹ്യമാധ്യമത്തില്‍ ഇവരെ പന്നിയെന്ന് വിളിച്ചത്.

വിദ്യാര്‍ത്ഥിയെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ദല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഘട്ടത്തില്‍ ഇവരെ ‘അജ്ഞരായ പന്നികള്‍’ എന്ന് ബി.ജെ.പി നേതാവ് ബബിതാ ഫോഗോട്ട് വിളിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
ബി.ഫാം ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയായ സിയാ ഉല്‍ ഹക്കിനെ റാണി ദുര്‍ഗാവതി വിശ്വവിദ്യാലയയില്‍ വെച്ച് ജൂലൈ 20നാണ് ജബല്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 295 (എ) (മനഃപൂര്‍വ്വം മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കല്‍), സെക്ഷന്‍ 505 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

ആര്‍.എസ്.എസ് ഓഫീസില്‍ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ചാനല്‍ സ്‌ക്രീന്‍ഷോട്ടിന് അടിക്കുറിപ്പായി ഇന്ന് ജബല്‍പൂരിലെ 12 പന്നികള്‍ക്ക കൊവിഡ് സ്ഥിരീകരിച്ചുവെന്നായിരുന്നു സിയാള്‍ ഹക്കിന്റെ പോസ്റ്റ്.

‘ഇന്ന് ജബല്‍പൂരില്‍ 12 പന്നികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ പന്നികളുടെ ഓഫീസ് അടക്കണം. അവര്‍ രാജ്യത്തുടനീളം കൊവിഡ് പടര്‍ത്തുകയാണ്,’ എന്നായിരുന്നു ഹക്കിന്റെ പോസ്റ്റ്.

ഏപ്രില്‍ രണ്ടിനായിരുന്നു ബബിതാ ഫോഗോട്ട് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ട്വിറ്ററില്‍ പോസ്റ്റിട്ടത്. പിന്നീടത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യയില്‍ തബ്‌ലീഗ് സമ്മേളനത്തിന് വന്നവരാണ് കൊവിഡ് പടര്‍ത്തുന്നതെന്നായിരുന്നു ട്വീറ്റ്.

‘മറ്റു രാജ്യങ്ങളില്‍ വവ്വാലുകളായിരിക്കും ഇത് പടര്‍ത്തുന്നത്. പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഇത് പടര്‍ത്തുന്നത് അജ്ഞരായ പന്നികളാണ്. #NisamudheenIdiots ,’ എന്നായിരുന്നു ട്വീറ്റ്.

ജൂലൈ 19നാണ് കോണ്‍ഗ്രസിന്റെ എന്‍.എസ്.യു.ഐ ജബല്‍പൂര്‍ ഗ്രൂപ്പില്‍ സിയാ ഉള്‍ ഹക്ക് പോസ്റ്റ് ചെയ്തത്.

പോസ്റ്റില്‍ പ്രതിഷേധിച്ച് ഹിന്ദുധര്‍മ സേന പ്രവര്‍ത്തകനാണ് യുവാവിനെതിരെ ജബല്‍പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസില്‍ നല്‍കിയ പരാതിയില്‍ ഹക്ക് ചെയ്തത് മര്യാദയില്ലാത്ത, നാണമില്ലാത്ത അംഗീകരിക്കാന്‍ കഴിയാത്ത പ്രസ്താവനയാണെന്ന് പറയുന്നു. ഒരു ദേശീയ സംഘടനക്കെതിരെയുള്ള ഇത്തരത്തിലുള്ള പ്രസ്താവന ഒരു ‘മുസ്‌ലിം’ യുവാവിന്റെ സാമൂഹ്യ ഒത്തൊരുമയെ നശിപ്പിക്കാനുള്ള ശ്രമമാണെന്നും പരാതിയില്‍ പറയുന്നു.

ആര്‍.എസ്.എസ് ഒരു മത സംഘടനയല്ലെങ്കിലും ഒരു മുസ്ലിം യുവാവ് ഈ പ്രവര്‍ത്തകരെ പന്നിയെന്ന് വിളിക്കുമ്പോള്‍, അതില്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ എടുക്കാതിരിക്കാനാവില്ലെന്ന് ജബല്‍പൂര്‍ എ.എസ്.പി പറഞ്ഞു. കേസ് ഇപ്പോള്‍ കോടതിയ്ക്ക് മുമ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more