| Sunday, 6th October 2024, 7:57 am

കാൺപൂരിൽ നവരാത്രി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മുസ്‌ലിം യുവാവിന് നേരെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ നവരാത്രി ദിനത്തിൽ സംഘടിപ്പിച്ച ഗർബ, ദണ്ഡിയ (നൃത്തപരിപാടികൾ) പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിച്ച മുസ്‌ലിം യുവാവിനെ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികൾ.

സ്വരൂപ് നഗർ ഏരിയയിൽ നടന്ന പരിപാടിയിൽ അഹിന്ദുക്കൾ പ്രവേശിക്കാതിരിക്കാൻ വേണ്ടി പങ്കെടുക്കാൻ എത്തുന്ന ആളുകളുടെ ഐഡന്റിറ്റി കാർഡുകൾ വിശ്വഹിന്ദു പരിഷത്ത് പരിശോധിച്ചിരുന്നു. അത്തരത്തിൽ നടത്തിയ പരിശോധനയിൽ മുസ്‌ലിം യുവാവിനെ കണ്ടെത്തുകയും കൂട്ടമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

മതം ചോദിച്ചു യുവാവിനെ ചിലർ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

നവരാത്രി ദിനത്തിൽ നടക്കുന്ന നൃത്ത പരിപാടികൾ സംഘടിപ്പിക്കാനോ അതിൽ പങ്കെടുക്കാനോ അഹിന്ദുക്കളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള തീവ്ര ഹിന്ദുത്വവാദികൾ പൊലീസിനെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം നടന്നത്.

ആധാർ കാർഡുകൾ പരിശോധിച്ച ശേഷം മാത്രമേ പരിപാടിയിലേക്ക് പ്രവേശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് കാൺപൂർ ജില്ലാ മജിസ്ട്രേറ്റിനും ജില്ലാ പൊലീസ് മേധാവിക്കും വിശ്വഹിന്ദു പരിഷത്ത് മെമ്മോറാണ്ടം നൽകിയിരുന്നു.

തങ്ങൾ നടത്തുന്ന പരിപാടിയിൽ ഹിന്ദുക്കളെ മാത്രമേ അനുവദിക്കാവൂ എന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് ഗൗരംഗ് ദീക്ഷിത് പറഞ്ഞിരുന്നു. സമാനമായ സംഭവങ്ങൾ നേരത്തെയും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. മുസ്‌ലിം വിഭാഗത്തിനു നേരെയുള്ള നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് പരിപാടികൾ റദ്ദാക്കേണ്ടി വന്നു.

Content Highlight: Muslim youth beaten up by VHP members for ‘trying to enter’ Navratri function in Kanpur

We use cookies to give you the best possible experience. Learn more