ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു
national news
ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 8:41 pm

ബെംഗളൂരു: ഹിന്ദു സുഹൃത്തിനോട് സംസാരിച്ചതിന് മുസ്‌ലിം യുവാവിന് മര്‍ദനം. കര്‍ണാടകയിലെ സുള്ള്യയിലാണ് സംഭവം. 19കാരനായ യുവാവാണ് മര്‍ദിക്കപ്പെട്ടത്. സംഭവത്തില്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സുള്ള്യയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. കൊടിയല്‍ബെയ്‌ലിലെ ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

സഹപാഠിയായ ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിനായിരുന്നു യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും പഠിക്കുന്ന കോളേജിലെ ഏതാനും വിദ്യാര്‍ത്ഥികളും പുറത്തുനിന്നെത്തിയ സംഘവും ചേര്‍ന്നായിരുന്നു മര്‍ദനം.

സുള്ള്യയിലെ ജാല്‍സൂര്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ സനീഫ് ആണ് ആക്രമിക്കപ്പെട്ടത്. വടിയും കത്തിയും ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പൊലീസിനോട് പറഞ്ഞിരുന്നു.

കോളേജ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി ആയിരുന്നു സംഘം യുവാവിനെ മര്‍ദിച്ചത്.

സംഭവത്തില്‍ തനു, മോക്ഷിത്, ദീക്ഷിത്, അക്ഷയ്, പ്രജ്വല്‍, ചരണ്‍, ധനുഷ്, നിശ്ചയ്, പവന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlight: Muslim youth attacked for talking to hindu girl in college, nine arrested