കാട്ടാക്കട: നാടുവിട്ടുപോകാന്‍ ആവശ്യപ്പെട്ട് കാട്ടാക്കടയില്‍ മുസ്‌ലിം യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ജാര്‍ഖണ്ഡ് സ്വദേശി കലാം എന്ന ഇര്‍സാബിനെയാണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കാട്ടാക്കട മാര്‍ക്കറ്റിനു സമീപത്തെ ഹോട്ടലില്‍ പാചകത്തൊഴിലാളിയായി ജോലി നോക്കുകയാണ് കലാം. ഞായറാഴ്ച രാത്രിയോടെ എസ്.എന്‍ നഗറില്‍വെച്ച് പേരുചോദിച്ചശേഷം മൂന്നുപേര്‍ ആക്രമിക്കുകയായിരുന്നു. കലാം എന്ന് പേര് പറഞ്ഞയുടന്‍ മുസ്‌ലിം ആണോയെന്ന് ചോദിച്ച് കയ്യില്‍ കരുതിയിരുന്ന ഇരുമ്പ് കമ്പി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
“മുസ്‌ലീങ്ങള്‍ ഇവിടെ ജീവിക്കണ്ടാ, സ്വന്തം നാട്ടിലേക്ക് പോകണം. ഇല്ലെങ്കില്‍ കൊന്നുകളയും” എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദ്ദനമെന്ന് കലാമിനെ ഉദ്ധരിച്ച് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കലാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉറക്കെ നിലവിളിച്ചെങ്കിലും പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ അക്രമികളില്‍ ഒരാളെ തള്ളിവീഴ്ത്തിയശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് കലാം പറയുന്നു.
സംഭവം അറിഞ്ഞെത്തിയ ചിലര്‍ ചേര്‍ന്ന് കലാമിനെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. നെഞ്ചില്‍ എല്ലിന് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
സ്‌പ്ലെന്‍ഡര്‍ ബൈക്കിലാണ് അക്രമികള്‍ എത്തിയത്. ജോലി കഴിഞ്ഞ് സമീപത്തെ വാടകമുറിയിലേക്ക് പോകുകയായിരുന്നു കലാം.
അഞ്ചുമാസമായി കാട്ടാക്കടയിലെ ഹോട്ടലില്‍ കുക്കായി ജോലി നോക്കുകയാണ് കലാം. ഭാര്യയും കുടുംബവും കലാമിനൊപ്പം എസ്.എന്‍ നഗറിലെ വാടകവീട്ടിലാണ് താമസം.
ആര്യനാട് സി.ഐ അനില്‍കുമാര്‍, കാട്ടാക്കട എസ്.ഐ ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.