മലാലയെ സ്വീകരിക്കുന്ന റാബിത്വ തലവന്‍; മലാലയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന മുസ്‌ലിം ലോകം | D World
ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ആക്ടിവിസ്റ്റും നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായിക്ക് സ്വീകരണം നല്‍കി മുസ്‌ലിം വേള്‍ഡ് ലീഗ് (Muslim World League). സംഘടനയുടെ മക്കയിലെ ആസ്ഥാനത്തായിരുന്നു സ്വീകരണം നല്‍കിയത്.

മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും അസോസിയേഷന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് ചെയര്‍മാനുമായ ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍- ഇസ്സയുമായും (Sheikh Dr. Mohammed Bin Abdul Karim Al-Issa) മലാല കൂടിക്കാഴ്ച നടത്തി.

അബ്ദുല്‍ കരിം അല്‍- ഇസ്സയായിരുന്നു സംഘടനക്ക് വേണ്ടി മലാലയെ സ്വീകരിച്ചത്. ഇരുവരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി മലാല നടത്തുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍- ഇസ്സ അഭിനന്ദിച്ചു.

ലോകമെമ്പാടും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ മുസ്‌ലിം വേള്‍ഡ് ലീഗിനുള്ള പങ്കിനെയും സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചുകൊണ്ടും ചര്‍ച്ചക്കിടെ മലാല സംസാരിച്ചു.

പാകിസ്ഥാന്‍ പൗരയായ മലാല നിലവില്‍ ബ്രിട്ടനിലാണ് താമസിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് വേണ്ടിയാണ് മലാല പ്രവര്‍ത്തിച്ചുവരുന്നത്.

നൊബേല്‍ പുരസ്‌കാര ജേതാവായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മലാല.

Content Highlight: Muslim World League secretary general met with Nobel prize winner and activist Malala Yousafzai in Saudi Arabia