ചണ്ഡിഗഢ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍ പതിപ്പിച്ചു. മുസ്‌ലിം കുടിയേറ്റ തൊഴിലാളികള്‍ പിരിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ അവരുടെ വീടുകള്‍ക്ക് തീയിടുമെന്നും ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകളാണ് തൊഴിലാളികളുടെ മുറികളുടെ മുന്നില്‍ പതിപ്പിച്ചിരിക്കുന്നത്.
69,70,71 എന്നീ സെക്ടറുകളില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ മുറികള്‍ക്ക് പുറത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ കര്‍ശന നടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
‘രണ്ടു ദിവസത്തിനകം ചേരികള്‍ ഒഴിഞ്ഞിരിക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ ചേരികള്‍ക്ക് തീയിടും. നിങ്ങളുടെ മരണത്തിന് നിങ്ങള്‍ തന്നെ കാരണമാകും,’ എന്നാണ് ഒരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
പോസ്റ്ററുകള്‍ തൊഴിലാളികള്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. താനും പങ്കാളിയും നഗരം വിടാന്‍ തീരുമാനിച്ചതായി സെക്ടര്‍ 70ല്‍ ജോലി ചെയ്യുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ഷാഹിദ് ഖാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
‘ഞങ്ങള്‍ ഓഗസ്റ്റ് 21നാണ് തിരിച്ചെത്തിയത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇവിടം സുരക്ഷിതമല്ല. എന്റെ ഭാര്യ ഗര്‍ഭിണിയാണ്. എനിക്ക് അവളുടെയും ജനിക്കാനിരിക്കുന്ന കുട്ടിയുടെയും കാര്യത്തില്‍ പേടിയുണ്ട്,’ അദ്ദേഹം പറഞ്ഞു.
പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം പലരും ഗുരുഗ്രാം വിട്ട് പോകുകയാണ്. വീട്ടുജോലിക്കാരും കാര്‍ ക്ലീനര്‍മാരും ഭീതിയോടെയാണ് ജീവിക്കുന്നതെന്ന് സെക്ടര്‍ 70ലെ തുലിപ് ഐവറി റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ അംഗമായ അജയ് ശര്‍മ പ്രതികരിച്ചു.
‘ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്ത് കുമാര്‍ യാദവ് സന്ദര്‍ശിക്കുകയും കുടിയേറ്റക്കാരോട് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവരുടെ സുരക്ഷയ്ക്കായി അധിക സേനയെ വിന്യസിച്ചിട്ടുമുണ്ട്. ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷിതത്വവും അദ്ദേഹം ഉറപ്പ് നല്‍കി. സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി ഞങ്ങള്‍ സമാധാന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഗുരുതരമായി എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് സര്‍ക്കാരും നിയമപാലകരും ഇടപെടണമെന്നും ഗുരുഗ്രാം ജനത ആവശ്യപ്പെടുന്നു.
മുസ്‌ലിം കുടിയേറ്റക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പൊലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടൈന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വരുണ്‍ സിംഗ്ലയും പറഞ്ഞു.
‘പോസ്റ്റര്‍ പതിപ്പിച്ചവരെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. സമാധാനം തകര്‍ക്കുന്നതിനും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും,’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ തങ്ങളല്ല പോസ്റ്റര്‍ പതിപ്പിച്ചതെന്നാണ് വി.എച്ച്.പി പറയുന്നത്. ആരോ മനപ്പൂര്‍വം തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വി.എച്ച്.പി അംഗം കുല്‍ഭൂഷണ്‍ ഭരദ്വാജ് പറഞ്ഞു. എന്നാല്‍ ഒരു പോസ്റ്ററിന്റെ താഴെ വി.എച്ച്.പി എന്ന് എഴുതിയിട്ടുണ്ട്.
അതേസമയം വിലക്ക് ലംഘിച്ചും നൂഹില്‍ ഇന്ന് വി.എച്ച്.പിയുടെ ഘോഷയാത്ര സംഘടിപ്പിക്കുന്നുണ്ട്. ശിവക്ഷേത്രത്തില്‍ നിന്നും 11 മണിക്കാണ് ജാഥ ആരംഭിക്കുന്നത്. മുന്‍ കരുതലിന്റെ ഭാഗമായി നൂഹില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് ജാഥക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.
content highlights: ‘Muslim workers must leave’; Threat poster in the name of VHP again in Gurugram