മലപ്പുറം: മാസ്‌ക് ധരിക്കാത്തതിന് വയോധികയ്ക്ക് പിഴ ചുമത്തിയെന്ന പ്രചരണത്തില്‍ വിശദീകരണവുമായി ഉദ്യോഗസ്ഥര്‍. മാസ്‌ക് ധരിക്കാതെ പുറത്തിറക്കിയതിന് മക്കള്‍ക്ക് താക്കീത് നല്‍കുകയാണുണ്ടായതെന്നും പിഴ ചുമത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മലപ്പുറം എടക്കര മൂത്തോടം ചോളമുണ്ട സ്വദേശി ആയിഷയോട് മാസ്‌ക് ധരിക്കാത്തതിന് പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഹംസ തന്നെയാണ് വീഡിയോ എടുത്തത്.
എന്നാല്‍ വീഡിയോ പ്രചരിച്ചതോടെ വയോധികയോട് പൊലീസ് ഫൈന്‍ ആവശ്യപ്പെട്ടുവെന്ന തരത്തില്‍ പ്രചരണമുണ്ടായി. അതേസമയം വീഡിയോ ചിത്രീകരിച്ചത് പ്രചരിപ്പിക്കുന്നതിനായിരുന്നില്ലെന്നും വയോധികയുടെ നിഷ്‌കളങ്കമായ സംസാരം കേട്ടപ്പോള്‍ എടുത്തതാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവര്‍ മീഡിയ വണ്ണിനോട് പറഞ്ഞു.
വീഡിയോ താനല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും കുടുംബത്തിനുണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.