തിരുവനന്തപുരം: മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. അഖിലഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ്നാഥാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളെയും മുസ്‌ലീം പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി പ്രവേശിപ്പിക്കണമെന്നതാണ് ഹരജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് ആരാധന അനുവദിക്കണമെന്ന ആവശ്യവുമായി അഖിലഭാരത് ഹിന്ദു മഹാസഭ രംഗത്തെത്തിയത്.
നേരത്തെ സുന്നി പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞിരുന്നു. പള്ളികളില്‍ പ്രവേശനം അനുവദിച്ചാലെ ആരാധന സ്വാതന്ത്ര്യം ലഭിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ശബരിമലയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലിം സംഘടനകള്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
മുസ്ലിം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഭരണഘടന അനുശാസിക്കുന്ന ആരാധന സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഉടന്‍ ഹരജി നല്‍കുമെന്ന് മുസ്ലിം സ്ത്രീസംഘടനയായ നിസ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.
പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
WATCH THIS VIDEO: