| Tuesday, 19th January 2016, 7:59 am

ഇംഗ്ലീഷ് അറിയാത്ത മുസ്‌ലീം യുവതികളെ ബ്രിട്ടനില്‍ നിന്നും നാടുകടത്തുമെന്ന് ഡേവിഡ് കാമറൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയാത്ത മുസ്‌ലിം വനിതകളെ ബ്രിട്ടനില്‍ നിന്ന് നാടുകടത്തുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇംഗ്ലീഷിലുള്ള പരിജ്ഞാനക്കുറവ് ആളുകള്‍ ഇസിസ് പോലുള്ള ഗ്രൂപ്പുകള്‍ നല്‍കുന്ന സന്ദേശങ്ങളാല്‍ എളുപ്പം സ്വാധീനിക്കപ്പെടുമെന്നും കാമറൂണ്‍ അഭിപ്രായപ്പെട്ടു.

ഒറ്റപ്പെട്ട മതവിഭാഗങ്ങളിലെ സ്ത്രീകളില്‍ ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി കണ്‍സര്‍വേറ്റീവുകള്‍ 20 മില്യണ്‍ പൗണ്ടിന്റെ പദ്ധതി ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കാമറൂണിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

പങ്കാളിക്കൊപ്പം താമസിക്കാന്‍ ബ്രിട്ടനില്‍ എത്തുന്ന ഭാര്യ ഇവിടെ എത്തുന്നതിനു മുമ്പു തന്നെ ഇംഗ്ലീഷ് പഠിച്ചിരിക്കണമെന്ന വ്യവസ്ഥ എമിഗ്രേഷന്‍ നിയമത്തില്‍ നിലവിലുണ്ട്. എന്നാല്‍ ബ്രിട്ടനിലെത്തി രണ്ടരവര്‍ഷത്തിനുശേഷം ഇവരുടെ ഭാഷാ പരിജ്ഞാനം വര്‍ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ പരീക്ഷകള്‍ നേരിടേണ്ടിവരുമെന്നും കാമറൂണ്‍ അറിയിച്ചു.

“നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ നില്‍ക്കാന്‍ കഴിയും എന്നതിന് യാതൊരു ഉറപ്പുമില്ല. ജനങ്ങള്‍ ഞങ്ങളുടെ രാജ്യത്തേക്ക് വരുന്നു. അവര്‍ക്ക് ഉത്തരവാദിത്തങ്ങളുമുണ്ട്.” കാമറൂണ്‍ ബി.ബി.സി റേഡിയോയോട് പറഞ്ഞു.

ഇംഗ്ലണ്ടിലെ 190,000 മുസ്‌ലിം യുവതികളില്‍ ഏതാണ്ട് 22% പേര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞവരോ അല്ലെങ്കില്‍ ഒട്ടും ഇംഗ്ലീഷ് അറിയാത്തവരോ ആണ്.

കാമറൂണിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്‌ലിം സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കാമറൂണിന്റെ വാക്കുകള്‍ അപകീര്‍ത്തികരമാണെന്ന് റമദാന്‍ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് മുഹമ്മദ് ഷാഫിഖ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് മുസ്‌ലീങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഡേവിഡ് കാമറൂണും അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവുകളും ഒരിക്കല്‍ കൂടി ഉപയോഗിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more