| Tuesday, 9th October 2018, 10:59 am

പെണ്ണുങ്ങളുടെ കൂടി മിനക്കേടില്‍ ഉണ്ടായതല്ലേ നമ്മുടെ പള്ളികളൊക്കെ? അവരോട് മാറി നില്ക്കാന്‍ പറയാന്‍ നമ്മള്‍ ആണുങ്ങള്‍ ആരാണ്?

എന്‍.പി. ആഷ്‌ലി

ശബരിമലക്ക് പോകണമെന്നുള്ള ഹിന്ദു സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടി വരുന്നത് തനിക്കു ശബരിമലയില്‍ പോകണം എന്ന് പറഞ്ഞു അയ്യപ്പഭക്ത/ കള്‍ വരുമ്പോള്‍ മാത്രമാണ്. അന്ന് അവരെ ബലം പ്രയോഗിച്ചു നീക്കാനോ ഭീഷണിപ്പെടുത്താനോ കായികമായി കൈകാര്യം ചെയ്യാനോ ആരെങ്കിലും വരുന്നതുവരെ ശബരിമലകാര്യത്തില്‍ എല്ലാവരും നടത്തുന്ന ബഹളത്തില്‍ ഹിന്ദു സമൂഹത്തിന് പുറത്തുള്ളവര്‍ക്ക് ഒന്നും പറയാനില്ല എന്ന് തന്നെയാണ് എന്റെ നിലപാട്. ആര്‍ത്തവമുള്ള സ്ത്രീ ശരീരം അശുദ്ധമാണ് അത് കൊണ്ട് പെണ്ണുങ്ങള്‍ ജോലി ചെയ്യരുത് എന്ന് പറയുന്നിടത്തു ഒരു വ്യക്തി സ്വാതന്ത്ര്യനിഷേധം ഉണ്ട്. ഇവിടെ ഉള്ളത് വിശ്വാസസ്വാതന്ത്ര്യ നിഷേധമാണ്. അത് ആ സമുദായത്തില്‍പ്പെട്ടവര്‍- വിശ്വാസികളും അവിശ്വാസികളും- ചേര്‍ന്നു തീരുമാനിക്കട്ടെ. അവര്‍ക്കു വേണമെങ്കില്‍ ചെയ്യട്ടെ. വേണ്ടെങ്കില്‍ ചെയ്യണ്ട.

ഒരു മുസ്ലിം എന്ന നിലക്ക് പറയാനുള്ളത് മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനത്തെപ്പറ്റി മാത്രമാണ്. ഒരു പാട് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇസ്ലാം ലിംഗനീതിയില്‍ വിശ്വസിക്കുന്നു എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. ഏതു മതത്തിലും സ്വയം ശുദ്ധീകരണത്തിന്റെയും ധാര്‍മികതയുടെയും ദാനധര്മത്തിന്റെയും വിനയത്തിന്റെയും പാഠങ്ങളുണ്ടാവുമല്ലോ. അത് കൊണ്ട് മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിപ്രവേശനം ഒരാവകാശമായിത്തന്നെ അംഗീകരിച്ചു കിട്ടേണ്ടതാണ്.

മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ മുസ്ലിം സ്ത്രീകളെ പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കുന്നുണ്ടല്ലോ? ആവശ്യമുള്ളവര്‍ക്ക് അവിടങ്ങളില്‍ പോകാമല്ലോ? മുസ്ലിംകള്‍ക്ക് എവിടെയും പ്രാര്ഥിക്കാമല്ലോ സുന്നിപ്പള്ളിയില്‍ തന്നെ പ്രാര്ഥിക്കുന്നതെന്തിന് എന്നൊക്കെ ചോദിക്കുന്നവരോട് പറയാനുള്ളത് ഒരു സുന്നി മുസ്ലിം സ്ത്രീക്ക് സുന്നിപ്പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് നിര്‍വഹിക്കാനുള്ള അവകാശം അവളുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമായിത്തന്നെ ഉണ്ടാവണം എന്നാണു. ഈ പള്ളികള്‍ അവരുടേത് കൂടിയാണ്. വേണ്ട എന്ന് പറയാന്‍ പള്ളിക്കമ്മിറ്റികള്‍ക്കു അവകാശമില്ല. ഭരണഘടനാപരമായും വിശ്വാസപരമായും.

യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ ഉള്ള സ്ഥലം എന്ന ബോര്‍ഡ് വെച്ച് സൗകര്യം ചെയ്യുന്നുണ്ട് എ പി സുന്നിക്കാര്‍ ചിലയിടങ്ങളില്‍. അതും പോര. സ്ത്രീ ആയതുകൊണ്ട് മാത്രം ആളുകള്‍ മാറ്റിനിര്‍ത്തപ്പെടുന്ന ഒരിടവും ഉണ്ടായിക്കൂടാ. മറ്റു മതക്കാര്‍ എങ്ങിനെയോ സ്വന്തം സ്ത്രീകളെ ട്രീറ്റ് ചെയ്യട്ടെ. അത് മുസ്ലിംകള്‍ക്ക് സ്വന്തം മതപരവും ധാര്‍മികവുമായ കടമകള്‍ നിറവേറ്റാതിരിക്കാന്‍ കാരണമാവരുത്.

മുമ്പ് കാലങ്ങളില്‍ പെണ്ണുങ്ങള്‍ ഓഫീസുകളില്‍ പോയിരുന്നില്ല, കടല്‍ കടന്നു വിദേശത്തു ജോലിക്കു പോയിരുന്നില്ല, ഫോണ്‍ ഉപയോഗിച്ചിരുന്നില്ല, കടയില്‍ പോയിരുന്നില്ല, ജോലിക്കു നിന്നിരുന്നില്ല- ഒപ്പം പള്ളിയിലും പോയിരുന്നില്ല. ഇപ്പൊ അതൊക്കെ മാറിയപ്പോ പള്ളിയില്‍ മാത്രം കയറരുത് എന്ന വാദം എത്ര മാത്രം ശരിയാവും?

ഭക്തിയുടെയും കലയുടെയും മഹാസമ്മേളനങ്ങളായി വിശ്വാസത്തെയും നാട്ടാചാരങ്ങളെയും ഒരുമിപ്പിച്ചു കൊണ്ട് പോകുന്നതിലും മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തിലും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ആള്‍ ബലമുള്ളതുമായ മുസ്ലിം പ്രസ്ഥാനമായ ഇ കെ സുന്നി വിഭാഗം ചെയ്ത മഹത്തായ സംഭാവനകളെ മാനിക്കുകയും അവയോടു ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക് ചോദിച്ചോട്ടെ: നമ്മള്‍ എന്തിനാണ് നമ്മുടെ സ്ത്രീകളെ ഇനിയും മാറ്റി നിര്‍ത്തുന്നത്?

നാട്ടില്‍ “പള്ളിപ്പണി” എന്നൊരു വാക്കുണ്ട്. കൂലി കിട്ടാത്ത പണി എന്നര്‍ത്ഥം. പണ്ട് കാലത്തു പള്ളിയുണ്ടാക്കിയിരുന്നത് സേവനവാരം പോലെ ഒരേര്‍പ്പാടായിരുന്നു എന്നര്‍ത്ഥം. ഇപ്പണിയില്‍, അല്ലെങ്കില്‍ പണിക്കാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ എത്ര പെണ്ണുങ്ങള്‍ കഷ്ടപ്പെട്ടിരിക്കും? രാത്രിയില്‍ നടന്നിരുന്ന “വഅളു” എന്ന രാപ്രസംഗം കേള്‍ക്കാനും ലേലം ചെയ്യുന്ന കോഴിമുട്ട വാങ്ങാനും എത്ര പെണ്ണുങ്ങള്‍? അവരുടെ കൂടി പങ്കാളിത്തത്തില്‍ മിനക്കേടില്‍ ഉണ്ടായതല്ലേ നമ്മുടെ പഴയപള്ളികളൊക്കെ? അവരില്‍ വരേണ്ടവരോട് മാറി നില്ക്കാന്‍ പറയാന്‍ നമ്മള്‍ ആണുങ്ങള്‍ ആരാണ്?

(എന്നെ സലഫിയും ജമാഅത്തെ ഇസ്ലാമി അനുഭാവിയും ആക്കിയുള്ള പോസ്റ്റുകളും ലേഖനങ്ങളും കുറെ കഷ്ടപ്പെട്ട് എഴുതാന്‍ നില്‍ക്കുന്നവരോട്. ഒരു ഗ്രൂപ്പിലും ഇല്ലാത്ത ആളാണ്. പഠിച്ചത് ഇ കെ സുന്നി മദ്രസയിലാണ്. ഉള്ള സംഘടനകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പലകാര്യത്തിലും ഇ കെ വിഭാഗത്തെത്തന്നെയാവും തിരഞ്ഞെടുക്കുകയും. അത് പരിഗണിക്കാതെ ബ്രാന്ഡിങ്ങിന് ഇറങ്ങരുതെ എന്നൊരു അപേക്ഷയുണ്ട്).

എന്‍.പി. ആഷ്‌ലി

ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍

Latest Stories

We use cookies to give you the best possible experience. Learn more