| Tuesday, 13th April 2021, 7:52 am

50 വര്‍ഷം നീണ്ട പോരാട്ടം; കോടതി വഴിയല്ലാതെ വിവാഹമോചനത്തിന് മുസ്‌ലീം സ്ത്രീകള്‍ക്കും അവകാശം, ഖുല്‍ഉം, ത്വലാഖ്-എ തഫ്വിസും, മുബാറത്തും ഇനി നിയമപരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുസ്‌ലീം സ്ത്രീകള്‍ക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് വഴി അവസാനിക്കുന്നത് 50 വര്‍ഷത്തോളം നീണ്ട പോരാട്ടം. മുത്തലാഖ് പോലുള്ള നിയമവിരുദ്ധ സംവിധാനങ്ങളടക്കം പുരുഷന്‍മാര്‍ വിവാഹ മോചനത്തിനായി ഉപയോഗിച്ചപ്പോള്‍ ഇത്തരം സംവിധാനങ്ങളൊന്നും സ്ത്രീകള്‍ക്ക് അനുവദിച്ചിരുന്നില്ല.

മുസ്‌ലീം സ്ത്രീകള്‍ക്ക് കോടതി വഴി മാത്രമേ വിവാഹ മോചനം സാധ്യമാകൂ എന്ന് കെ.സി. മോയിന്‍ – നഫീസ കേസില്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിന് കോടതി അംഗീകാരം നല്‍കിയിരിക്കുന്നത്.

സമുദായത്തിലെ പുരുഷ കേന്ദ്രീകൃത സമൂഹം മുസ്‌ലീം സ്ത്രീകളെ ജുഡീഷ്യല്‍ വിവാഹ മോചനത്തില്‍ തളച്ചിട്ടിരിക്കുകയായിരുന്നുവെന്ന് കോടതി വിലയിരുത്തി.

ഉത്തരവാദിത്വം നിറവേറ്റാത്ത ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്താന്‍ ത്വലാഖ് – എ തഫ്വിസ് മുസ്‌ലീം സ്ത്രീക്ക് അനുവദനീയമാണ്. ഏകപക്ഷീയമായി വിവാഹ മോചനത്തിന് അവകാശം നല്‍കുന്നതാണ് ഖുല്‍അ് നിയമം.

പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടാന്‍ മുബാറാത്ത് രീതിയിലൂടെ അവകാശമുണ്ട്. ഖ്വാസിമാരെ പോലുള്ള മൂന്നാം കക്ഷിയുടെ സാന്നിധ്യത്തില്‍ വിവാഹ മോചനത്തിന് അനുമതി നല്‍കുന്നതാണ് ഫസ്ഖ്.

1937-ലെ ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിനായി ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോടതി മുഖേനയാണ് ഫസ്ഖ് ബാധകമാവുക.

ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muslim Women Have Rights to Divorce out of Court

We use cookies to give you the best possible experience. Learn more