മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമ പരിഷ്‌കരണം; മത സംഘടനകളിലെ പുരുഷ പ്രതിനിധികളെ മാത്രം സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു: മുസ്‌ലിം വുമണ്‍ ഫോര്‍ ജെന്റര്‍ ജസ്റ്റിസ്
Kerala News
മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമ പരിഷ്‌കരണം; മത സംഘടനകളിലെ പുരുഷ പ്രതിനിധികളെ മാത്രം സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു: മുസ്‌ലിം വുമണ്‍ ഫോര്‍ ജെന്റര്‍ ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th December 2022, 9:18 am

കോഴിക്കോട്: മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമം സ്ത്രീകള്‍ക്ക് തുല്യത ലഭിക്കുന്ന തരത്തില്‍ പരിഷ്‌കരിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം മത സംഘടനകളുടെ പുരുഷ പ്രതിനിധികളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചുവെന്ന് മുസ്‌ലിം വുമണ്‍ ഫോര്‍ ജെന്റര്‍ ജസ്റ്റിസ് (Muslim Women for Gender Justice).

ഇന്ത്യയിലെ മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ കാലോചിതമായും തുല്യനീതിയില്‍ അധിഷ്ഠിതമായും ഭരണഘടന ഉറപ്പുതരുന്ന പൗരാവകാശങ്ങളും സ്ത്രീകള്‍ക്ക് ഉറപ്പാക്കുന്ന തരത്തിലും പരിഷ്‌കരിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് നിസ (NISA) സംഘടനയുടെ ആഭിമുഖ്യത്തില്‍ പൗരാവകാശ പ്രവര്‍ത്തകരുടെ യോഗം കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ചാണ് വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ചേര്‍ന്ന് ‘മുസ്‌ലിം വുമണ്‍ ഫോര്‍ ജെന്റര്‍ ജസ്റ്റിസ്’ എന്ന കൂട്ടായ്മ രൂപീകരിച്ചത്.

മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമം സ്ത്രീകള്‍ക്കനുകൂലമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വിവിധ സംഘടനകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ യാഥാസ്ഥിതികരായ മുസ്‌ലിം മതസംഘടനകളുടെ പുരുഷ പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിക്കുകയും മുസ്‌ലിം വ്യക്തിനിയമത്തില്‍ മാറ്റം വരുത്താന്‍ കോടതിക്കോ സര്‍ക്കാരിനോ അധികാരമില്ലെന്ന അവരുടെ അഭിപ്രായം കേരളത്തിന്റെ പൊതു അഭിപ്രായമായി അറിയിക്കാന്‍ തീരുമാനിക്കുകയുമാണ് ചെയ്തത് എന്നാണ് മുസ്‌ലിം വുമണ്‍ ഫോര്‍ ജെന്റര്‍ ജസ്റ്റിസിന്റെ ആരോപണം.

”മുസ്‌ലിം വ്യക്തി നിയമത്തില്‍ ഏറ്റവും കൂടുതല്‍ വിവേചനം അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്വത്തവകാശത്തിന് വേണ്ടി ലോകത്താകമാനം സ്ത്രീകള്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഹിന്ദു മതത്തിലും ക്രിസ്തുമതത്തിലും പെട്ട സ്ത്രീകള്‍ക്ക് സ്വത്തവകാശത്തില്‍ തുല്യത ലഭിക്കുന്നത് അതത് മതങ്ങളിലെ യാഥാസ്ഥിതികരുടെ പക്ഷത്തുനിന്ന് നിരവധി എതിര്‍പ്പുകളെ നേരിട്ടുകൊണ്ടുള്ള നിയമനിര്‍മാണങ്ങളിലൂടെയും കോടതി വിധികളിലൂടെയുമാണ്.

മാതാപിതാക്കളുടെ സ്വത്ത് ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യമായി വീതിക്കപ്പെടാതിരിക്കുന്നത് ആധുനിക സമൂഹത്തില്‍ തികഞ്ഞ അനീതിയാണ്. മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തില്‍ മുസ്‌ലിം വ്യക്തി നിയമപ്രകാരം ഭാര്യയ്ക്ക് 1/8ന് മാത്രമാണ് അവകാശം. മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മരിച്ചുപോയ മക്കളുണ്ടെങ്കില്‍ അവരുടെ മക്കള്‍ക്ക് പിതാമഹ/മാതാമഹരുടെ സ്വത്തില്‍ യാതൊരു അവകാശവുമില്ല. അതുപോലെ സ്വത്ത് വീതം വെക്കുമ്പോള്‍ തുല്യ ബന്ധത്തിലുള്ള സ്ത്രീ പുരുഷന്‍മാരില്‍ പുരുഷന്റെ പകുതി അവകാശം മാത്രമേ സ്ത്രീക്ക് ലഭിക്കൂ. ഇതൊക്കെ കടുത്ത വിവേചനങ്ങളാണ്.

സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ യാതൊരു അവകാശവുമില്ലാതിരുന്ന ആറാം നൂറ്റാണ്ടില്‍ വളരെ പുരോഗമനപരമായ ഒന്നായിരുന്നു ആണ്‍മക്കള്‍ക്കു കിട്ടുന്നതിന്റെ പകുതിയെങ്കിലും പെണ്‍മക്കള്‍ക്ക് സ്വത്തവകാശം ലഭ്യമായി എന്നത്. അന്നത്തെ ഗോത്രവര്‍ഗ സാമൂഹിക -കുടുംബ ജീവിതമല്ല ഇന്ന്. കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം പൂര്‍ണമായും പുരുഷനാണ് എന്ന ഖുര്‍ആനിക കാഴ്ചപ്പാട് ആധുനിക സമൂഹത്തിന് യോജിച്ചതോ നടപ്പാകാന്‍ പറ്റുന്നതോ അല്ല. കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം പല കാരണങ്ങളാല്‍ ഒറ്റയ്ക്ക് ഏറ്റെടുക്കുന്ന സ്ത്രീകള്‍ ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണ്.

ഇന്ത്യയിലെ മുസ്‌ലിം പിന്തുടര്‍ച്ചാവകാശനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. പല ഇസ്‌ലാമിക രാജ്യങ്ങളിലും മുസ്‌ലിം വ്യക്തിനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയിലും തുല്യനീതിയില്‍ അധിഷ്ഠിതമായ പരിഷ്‌കരണങ്ങള്‍ ഉണ്ടാവേണ്ടത് ഭരണഘടനാ മൂല്യങ്ങളും ഭരണഘടന ഉറപ്പുതരുന്ന പൗരാവകാശങ്ങളും സ്ത്രീകള്‍ക്ക് ഉറപ്പാക്കുന്നതിന് ആവശ്യമാണ്,” മുസ്‌ലിം വുമണ്‍ ഫോര്‍ ജെന്റര്‍ ജസ്റ്റിസിന്റെ പ്രസ്താവനയില്‍ പറയുന്നു.

വിഷയത്തില്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ദേശീയ നിയമ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് അയച്ചുകൊടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. സാമൂഹ്യപ്രവര്‍ത്തകയും നിസ സംഘടനയുടെ ഭാരവാഹിയുമായ വി.പി. സുഹ്‌റ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. അജിത, ഹമീദ് ചേന്നമംഗലൂര്‍, വിജി പെണ്‍കൂട്ട്, പി.ടി. ഹരിദാസ്, ആര്‍.വി. ഫാത്തിമ, വി.പി. ഹമീദ, അഞ്ജലി പി.കെ തുടങ്ങിയവര്‍ സംസാരിച്ചു. എം. സുല്‍ഫത്ത് സ്വാഗതവും സഫിയ പി.എം നന്ദിയും പറഞ്ഞു.

Content Highligt: Muslim Women for Gender Justice formed under NISA in relation with Inheritance under Muslim law