കാനഡയില്‍ ഹിജാബ് ധാരിയായ മുസ്‌ലിം സ്ത്രീക്കെതിരെ മെട്രോയില്‍ ആക്രമണം
national news
കാനഡയില്‍ ഹിജാബ് ധാരിയായ മുസ്‌ലിം സ്ത്രീക്കെതിരെ മെട്രോയില്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th March 2023, 8:52 pm

ഒട്ടാവ: കാനഡയില്‍ ഹിജാബ് ധരിച്ച മുസ്‌ലിം യുവതിക്ക് നേരെ മെട്രോ ട്രെയ്‌നില്‍ ആക്രമണം. വോഗന്‍ മെട്രോ പൊളിറ്റന്‍ സെന്ററിനും ഫിഞ്ച് വെസ്റ്റ് ലൈനിനും ഇടയില്‍ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

ട്രെയ്‌നിലെ കോച്ചില്‍ യുവതിയോടൊപ്പം യാത്ര ചെയ്ത യുവാവാണ് ആക്രമണം നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കനേഡിയന്‍ മുസ്‌ലിം കൗണ്‍സില്‍(എന്‍.സി.സി.എം) പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ച് ഒമ്പതിന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. യുവതിയും അക്രമിയും ഒരേ കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. യുവതിക്ക് നേരെ നടന്നടുത്ത യുവാവ് ഇസ്‌ലാമിനെക്കുറിച്ചും ഹിജാബിനെക്കുറിച്ചും മോശമായി സംസാരിച്ചെന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് മൊഴി നല്‍കി.

‘ഞാന്‍ എന്റെ സുഹൃത്തുക്കളെ കാണാനായി സ്പാടിന സ്റ്റേഷനിലേക്ക് പോവുമ്പോഴാണ് എനിക്കെതിരെ ആക്രമണമുണ്ടായത്. ആദ്യം അയാള്‍ എന്റെ അടുത്തേക്ക് വന്ന് എന്റെ മതത്തെക്കുറിച്ചും ഹിജാബിനെക്കുറിച്ചും വളരെ മോശമായി സംസാരിച്ചു. എന്തിനാണ് ഹിജാബ് ധരിക്കുന്നതെന്നും ആരെങ്കിലും നിന്റെ തലക്കടിച്ച് ഹിജാബ് അഴിച്ചുകൊണ്ടുപോയാല്‍ നീയെന്ത് ചെയ്യുമെന്നൊക്കെ അയാള്‍ ചോദിച്ചു.

പിന്നീട് നിന്നെപ്പോലെയുള്ള ആളുകളെയൊക്കെ ഞങ്ങള്‍ എന്താണ് ചെയ്യുകയെന്നറിയണോ എന്നും പറഞ്ഞ് അയാള്‍ ബാഗില്‍ നിന്നും കത്തിയെടുത്തു. ഇതുകണ്ട് ഞാന്‍ ട്രെയിന്‍ നിര്‍ത്തിയതും കോച്ചില്‍ നിന്ന് ഇറങ്ങിയോടി,’ യുവതി പറഞ്ഞതായി കനേഡിയന്‍ കൗണ്‍സിലിനെ ഉദ്ധരിച്ച് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു.

അക്രമത്തെ അപലപിച്ച എന്‍.സി.സി.എം വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘കനേഡിയന്‍ മുസ്‌ലിം യുവതിക്ക് നേരിടേണ്ടി വന്ന ദുരന്തത്തെ മുസ്‌ലിം കൗണ്‍സില്‍ ശക്തമായി അപലപിക്കുന്നു. ഇത് ആദ്യമായല്ല ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെ പൊതു ഇടങ്ങളില്‍ അക്രമങ്ങളുണ്ടാവുന്നത്. ഇസ്‌ലാമോഫോബിയയുടെ ഭാഗമാണിത്.

മിക്ക കാനഡക്കാര്‍ക്കും കടന്ന് ചെല്ലാവുന്ന പൊതു ഇടങ്ങള്‍ മുസ്‌ലിങ്ങള്‍ക്കും വെള്ളക്കാരല്ലാത്തവര്‍ക്കും കടന്ന് ചെല്ലാന്‍ പറ്റാത്ത സ്ഥലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ പൊതുജനങ്ങള്‍ ഒരുമിക്കേണ്ടതുണ്ട്. മെട്രോ സ്റ്റേഷനിലെ അക്രമിയെ പൊലീസ് എത്രയും വേഗം കണ്ടെത്തണം, അയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ എന്‍.സി.സി.എം പ്രസ്താവനയില്‍ പറഞ്ഞു.

Content Higglight: Muslim women attack on metro railway station in canada