| Sunday, 11th September 2016, 7:30 pm

മുത്വലാഖ് മതവിരുദ്ധം; ഇന്ത്യന്‍ ശരിഅത്ത് നിയമം ഭേദഗതി ചെയ്യണമെന്ന് മുസ്‌ലിം വനിതാ സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമിക നിയമത്തിനും വിശുദ്ധ ഖുര്‍ആനിനും വിരുദ്ധമായതിനാല്‍ മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലാന്‍ അനുവദിക്കുന്ന ശരിഅത്ത് നിയമം ഭേദഗതി ചെയ്യണമെന്നാണ് മുസ്‌ലിം വനിതാ സംഘടനകള്‍ ആവശ്യപ്പെടുന്നത്.


കോഴിക്കോട്: ഇന്ത്യന്‍ ശരിഅത്ത് നിയമത്തിലെ മുത്വലാഖക് മതവിരുദ്ധമാണെന്ന് വിവിധ മുസ്‌ലിം വനിതാ സംഘടനകള്‍. ഇസ്‌ലാമിക നിയമത്തിനും വിശുദ്ധ ഖുര്‍ആനിനും വിരുദ്ധമായതിനാല്‍ മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലാന്‍ അനുവദിക്കുന്ന ശരിഅത്ത് നിയമം ഭേദഗതി ചെയ്യണമെന്നാണ് മുസ്‌ലിം വനിതാ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

മുത്വലാഖിനെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ മുത്വലാഖിനെ അനുകൂലിച്ച് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരുന്നു.

ജമാഅത്ത് ഇസ്‌ലാമിയുടെ വനിതാ വിദ്യാര്‍ഥി സംഘടനയായ ജി.ഐ.ഒയുടെ പ്രസിഡന്റ് പി. റുക്‌സാന മുത്വലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സ്വീകരിച്ച നിലപാടിന് വിരുദ്ധമായി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഭൂതകാലത്തിലെങ്ങോ ജീവിച്ച ബിരിയാണിയിലെ കലന്തന്‍ ഹാജിയെക്കുറിച്ച്, അയാളുടെ നാലുകെട്ടിനെക്കുറിച്ച് അയാള്‍ കുഴിച്ചുമൂടിയ ദമ്മ് പൊട്ടിക്കാത്ത ബിരിയാണിയെ കുറിച്ചും ഒരു എഴുത്തുകാരന്‍ കഥയെഴുതിയപ്പോള്‍ അമര്‍ഷപ്പെട്ട സഹോദരങ്ങളെന്തേ ഭാവിയിലും തുടരാവുന്ന വാട്ട്‌സ്ആപ്പ് മെസേജ് വഴിയോ ഫേസ്ബുക് വഴിയോ അല്ലെങ്കില്‍ ഒരു വോയ്‌സ് ക്ലിപ്പ് വഴിയോ വന്ന “നിന്നെ ഞാന്‍ മൂന്നും ചൊല്ലി ” എന്ന നിയമസാധുത വഴി ഇനിയും പകച്ച് പോയേക്കാവുന്ന മുസ്‌ലിം സ്ത്രീ ജന്മങ്ങളെക്കുറിച്ച് അലോസപ്പെടാത്തതെന്ന് റുക്‌സാന ചോദിക്കുന്നു.

അതേസമയം കൂടുതല്‍ കടുത്ത നിലപാടുമായാണ് മുജാഹിദ് ഹുസൈന്‍ മടവൂര്‍ വിഭാഗത്തിലെ വനിതാ സംഘടനയായ എം.ജി.എമ്മിന്റെ സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് രംഗത്തെത്തിയത്. മുത്വലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ മുത്വലാഖിനനുകൂലമായി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സ്വീകരിച്ച നിലപാടിനെതിരെ കോടതിയില്‍ കക്ഷി ചേരുമെന്നാണ് ഖദീജ നര്‍ഗീസ് സംഘടനാ തീരുമാനമായി വെളിപ്പെടുത്തിയത്.


മുസ്‌ലിം ശരിഅത്ത് ആക്ട് മതപരമായ കാര്യമാണെന്നും അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നുമാണ് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ വാദം. മുസ്‌ലിം വനിതാ സംഘടനകള്‍ തന്നെ മുത്വലാഖ് വിഷയത്തില്‍ ശരിഅത്ത് ആക്ടിനെതിരായി രംഗത്തെത്തിയതോടെ വിഷയത്തില്‍ കോടതിക്ക് ഇടപെടലിനും ഇന്ത്യന്‍ ശരിഅത്ത് ആക്ട് പരിഷ്‌ക്കരിക്കണെമെന്നുള്ള ആവശ്യത്തിനും കൂടുതല്‍ ശക്തി കൈവരികയാണ്.

മുസ്‌ലിം ലീഗിന്റെ വനിതാ വിദ്യാര്‍ഥി സംഘടനയായ ഹരിതത്തിന്റെ നേതാവ് അഡ്വ. ഫാത്തിമ തഹ്‌ലിയയും സമാന നിലപാട് ഉയര്‍ത്തുന്നുണ്ട്. വെള്ളപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ ചെയ്യാവുന്ന ഒന്നല്ല ത്വലാഖ്. ഒരു കുടുംബത്തെ തന്നെ ഇല്ലാതാകുന്ന, കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അപലപനീയമായ പ്രവര്‍ത്തിയാണ് ത്വലാഖ്. രഞ്ജിപ്പിന്റെയും ഒത്തുതീര്‍പ്പിന്റെയും വഴി അടയുമ്പോള്‍ മാത്രമേ ത്വലാഖ് ഒരു ഉത്തരമാകുന്നുള്ളു. വീണ്ടുവിചാരം വരുമ്പോള്‍ ത്വലാഖ് റദ്ദ് ചെയ്ത് ഒരുമയോടെ ജീവിക്കുന്നത് തന്നെയാണ് ഉത്തമം. ഈ സാദ്ധ്യതകളെല്ലാം അടച്ചു കളയും എന്നതിനാല്‍ മുത്വലാഖ് നിരോധിക്കപ്പെടേണ്ടത് തന്നെയാണെന്ന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഫാത്തിമ തഹ്‌ലിയ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ ശരിഅത്ത് ആക്ടിലെ മുത്വലാഖിനെ കുറിച്ചുള്ള ഭാഗം ഭേദഗതി ചെയ്യണമെന്നുതന്നെയാണ് ഫാത്തിമ തഹ്‌ലിയയുടേയും നിലപാട്. ഈ ഫേസ്ബുക്ക് പോസ്റ്റ് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ലൈക്ക് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഫാത്തിമ തഹ്‌ലിയയുടേയും സമാന നിലപാടുള്ള മറ്റ് വനിതാ നേതാക്കളുടേയും നിലപാടിനെതിരെ ഇന്ത്യന്‍ ശരിഅത്ത് നിയമത്തെ അനുകൂലിക്കുന്നവരില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയരുന്നത്. മതനിയമം മാറ്റുന്നു എന്നൊക്കെയുള്ള മുറവിളികളാണ് ഇവര്‍ക്കെതിരെ ഉയരുന്നത്.


സുന്നി വിഭാഗങ്ങളൊഴികെ മറ്റ് സംഘടനകള്‍ക്ക് മുത്വലാഖ് അനിസ്‌ലാമികമെന്ന നിലപാടാണുള്ളത്. എന്നാല്‍ സമുദായത്തിന്റെ ഐക്യം പരിഗണിച്ച് തങ്ങളത് പുറത്ത് പറയാറില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ വനിതാ സംഘടനകളുടെ കടുത്ത നിലപാടോടുകൂടി ഈ വിഷയത്തിലെ ഭിന്നത് മറനീക്കി പുറത്തുവരികയാണ്.

പതിവില്‍ നിന്ന് വ്യത്യസ്തമായി മുത്വലാഖ് വിഷയത്തില്‍ കോടതിയെ സമീപിക്കാനുള്‍പ്പെടെ മുസ്‌ലിം വനിതാ സംഘടനകള്‍ തയ്യാറാകുന്നതോടുകൂടി ഇന്ത്യന്‍ ശരിഅത്ത് നിയമം ഖുര്‍ആനും കാലത്തിമുമനുസരിച്ച് മാറ്റത്തിന് വിധേയമാക്കേണ്ടതുണ്ടെന്ന വാദത്തിനാണ് കൂടുതല്‍ അംഗീകാരമുണ്ടാകുന്നത്.

മുത്തലാഖ് നിലനില്‍ക്കുന്നതിനാലാണ് മുസ്‌ലീം സ്ത്രീകള്‍ ചുട്ടു കൊല്ലപ്പെടാതിരിക്കുന്നതെന്ന മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വാദം ആവര്‍ത്തിക്കുക തന്നെയാണ് കേരളത്തിലെ സുന്നി സംഘടനകള്‍.

നേരത്തെ ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിലനിര്‍ത്തണമെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നിലപാട് അറിയിച്ചത്.

മുത്വലാഖ് എന്നത് മുസ്‌ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്നും വ്യക്തി നിയമത്തില്‍ മാറ്റം വരുത്തുന്നതിനും ഇടപെടലുകള്‍ നടത്തുന്നതിനും കോടതിക്ക് അധികാരമില്ലെന്നും ഭരണഘടനാ അനുവാദത്തോടെയാണ് രാജ്യത്ത് വ്യക്തി നിയമം നിലനില്‍ക്കുന്നത്. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

We use cookies to give you the best possible experience. Learn more