സ്ത്രീവിരുദ്ധതയില്‍ ഒന്നിക്കുന്ന മുസ്‌ലിം സംഘടനകളും സമുദായം നല്‍കേണ്ട വിലകളും
News of the day
സ്ത്രീവിരുദ്ധതയില്‍ ഒന്നിക്കുന്ന മുസ്‌ലിം സംഘടനകളും സമുദായം നല്‍കേണ്ട വിലകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd October 2016, 5:46 pm

നിലവിലുള്ള വ്യക്തി നിയമത്തില്‍ ഉള്ള അപാകതകള്‍ ചൂണ്ടിക്കാട്ടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിന് പ്രതികരണമായി ലഭിക്കുക മതനിയമങ്ങളുടെ അടിസ്ഥാനത്തിലാണോ ഐ.പി.സിയുടെ അടിസ്ഥാനത്തിലാണോ ചോദ്യം ഉന്നയിക്കുന്നതെന്ന മറു ചോദ്യമായിരിക്കും. മതപരമായ ചര്‍ച്ചകളില്‍ സംശയങ്ങള്‍ ഉന്നയിക്കുന്നവരുടെ  നാവടക്കാന്‍ ഉപയോഗിക്കുന്ന അതേ തന്ത്രം. പലരും അതോടെ നിശബ്ദരാകും. എന്നാല്‍ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഇത്തരം കുയുക്തികളിലൂടെയല്ല, തികച്ചും സുതാര്യവും ന്യായവുമായ മറുപടി നല്‍കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.


മീഡിയാ വണ്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത “കേരളാ സമ്മിറ്റ്” എന്ന പ്രോഗ്രാമില്‍ യൂണിഫോം സിവില്‍ കോഡിനെക്കുറിച്ച് മുഹമ്മദ് ത്വയ്യിബ് ഹുദവി, സോളിഡാരിറ്റി നേതാവ് ടി. മുഹമ്മദ് വേളം, നിസ പ്രസിഡന്റ് വി.പി സുഹറ, ബി.ജെ.പി നേതാവ് ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വക്കേറ്റ് സജി എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയാണ് ഈ കുറിപ്പിനു ആധാരം. ഏക സിവില്‍ കോഡ് നടപ്പിലാക്കേണ്ട പ്ലാറ്റ്‌ഫോം ഏതെന്നായിരുന്നു ചര്‍ച്ച.

ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍  സക്കീനയെന്ന വിവാഹമോചിതയായ മുസ്‌ലിം സ്ത്രീ ഉന്നയിച്ച ചോദ്യങ്ങളും അതിനു ലഭിച്ച ഉത്തരങ്ങളും ചില ആലോചനകളിലേക്ക് കൊണ്ടുപോകുന്നുണ്ട്. നന്നേചെറുപ്പത്തിലേ വിവാഹം കഴിച്ച് കൊടുക്കപ്പെടുകയും വളരെ കുറഞ്ഞ സമയത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം കാരണമെന്തെന്ന് പോലും വ്യക്തമാക്കാതെ  ഒഴിവാക്കപ്പെട്ടവളുമാണ് സക്കീന. കുടുംബം പുലര്‍ത്തുവാനായി മിഠായിത്തെരുവില്‍ ജോലി ചെയ്യുകയാണ് അവര്‍.

uniform-civil-code

യഥാര്‍ത്ഥത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കണോ, നടപ്പാക്കാന്‍ പാടില്ലെങ്കില്‍ എന്തുകൊണ്ട്, നടപ്പാക്കുകയാണെങ്കില്‍ ഏത് രീതിയില്‍ എന്നിങ്ങനെയുള്ള വളരെ പ്രസക്തമായ ചോദ്യങ്ങള്‍ ആണ് ആ ചര്‍ച്ച മുന്നോട്ട് വെച്ചതെങ്കിലും മുസ്‌ലിം വിവാഹമോചനനിയമത്തിലെ പിഴവുകളിലേക്ക് ചര്‍ച്ച ഒതുങ്ങിപ്പോയി.

വ്യക്തിനിയമങ്ങള്‍ വിവാഹം, വിവാഹ മോചനം, രക്ഷാകര്‍തൃത്വം, പിന്തുടര്‍ച്ചാവകാശം, സ്വത്തുപങ്കുവെക്കല്‍, ദത്തെടുക്കല്‍ എന്നിങ്ങനെ നിരവധി മേഖലകളെ സ്പര്‍ശിക്കുന്നതാണ്. നമുക്ക് ഏക സിവില്‍ കോഡിന്റെ ആവശ്യകതയെച്ചൊല്ലി ചര്‍ച്ച ചെയ്യുന്നതിനായി തല്‍ക്കാലം സക്കീനയുടെ കേസ് ഉദാഹരണമായി എടുക്കാം.

യാതൊരു നഷ്ട പരിഹാരമോ മാസച്ചെലവോ ലഭിക്കുന്നില്ലെങ്കിലും താന്‍ പത്തു വര്‍ഷം മുമ്പ് മൊഴി ചൊല്ലപ്പെട്ടത് എന്തിനാണെന്നെങ്കിലും അറിയണമെന്നാണ് സക്കീനയുടെ ആവശ്യം. മൂന്നു പേപ്പറുകളിലായി തന്നെ ഉപേക്ഷിച്ചിരിക്കുന്നു എന്നു മാത്രം എഴുതിയിരിക്കുന്നത് നിയമപ്രകാരം എങ്ങനെ സാധുവാകുന്നു എന്നവര്‍ ചോദിക്കുന്നു. അങ്ങനെ സാധുവാകുമെങ്കില്‍ ആ നിയമം റദ്ദ് ചെയ്യപ്പെടേണ്ടതാണ് എന്നവര്‍ വാദിച്ചു.

ഒറ്റയിരുപ്പില്‍ മൂന്നു പ്രാവശ്യം മൊഴി ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നതിനെയാണ് മുത്വലാഖ് എന്നു പറയുന്നത്. വിവാഹ സമയത്ത് സ്ത്രീയുടെ പിതാവും പുരുഷനുമായി നടത്തുന്ന ഉടമ്പടിയില്‍ ഖാസിയുടെ മധ്യസ്ഥത ഉണ്ടാകാറുണ്ടെങ്കിലും വിവാഹ മോചന സമയത്ത് അത്തരം നിഷ്‌കര്‍ഷകളൊന്നും ആരും പാലിക്കാറില്ല.

വാട്ട്‌സ്ആപ്പിലൂടെയും ഫോണിലൂടെയും വരെ ബന്ധം വേര്‍പെടുത്തുന്ന വിരുതന്‍മാരുണ്ട്. മിക്കപ്പോഴും സ്ത്രീക്ക് താന്‍ എന്തു കൊണ്ട് ഒഴിവാക്കപ്പെടുന്നു എന്നറിയാന്‍ പോലും കഴിയുന്നില്ല. പലപ്പോഴും സ്ത്രീധനമായും മറ്റും ലഭിക്കുന്ന പണം ഉപയോഗിച്ച് സമ്പന്നനായ ശേഷമാവും ഇങ്ങനെ ഭാര്യയെ ഉപേക്ഷിക്കുക.

എന്നാല്‍ പുനര്‍വ്വിവാഹം വരെയോ, മരണം വരെയോ സ്ത്രീയെയും കുട്ടികളെയും സംരക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ ധാര്‍മ്മിക ബാധ്യതയെ അവഗണിക്കുകയാണ് മുത്വലാഖിനെ അനുകൂലിക്കാത്ത മുസ്‌ലിം സംഘടനകളും (മുത്വലാഖ് തികച്ചും ഇസ്‌ലാമികവും ന്യായവും ആണെന്ന് വിശ്വസിക്കുന്ന ഒരു പ്രബല വിഭാഗവും മുസ്‌ലീങ്ങള്‍ക്കിടയില്‍ ഉണ്ട് ) മത പണ്ഡിതരും നേതാക്കളും സാധാരണ ചെയ്യാറുള്ളത്.

kerala-summit

1986 ലെ മുസ്‌ലിം വനിതാ സംരക്ഷണനിയമം മുസ്‌ലിം ലീഗ് നേതാവ് ബനാത്ത് വാലയുടെയും മറ്റും നേതൃത്വത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിച്ചെടുത്തത് ഇതിന്റെ  ഉത്തമ ഉദാഹരണമാണ്. 1985 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച  ചരിത്രപ്രധാനമായ ഷാബാനു കേസ് വിധിക്ക് ശേഷം പാര്‍ലമെന്റ് പാസ്സാക്കിയ തികച്ചും സ്ത്രീവിരുദ്ധമായ നിയമം ആണത്.

പുനര്‍വ്വിവാഹം വരെയോ മരണം വരെയോ സ്ത്രീയെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ പുരുഷനെ ഒഴിവാക്കുന്നതായിരുന്നു ആ നിയമം. സ്ത്രീയെ സംരക്ഷിക്കുന്നതിനു പകരമായി മഹറിനോ സ്ത്രീധനത്തിനോ തുല്യമായ മത്താഗ് (മോചന ദ്രവ്യം )നല്‍കിയാല്‍ മതിയെന്ന് ആ നിയമം അനുശാസിക്കുന്നു.

ഈ നിയമം പാസ്സാക്കിയതിനെ തുടര്‍ന്നുണ്ടായേക്കാവുന്ന ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന ആരോപണം ഒഴിവാക്കാനായാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന തര്‍ക്കഭൂമിയില്‍ ശിലാന്യാസത്തിന് അനുവാദം കൊടുക്കാന്‍ അന്നത്തെ പ്രധാന മന്ത്രി  രാജീവ് ഗാന്ധി നിര്‍ബന്ധിതനായെന്ന കാര്യം മറക്കരുത്.

ഭര്‍ത്താവില്‍ നിന്നു പ്രതിമാസം തനിക്ക് ലഭിച്ചു വന്നിരുന്ന 200 രൂപ തുടര്‍ന്നും ലഭിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് 1978 നവംബറില്‍ 62 കാരിയായ ഷാബാനു  ബീഗം കോടതിയെ സമീപിച്ചത്. കൂടുതല്‍ ചെറുപ്പക്കാരിയായ മറ്റൊരു ഭാര്യ കൂടി ഉണ്ടായിരുന്ന അഹമ്മദ് ഖാന്‍ എന്ന അവരുടെ ഭര്‍ത്താവ് ആ ബാധ്യതയില്‍ നിന്നു ഒഴിവാകാനായി ഷാബാനുവിനെ മൊഴി ചൊല്ലി.

ആ തര്‍ക്കം സുപ്രീം കോടതി വരെ എത്തുകയും സുപ്രീം കോടതി ഷാബാനൂബീഗത്തിന് പ്രതിമാസം 500 രൂപ വീതം ചെലവിന് കൊടുക്കാന്‍ വിധിക്കുകയും ചെയ്തു. കേസ് പരിഗണിക്കുന്ന വേളയില്‍ ഖുറാന്‍ വിവാഹമോചിതയ്ക്ക് നല്‍കേണ്ട അവകാശങ്ങളെപ്പറ്റി വ്യക്തമായി പറയുന്നുണ്ടല്ലോ എന്ന ഖുറാന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ച് കൊണ്ട് തന്നെ കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.(സൂക്തം 2:241)

എന്നാല്‍ ഷാബാനു ബീഗം കേസിനെതിരായി വാദിക്കുന്നവര്‍ പറയുന്നത് കേവലം 500 രൂപ മാസം തോറും ചെലവിന് ലഭിക്കുന്നതിനേക്കാള്‍ പ്രയോജനകരം 1986 ലെ മുസ്‌ലിം വനിതാ സംരക്ഷണ നിയമമാണെന്നും അതിന്‍പ്രകാരം വിവാഹമോചിത ആയ സ്ത്രീക്ക് മത്താഗ് ആയി ലക്ഷക്കണക്കിന് രൂപ കിട്ടും എന്നുമാണ്. ഇത് വലിയൊരു തെറ്റിദ്ധരിപ്പിക്കലാണ്.

മുസ്‌ലിം വനിതാ സംരക്ഷണ നിയമ പ്രകാരം  ഇദ്ദ (ഭര്‍ത്താവിന്റെ മരണ ശേഷമോ, വിവാഹ മോചന ശേഷമോ മുസ്‌ലിം സ്ത്രീ അനുഷ്ഠിക്കേണ്ട മറയിരിക്കല്‍, ഏതാണ്ട് 90 ദിവസം)കാലാവധിക്കു ശേഷം വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ചെലവിന് നല്‍കുന്നതില്‍ നിന്ന് ഭര്‍ത്താവിനെ ഒഴിവാക്കിക്കൊടുക്കുകയാണ് ആ നിയമം ചെയ്തത്. ഈ നിയമ പ്രകാരം മോചനദ്രവ്യമായി മഹറിനോ (പെണ്‍പണം ) സ്ത്രീധനത്തിനോ തുല്യമായ തുക നല്‍കിയാല്‍ മതി.

talaq

ഭാര്യക്ക് പൂര്‍വ്വാര്‍ജ്ജിതമായ സ്വത്തില്‍ (കിന്‍ത്വാര്‍) നിന്ന് ഒരു ചില്ലി പോലും എടുക്കാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. ഖുറാനിലെ രണ്ടാമദ്ധ്യായം 228,233,236,237,241 എന്നിവയെല്ലാം വിവാഹമോചിതയായ സ്ത്രീകളോട് അന്യായം പ്രവര്‍ത്തിക്കരുത് എന്നുറപ്പിച്ചു പറയുന്നു.

“വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിത വിഭവമായി നല്‍കേണ്ടതാണ്, ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രേ” എന്നു ഖുറാനിലെ അല്‍ബക്കറ എന്ന അദ്ധ്യായത്തിലെ 241ആം സൂക്തം വ്യക്തമായിത്തന്നെ അനുശാസിക്കുന്നുണ്ട്. സൂറത്തു നിസ്സായില്‍ വിവാഹമോചിത ആയ സ്ത്രീയോട് അധര്‍മ്മം പ്രവര്‍ത്തിക്കരുതെന്ന് കടുത്ത ഭാഷയില്‍ തന്നെ ഖുറാന്‍ ആജ്ഞാപിക്കുന്നു.

സ്ത്രീധനവും മഹറും പൊതുവേ കുടുംബത്തിന് വേണ്ടി ചെലവഴിക്കപ്പെടുന്ന കേസുകളില്‍, സ്ത്രീകള്‍ക്ക് മോചനദ്രവ്യം ആയി ലഭിക്കുന്നത് ശരിക്കും കിന്‍ത്വാര്‍ (പൂര്‍വ്വാര്‍ജ്ജിത സ്വത്ത് )തന്നെയാണ്. അങ്ങനെ അവര്‍ക്ക് ലഭിക്കുന്ന മോചനദ്രവ്യം അവരുടെ തന്നെ പണമാകുന്നു. അത് മത്താഗ് ആയി പരിഗണിക്കുന്നതു തികഞ്ഞ അനീതിയല്ലേ? മാത്രമല്ല  ഭര്‍ത്താവിന് മുന്‍ഭാര്യയുടെയോ അതില്‍ തനിക്കുണ്ടായ മക്കളുടെയോ ചെലവ് നടത്താന്‍ യാതൊരു ബാധ്യതയുമില്ലേ?

വിവാഹ മോചിതയ്ക്ക് ന്യായയുക്തമായ നഷ്ടപരിഹാരം ലഭിക്കാന്‍ മത നേതൃത്വങ്ങള്‍ മുന്‍കയ്യെടുക്കേണ്ടതല്ലേ? പക്ഷേ ഖുറാന്‍ പലവുരു അനുശാസിക്കുന്നതില്‍ നിന്നു വിരുദ്ധമായി ഇത്തരമൊരു ഒഴികഴിവിന് പുരുഷന് അവസരമൊരുക്കുകയാണ് ആ നിയമം ചെയ്യുന്നത്. സ്ത്രീധനം ഇസ്‌ലാമിക വിരുദ്ധമാകയാല്‍ മഹറിന് തുല്യമായ തുകയാണ് കോടതികള്‍ പോലും അനുവദിക്കുക.

2000 ല്‍ കൊല്‍ക്കത്ത ഹൈക്കോടതി, കീഴ്‌ക്കോടതി വിധിച്ച 2500 രൂപ മോചനദ്രവ്യം എന്ന വിധി റദ്ദാക്കി മഹറായ 2500 രൂപ +800 രൂപ പ്രതിമാസ ചെലവ് എന്ന് വിധിച്ചിരുന്നു. സ്ത്രീധനം വാങ്ങി എന്ന് തെളിയിക്കാന്‍ സ്ത്രീകള്‍ക്ക്  പലപ്പോഴും കഴിയാറില്ല. അത് കൊണ്ട് മഹറായി ലഭിച്ച പണം മാത്രമേ ഈ നിയമപ്രകാരം സ്ത്രീക്ക് ലഭിക്കൂ. അതാവട്ടെ പലപ്പോഴും നാമമാത്രവും. അപ്പോള്‍ എങ്ങനെയാണ് സ്ത്രീക്ക് വന്‍തുക നഷ്ടപരിഹാരമായി ലഭിക്കുക?

എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി  വിവാഹ മോചിതയ്ക്ക് ചെലവിന് നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് 1993 ല്‍ മുംബൈ ഹൈക്കോടതിയും 2000 ല്‍ ഷക്കീല പര്‍വീണ്‍ കേസില്‍ കല്‍ക്കട്ട ഹൈക്കോടതിയും വിധിച്ചിട്ടുണ്ട്. 2015ല്‍ സുപ്രീം കോടതി ഈ വനിതാ സംരക്ഷണ(?) നിയമ പ്രകാരം ഉള്ള മോചനദ്രവ്യം മാത്രമല്ല സി.ആര്‍.പി.സി സെക്ഷന്‍ 125 പ്രകാരം പ്രതിമാസ ചെലവിന് കൂടി മുസ്‌ലിം സ്ത്രീക്ക് അര്‍ഹത ഉണ്ടെന്ന് വിധിച്ചിട്ടുണ്ട്.

അത് പ്രകാരം 4000 രൂപ ആണ് മാസച്ചെലവിനായി കോടതി വിധിച്ചത്. അത് പോലും എത്ര ചെറിയ തുകയാണ്? അതുകൊണ്ട് തന്നെ സി.ആര്‍.പി.സി സെക്ഷന്‍ 125 ആണ് മുസ്‌ലിം സ്ത്രീകള്‍ക്ക് കുറച്ചെങ്കിലും ആശ്വാസകരമായത് എന്നു പറയേണ്ടി വരുന്നു. അത് കിന്‍ത്വാര്‍, മഹര്‍ സ്ത്രീധനം എന്നിവ അടങ്ങുന്ന മോചന ദ്രവ്യം കൂടാതെ പ്രതിമാസം നിശ്ചിത തുക വിവാഹ മോചിത ആയ മുസ്‌ലീം സ്ത്രീക്ക് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇവിടെ സക്കീന നേരിട്ട രണ്ട് അനീതികളുണ്ട്. ഒന്ന് അവരുടെ അറിവോ സമ്മതമോ കൂടാതെ അവരെ മൊഴി ചൊല്ലി. അത് ഐ.പി.സി പ്രകാരമോ ഇസ്‌ലാമിക നിയമ പ്രകാരമോ ശരിയല്ല. രണ്ടാമത്തേത് അവര്‍ക്ക് മോചനദ്രവ്യമോ മെയിന്റനന്‍സോ ലഭിച്ചില്ല. അത് ഐ.പി.സിയുടെ കുഴപ്പമാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം മത പണ്ഡിതനും സോളിഡാരിറ്റി നേതാവും പറഞ്ഞത്. എന്നാല്‍ ഇസ്‌ലാമിക ശരീഅത്ത് പ്രകാരം പ്രതിമാസം ചെലവിന് ലഭിക്കുന്നതിന് (അങ്ങനെയൊരു സാധ്യത ഇല്ല, മത്താഗ് മാത്രമേ ഉള്ളൂ ) എന്തു ചെയ്യണമെന്ന ചോദ്യത്തിന് നിങ്ങള്‍ വനിതാ സംരക്ഷണ നിയമ പ്രകാരമാണോ കേസ് ഇട്ടത്? എന്ന ചോദ്യത്തിലുടെ ഒഴിയുകയാണ് അവര്‍ ചെയ്തത്.

muslim-personal-law-board

ഇസ്‌ലാമിക ശരീയത്ത് പ്രകാരം മെയിന്റനന്‍സ് നല്‍കാനേ പാടില്ല എന്ന് ശഠിക്കുകയും അതേ സമയം തന്നെ അങ്ങനെ നല്‍കാന്‍ വ്യവസ്ഥയുള്ള ഐ.പി.സി കാരണമാണ് ചെലവിന് കിട്ടാത്തതെന്ന് വാദിക്കുകയും ചെയ്യുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

ആ സാധു സ്ത്രീ ആകട്ടെ പത്ത് വര്‍ഷം മുന്‍പ് തന്നെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രാണേശ്വരനില്‍ നിന്ന് പണം വാങ്ങുന്നത് ശരിയല്ല എന്ന നിലപാട് എടുത്തത് അനുഭവിക്കുന്ന വിവേചനത്തിനിടയിലും മുസ്‌ലിം സ്ത്രീകള്‍ ഇസ്‌ലാമിനോടും ഭര്‍ത്താവിനോടും പുലര്‍ത്തുന്ന കൂറ് വെളിവാക്കി.

നിലവിലുള്ള വ്യക്തി നിയമത്തില്‍ ഉള്ള അപാകതകള്‍ ചൂണ്ടിക്കാട്ടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിന് പ്രതികരണമായി ലഭിക്കുക മതനിയമങ്ങളുടെ അടിസ്ഥാനത്തിലാണോ ഐ.പി.സിയുടെ അടിസ്ഥാനത്തിലാണോ ചോദ്യം ഉന്നയിക്കുന്നതെന്ന മറു ചോദ്യമായിരിക്കും. മതപരമായ ചര്‍ച്ചകളില്‍ സംശയങ്ങള്‍ ഉന്നയിക്കുന്നവരുടെ  നാവടക്കാന്‍ ഉപയോഗിക്കുന്ന അതേ തന്ത്രം. പലരും അതോടെ നിശബ്ദരാകും. എന്നാല്‍ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഇത്തരം കുയുക്തികളിലൂടെയല്ല, തികച്ചും സുതാര്യവും ന്യായവുമായ മറുപടി നല്‍കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഏതായാലും ആ ചര്‍ച്ചയില്‍ നിന്നും എനിക്ക് മനസ്സിലായത് ഇന്ത്യയില്‍ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമം തികച്ചും സ്ത്രീവിരുദ്ധവും ഇസ്‌ലാമിക വിരുദ്ധവും ആണെന്നാണ്.( ശരീഅത്ത് വിവാദം കത്തി നില്‍ക്കുന്ന കാലത്ത് ഖുര്‍ആന്‍ മുസ്‌ലിം വിവാഹമോചിതക്ക് നല്‍കേണ്ട അവകാശങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ടല്ലോ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് കോടതി ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ട എന്ന മറുപടിയാണ് ലഭിച്ചത് ).

വിവാഹ മോചനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സ്വത്തവകാശത്തിന്റെ കാര്യത്തിലും പിന്തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തിലുമെല്ലാം മുസ്‌ലിം സ്ത്രീകള്‍ വലിയ വിവേചനം അനുഭവിക്കുന്നുണ്ട്. ഏക സിവില്‍ കോഡ് എല്ലാ മതസ്ഥര്‍ക്കും തുല്യ നീതി ലഭിക്കുന്ന വിധത്തില്‍ നടപ്പിലാക്കിയാലേ ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കുകയുള്ളൂ.

ചര്‍ച്ചക്കിടെ അതില്‍ പങ്കെടുത്ത മത പണ്ഡിതന്‍ പറഞ്ഞത് പോലെ  നാല്‍പത്തിയേഴ് മുസ്‌ലിം രാഷ്ട്രങ്ങള്‍ ഉള്ളതില്‍ എവിടെയും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ശരീയത്ത് നിയമം പാലിക്കപ്പെടുന്നില്ല. അപ്പോള്‍ ഇന്ത്യയില്‍ മാത്രം ശരീഅത്ത് നിയമം അതും സ്ത്രീവിരുദ്ധമായ മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ മാത്രം ശരീഅത്ത് നടപ്പാക്കണം എന്ന് ശാഠ്യം പിടിക്കുന്നതെന്തിനാണ്?

സക്കീന തന്നെ ചോദിച്ചതു പോലെ, ക്രിമിനല്‍ കേസുകളില്‍ ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കണം എന്ന് മത നേതാക്കള്‍ ആവശ്യപ്പെടാത്തതെന്ത് കൊണ്ടാണ്? അതെല്ലാമവിടെ നില്‍ക്കട്ടെ. എന്റെ സംശയം ഇതാണ്
ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍, മുസ്‌ലിം എന്ന നിലയില്‍ ഇന്ന് നേരിടുന്ന അരക്ഷിതാവസ്ഥയ്ക്കും അസഹിഷ്ണുതക്കും ഗുജറാത്ത് കലാപം അടക്കമുള്ള കലാപങ്ങള്‍ക്കും  മൂലകാരണം ബാബരി മസ്ജിദ് തകര്‍ച്ച ആയിരുന്നു.

അതിന്റെ വേരുകള്‍ തേടിപ്പോയാല്‍  ശിലാന്യാസ പൂജയിലും ഷാബാനു ബീഗം കേസിലും തുടര്‍ന്നുണ്ടായ കോലാഹലങ്ങളിലും എത്തും. മുസ്‌ലിം സമൂഹം ഇത്രയേറെ കനത്ത വില നല്‍കിയത്, ഷാബാനു ബീഗം എന്ന വയോവൃദ്ധക്ക് കേവലം 500 രൂപ വീതം പ്രതിമാസം അഹമ്മദ് ഖാനെന്ന അവരുടെ ഭര്‍ത്താവ് ചെലവിന് നല്‍കാതിരിക്കാന്‍ വേണ്ടി ആയിരുന്നെന്നോ? ഇനിയും ഇത്തരം അനീതികള്‍ നില നിര്‍ത്തുവാന്‍ വേണ്ടി മുസ്‌ലിം സമൂഹം എത്ര രക്തം ചൊരിയേണ്ടി വരും!!!