| Wednesday, 8th July 2020, 7:21 pm

മുസ്‌ലിം യുവതി ഓര്‍ഡര്‍ ചെയ്ത കോഫിക്കുമേല്‍ ഐ.എസ് എന്ന് എഴുതി സ്റ്റാര്‍ബക്‌സ്; പരാതിയുമായി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സ്റ്റാര്‍ബക്‌സില്‍ നിന്നും കോഫി വാങ്ങിയ മുസ്‌ലിം സ്ത്രീക്ക് നേരെ അധിക്ഷേപം എന്നാരോപണം. അമേരിക്കയിലെ മിനിസോട്ടയിലുള്ള സ്റ്റാര്‍ബക്‌സില്‍ നിന്നും കോഫി ഓര്‍ഡര്‍ ചെയ്ത ആയിഷക്ക് ലഭിച്ച കോഫിയുടെ കപ്പിന് മേല്‍ എഴുതിയത് തീവ്രവാദ സംഘമായ ഐ.എസ്.ഐ.എസ് എന്ന പേരായിരുന്നു.

ഷോപ്പിലെ സ്റ്റാഫായ ഒരു സ്ത്രീ ഓര്‍ഡറിനായി തന്റെ പേരു ചോദിച്ചിരുന്നെന്നും എന്നാല്‍ ആയിഷ എന്ന പേര് ഐ.എസ്.ഐ.എസ് എന്നായി മാറിപ്പോയതാകാന്‍ വഴിയില്ലെന്നും ഇവര്‍ പറയുന്നു. പേര് താന്‍ പല തവണ ആവര്‍ത്തിച്ച് പറഞ്ഞിരുന്നെന്നും ആയിഷ എന്ന പേര് അത്ര പരിചയമില്ലാത്തതല്ലെന്നും യുവതി സി.എന്‍.എന്നിനോട് പറഞ്ഞു.

ഇതിനു പിന്നാലെ സംഭവത്തില്‍ മാനേജരോട് വിശദീകരണം ചോദിച്ചിരുന്നെന്നും എന്നാല്‍ പേരു കേട്ടപ്പോള്‍ പറ്റിയ തെറ്റാണെന്ന് പറയുകയും പുതിയ കോഫി നല്‍കുകയും 25 യു.എസ് ഡോളര്‍ ഗിഫ്റ്റ്കാര്‍ഡായി നല്‍കുകയുമാണ് ചെയ്തത്.

കപ്പിലെഴുതിയത് കണ്ടപ്പോള്‍ താന്‍ വളരെയധികം വിഷമത്തിലായെന്നും അപമാനിക്കപ്പെട്ടതായി തോന്നിയെന്നും ആയിഷ പറഞ്ഞു.

‘ ഈ യുഗത്തിലും ഇത് പോലൊന്ന് സ്വീകാര്യമായി കണക്കാക്കാം എന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല,’ ആയിഷ പറഞ്ഞു.

ആയിഷയുടെ ആരോപണം വന്നതിനു പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി മിനിസോട്ടയിലെ സ്റ്റാര്‍ബക്‌സ് രംഗത്തെത്തി.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയെന്നും മനപ്പൂര്‍വ്വമായി ചെയ്ത കാര്യമല്ലെന്നുമാണ് കമ്പനി വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more