| Sunday, 5th August 2018, 7:40 pm

മുസ്‌ലിം യുവതിയെ കയ്യേറ്റം ചെയ്ത് നിഖാബ് വലിച്ചു കീറാന്‍ ശ്രമം; പൊതുസ്ഥലത്ത് മുഖം മറച്ചെത്തിയതിന് പിഴ ചുമത്തി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ പൊതു സ്ഥലത്ത് മുഖം മറച്ചു സഞ്ചരിക്കരുതെന്ന വിവാദ നിയമം ലംഘിച്ചതിന് ആദ്യ പിഴ 28കാരിക്ക്. നിഖാബ് ധരിച്ചെത്തിയ യുവതിയെ മറ്റൊരു സ്ത്രീ കയ്യേറ്റം ചെയ്ത് മുഖാവരണം കീറിയെറിയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടന്ന തര്‍ക്കത്തിനൊടുവിലാണ് പൊതുസ്ഥലത്ത് മുഖം മറച്ച് പ്രത്യക്ഷപ്പെട്ടതിന് യുവതിക്ക് പിഴയൊടുക്കേണ്ടി വന്നത്.

ഇസ്‌ലാമിക നിയമങ്ങളെ എതിര്‍ക്കുന്നെന്ന പേരില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുള്ള നിയമം ആഗസ്ത് ഒന്നിനാണ് നിലവില്‍ വന്നത്.

മുഖം മറയ്ക്കുന്ന നിഖാബ് ധരിച്ച് ഹൊര്‍ഷൊല്‍മിലെ ഷോപ്പിംഗ് സെന്ററിലെത്തിയ യുവതിയെ മറ്റൊരു സ്ത്രീ കടന്നു പിടിച്ച് മുഖാവരണം വലിച്ചു കീറാന്‍ ശ്രമിക്കുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇരുവരും പരസ്പരം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ തങ്ങള്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നുവെന്ന് പൊലീസുദ്യോഗസ്ഥനായ ഡേവിഡ് ബോര്‍ക്കെര്‍സണ്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.


Also Read: ജോണ്‍ ലെനനെ കൊല്ലുമെന്നത് രണ്ടുമാസം മുമ്പ് അറിഞ്ഞിരുന്നു: കൊലപാതകിയുടെ ഭാര്യ


കയ്യേറ്റ ശ്രമത്തിനിടെ നിഖാബ് അഴിഞ്ഞുവീഴുകയും യുവതി അതു വീണ്ടും ധരിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു. യുവതി മുഖാവരണം ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ എടുത്ത പൊലീസ് ഷോപ്പിംഗ് സെന്ററിലെ സെക്യൂരിറ്റി ക്യാമറാ ദൃശ്യങ്ങളും പകര്‍ത്തി വാങ്ങി പരിശോധിച്ചതിനു ശേഷമാണ് പിഴ ചുമത്തിയത്.

ഇന്ത്യന്‍ രൂപ ഏകദേശം 10,500 രൂപയോളം പിഴ ചുമത്തുകയും, മുഖാവരണം മാറ്റുകയോ പൊതുസ്ഥലത്തു നിന്നും മാറുകയോ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതി നിഖാബ് മാറ്റാക്കാന്‍ കൂട്ടാക്കിയില്ലെന്നും തുടര്‍ന്ന് തിരികെ പോവുകയായിരുന്നുവെന്നും ബോര്‍ക്കെര്‍സണ്‍ മാധ്യമങ്ങളോടു പറഞ്ഞു.

മുഖം മുഴുവല്‍ മറയ്ക്കുന്ന ബുര്‍ഖയും കണ്ണുകള്‍ മാത്രം പുറത്തു കാണിച്ചുകൊണ്ടുള്ള നിഖാബും പൊതു സ്ഥലത്തു ധരിക്കുന്നത് ഇപ്പോള്‍ ആയിരം ക്രോണര്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് ഡെന്‍മാര്‍ക്കില്‍. ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ പിഴ 10,000 ക്രോണര്‍ വരെ ഉയരാം. മുഖം മുഴുവനായോ ഭാഗികമായോ മറയ്ക്കുന്ന മറ്റു വസ്ത്രങ്ങള്‍, മുഖംമൂടികള്‍ എന്നിവ ധരിക്കുന്നതും കുറ്റകരമാണ്.


Also Read: നാസികളില്‍ നിന്നും രക്ഷപ്പെട്ട നോബല്‍ ജേതാവ് എലി വീസലിന്റെ വീട്ടില്‍ സെമറ്റിക്ക് മതവിരുദ്ധരുടെ അതിക്രമം


എന്നാല്‍, പുതിയ നിയമഭേദഗതി സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നു കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. അതേസമയം മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് അനായാസേന ഡാനിഷ് സമൂഹത്തിന്റെ ഭാഗമായി മാറാന്‍ സഹായിക്കുന്ന നിയമമാണിതെന്നാണ് നിയമത്തെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്.

നിയമം നിലവില്‍ വന്ന ദിവസം മുസ്‌ലിം മതവിശ്വാസികളായവരും അല്ലാത്തവരുമായ 1,300 പേരാണ് കോപ്പന്‍ഹേഗനിലേക്ക് പ്രതിഷേധറാലി നടത്തിയത്. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more